ജെഎസ്ഡബ്ല്യു പത്തു ശതമാനം ഓഹരികള്‍ വില്‍ക്കും: ക്യാപ്റ്റന്‍ ശര്‍മ്മ

ജെഎസ്ഡബ്ല്യു പത്തു ശതമാനം  ഓഹരികള്‍ വില്‍ക്കും: ക്യാപ്റ്റന്‍ ശര്‍മ്മ

 
മുംബൈ: ഓഹരി വിപണി പ്രവേശനത്തിന് മുന്നോടിയായുള്ള വിപുലീകരണത്തിന്റെ ഭാഗമായി ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ പത്തു ശതമാനം ഓഹരികള്‍ വില്‍ക്കുമെന്ന് കമ്പനി സിഇഒ ക്യാപ്റ്റന്‍ ബിവി ജെകെ ശര്‍മ. സ്വകാര്യ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ഓഹരി കൈമാറി ധനം സമാഹരിക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
പണം മാത്രമല്ല കമ്പനിക്ക് ആവശ്യം. പുതിയ പങ്കാളിയില്‍ നിന്ന് തന്ത്രപരമായ നിക്ഷപങ്ങളും താല്‍പര്യപ്പെടുന്നു. ആഗോള കമ്പനികള്‍ക്കൊപ്പം നില്‍ക്കാന്‍ പാകത്തില്‍ വളരുന്നതിന് അത് ജെഎസ്ഡബ്ല്യുവിനെ തുണയ്ക്കും. തുറമുഖ പദ്ധതികളില്‍ നിക്ഷേപിച്ച് പരിചയമുള്ള പ്രൈവറ്റ് ഇക്വിറ്റികളെ കൂട്ടാളിയായി ലഭിച്ചാല്‍ നന്നായിരിക്കും- ശര്‍മ പറഞ്ഞു.
സമാഹരിക്കുന്ന തുകയില്‍ ഒരു ഭാഗം ബാധ്യതകള്‍ കുറയ്ക്കുന്നതിന് വിനിയോഗിക്കും. കമ്പനിക്ക് 1700 കോടിയോളം രൂപയുടെ ബാധ്യതയുണ്ട്. ഈ സാമ്പത്തിക വര്‍ഷം 650 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ധനകാര്യ വര്‍ഷത്തില്‍ അത് 500 കോടിയായിരുന്നു. ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗിനെ കുറിച്ച് ആലോചിക്കുന്നതിന് മുന്‍പ് നികുതിയും പലിശയുമൊക്കെ ഒഴിവാക്കിയ ശേഷമുള്ള വരുമാനം 1500 കോടിയിലെങ്കിലും എത്തിക്കേണ്ടതുണ്ട്. 2018 മാര്‍ച്ചിനും 2019നും ഇടയില്‍ ഓഹരി വിപണിയില്‍ പ്രവേശിക്കാനാണ് ശ്രമം. ആഗോള തലത്തിലെ വലിയ കണ്ടെയ്‌നര്‍ തുറമുഖങ്ങള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ പദ്ധതിയുണ്ട്. തുറമുഖങ്ങളില്‍ മൊത്തത്തില്‍ നിക്ഷേപിക്കാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടായേക്കില്ല. പോര്‍ട്ടിന്റെ ഒരു ഭാഗം തങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലാക്കുന്നതിലായിരിക്കും അവരുടെ ശ്രദ്ധ. അതിനോട് ജെഎസ്ഡബ്ല്യു തുറന്ന സമീപനമാണ് പുലര്‍ത്തുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുംബൈ ആസ്ഥാനമാക്കിയ ജെഎസ്ഡബ്ല്യു ഗ്രൂപ്പിനു കീഴിലെ ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ തുറമുഖം, റെയ്ല്‍, റോഡ് പദ്ധതികളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കമ്പനിയുടെ പോര്‍ട്ടില്‍ നിലവില്‍ 33 മില്ല്യണ്‍ ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്യുന്നു. വര്‍ഷാന്ത്യത്തില്‍ ഇത് 80 മില്ല്യണ്‍ ടണ്ണിലെത്തുമെന്നാണ് പ്രതീക്ഷ. 2020ഓടെ 200 മില്ല്യണ്‍കാര്‍ഗോ നീക്കം എന്ന ലക്ഷ്യവും അവര്‍ മുന്നില്‍വെയ്ക്കുന്നു. കണ്ടെയ്‌നര്‍ ബിസിനസ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന അന്താരാഷ്ട്ര പങ്കാളിയെ കണ്ടെത്താന്‍ പ്രൈസ്‌വാട്ടര്‍ഹൗസ്‌കൂപ്പേഴ്‌സിനെ ജെഎസ്ഡബ്ല്യു ചുമതലപ്പെടുത്തിയിട്ടുണ്ട്.

Comments

comments

Categories: Branding