നോട്ട് അസാധുവാക്കല്‍: ആഡംബര വീടുകള്‍ക്ക് വില കുറഞ്ഞേക്കും

നോട്ട് അസാധുവാക്കല്‍: ആഡംബര വീടുകള്‍ക്ക് വില കുറഞ്ഞേക്കും

 

ന്യൂഡെല്‍ഹി: 1,000, 500 നോട്ടുകള്‍ അസാധുവാക്കിയത് ആഡംബര വീടുകളുടെ വിലയില്‍ 25 മുതല്‍ 30 ശതമാനം വരെ കുറവുണ്ടാക്കിയേക്കുമെന്ന് മുന്‍നിര റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി ജെഎല്‍എല്‍ ഇന്ത്യ. ഈ സെഗ്മെന്റില്‍ വന്‍പണമിടപാടുകള്‍ നടക്കുന്നതാണ് ഇതിന് കാരണമായി ജെഎല്‍എല്‍ ചൂണ്ടിക്കാണിക്കുന്നത്.
കള്ളപ്പണം ഏറ്റവും കൂടുതല്‍ ഒഴുകുന്നത് ഈ വിപണിയിലാണെന്നുള്ള കാരണം കൊണ്ടു തന്നെ നോട്ട് അസാധുവാക്കല്‍ ഏറ്റവും കൂടുതല്‍ തിരിച്ചടിയാവുക റിയല്‍ എസ്‌റ്റേറ്റ് വിപണിക്കാകും.-ജെഎല്‍എല്‍ റെസിഡന്‍ഷ്യല്‍ സര്‍വീസ് സിഇഒ അശ്വീന്ദര്‍ രാജ് സിംഗ് വ്യക്തമാക്കി. അതേസമയം, വിപണിയില്‍ ഇടപാടുകള്‍ക്ക് പണം പ്രൈമറി വിപണിയേ അപേക്ഷിച്ച് മുഖ്യഘടകമായതിനാല്‍ സെക്കന്‍ഡറി വിപണി കനത്ത പ്രതിസന്ധി നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് കള്ളപ്പണം പൂര്‍ണമായും ഒഴിവാക്കുന്നതിനാണെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ മാസം എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ അസാധുവാക്കിയത്. എന്നാല്‍ നോട്ട് അസാധുവാക്കിയത് മുതല്‍ എല്ലാ മേഖലകളിലും കനത്ത പ്രതിസന്ധി തുടരുകയാണ്. പഴയ നോട്ട് അസാധുവാക്കിയതിന് പകരം പുതിയ നോട്ടുകള്‍ വിപണിയിലെത്തിച്ച് പണക്കുറവ് പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല.
ലക്ഷ്വറി ഹൗസിംഗ് വിപണിയില്‍ നിയമാനുസൃത പണമിടപാടുകള്‍ കുറഞ്ഞയളവില്‍ മാത്രമാണ് നടക്കുന്നതെന്നാണ് ജെഎല്‍എല്‍ ഇന്ത്യ വ്യക്തമാക്കുന്നത്. ഈ വിപണിയിലുള്ള പ്രോപ്പര്‍ട്ടികള്‍ക്ക് വന്‍ വിലയാണ് സാധാരണ ഈടാക്കുന്നത്. എന്നാല്‍, നിയമാനുസൃതമായി നടക്കുന്ന ഇടപാടുകള്‍ ചുരുക്കിക്കാണിച്ച് കള്ളപ്പണത്തിലൂടെ ബാക്കിയുള്ള ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നത് നോട്ട് അസാധുവാക്കലോടെ പ്രതിസന്ധിയിലായിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍. ലിക്വിഡിറ്റി പ്രശ്‌നം ഉടലെടുക്കുന്നതോടെ കമ്പനികള്‍ പ്രോപ്പര്‍ട്ടികള്‍ വില്‍ക്കുന്നതിന് നിര്‍ബന്ധിതരാവുകയും വിലയില്‍ കുറവ് വരുത്തുകയും ചെയ്യുമെന്നാണ് ജെഎല്‍എല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
അതേസമയം, മുന്‍നിര ഭവന നിര്‍മാതാക്കളുടെ പദ്ധതികള്‍ക്ക് നോട്ട് അസാധുവാക്കല്‍ തീരുമാനം അത്രബാധിച്ചേക്കില്ല. ഇത്തരം നിര്‍മാതാക്കള്‍ രാജ്യത്തെ മുന്‍നിര നഗരങ്ങളെ മാത്രം കേന്ദ്രീകരിച്ച് പദ്ധതികള്‍ നിര്‍മിക്കുകയും ഇവയുടെ ഉപഭോക്താക്കള്‍ ബാങ്ക് വായ്പാ സൗകര്യങ്ങളടക്കം ഉപയോഗപ്പെടുത്തുന്നവരുമായിരിക്കും. ഇതുകൊണ്ട് തന്നെ ഇവരുടെ ഇടപാടുകള്‍ പൂര്‍ണമായും നിയമാനുസൃതമായിരിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Comments

comments

Categories: Business & Economy