കോഴിക്കോട്: അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ എണ്ണം കൂട്ടണം

കോഴിക്കോട്:  അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ എണ്ണം കൂട്ടണം

 

കോഴിക്കോട്: അന്താരാഷ്ട്ര സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വലിയ ജെറ്റ് വിമാനങ്ങള്‍ക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് അംഗീകാരം നല്‍കുന്ന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഗ്രേറ്റര്‍ മലബാര്‍ ഇനിഷ്യേറ്റീവ്(ജിഎംഐ) ചെയര്‍മാനായ ഡോ.ആസാദ് മൂപ്പന്റ നേതൃത്വത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രി പി.അശോക് ഗജപതി രാജുവിന് നിവേദനം സമര്‍പ്പിച്ചു.

മേഖലയിലെ കയറ്റുമതിയും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുന്നതിന് കോഴിക്കോട് വിമാനത്താവളത്തിലെ അന്താരാഷ്ട്ര സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് മലബാറിന്റെ വികസനം ലക്ഷ്യമിട്ട് രൂപീകരിച്ച വ്യവസായികളുടെയും ആരോഗ്യമേഖലയിലെ പ്രൊഫഷണലുകളുടെയും പ്രമുഖ വ്യക്തികളുടെയും കൂട്ടായ്മയായ ഗ്രേറ്റര്‍ മലബാര്‍ ഇനിഷ്യേറ്റീവ്(ജിഎംഐ) നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര വ്യോമ ശൃംഖലയുമായി ബന്ധിപ്പിക്കാത്തതിനാല്‍ വലിയ ജെറ്റ് വിമാനങ്ങള്‍ക്ക് പ്രത്യേകിച്ചും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുവാദമില്ല. അടുത്തവര്‍ഷം മാര്‍ച്ചോടെ റണ്‍വേയുടെ അവസാനഘട്ട നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോഴിക്കോടിന്റെ സാമ്പത്തിക വികസനം അന്താരാഷ്ട്ര വ്യോമ ശൃംഖലയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ജിഎംഐ ചെയര്‍മാനായ ആസാദ് മൂപ്പന്‍ പറഞ്ഞു. അന്താരാഷ്ട്ര സര്‍വീസുകള്‍ പിന്‍വലിച്ചത് കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലെ യാത്രക്കാര്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് സാധനങ്ങള്‍ കയറ്റി അയയ്ക്കുന്ന കര്‍ഷകര്‍ക്കും കയറ്റുമതിരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇവിടത്തെ അപര്യാപ്തമായ കാര്‍ഗോ സംവിധാനം തടസമാകുന്നുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ചോടെ പൂര്‍ത്തീകരിക്കാനിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിജിസിഎയുടെ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) അംഗീകാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പിന്തുണ വേണമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ആസാദ് മൂപ്പന്‍ പറഞ്ഞു. എത്രയും പെട്ടെന്ന് ക്ലിയറന്‍സ് കിട്ടുമെന്നാണ് തങ്ങള്‍ പ്രതിക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

1988 ലാണ് 6000 അടി നീളമുള്ള റണ്‍വേയോടെ കോഴിക്കോട് വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചത്. നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ ഗള്‍ഫ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്കായി റണ്‍വേ 9380 അടിയായി വികസിപ്പിക്കുകയും ചെയ്തു. 2006 ല്‍ ഹജ്ജ് വിമാനങ്ങള്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര സര്‍വീസുകള്‍ ഇവിടെ നിന്നും സര്‍വീസ് നടത്തിയിരുന്നു. 2015 മെയ് മുതലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിമാനത്താവളത്തിലെ റണ്‍വേ ഭാഗികമായി അടച്ചത്.

Comments

comments

Categories: Branding

Write a Comment

Your e-mail address will not be published.
Required fields are marked*