സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്ന കരട് നയത്തെ സ്വാഗതം ചെയ്ത് വ്യവസായ മേഖല

സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്ന കരട് നയത്തെ സ്വാഗതം ചെയ്ത് വ്യവസായ മേഖല

 

ന്യൂഡെല്‍ഹി: സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടി കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം ആവിഷ്‌കരിച്ച കരട് നയത്തെ വ്യവസായ മേഖല സ്വാഗതം ചെയ്തു. കരട് നയത്തിന്മേല്‍ ഡിസംബര്‍ 9നകം അഭിപ്രായമറിയിക്കാന്‍ വ്യവസായ രംഗവുമായി ബന്ധപ്പെട്ടവരോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനമായും സ്റ്റാര്‍ട്ടപ്പിനാല്‍ നയിക്കപ്പെടുന്ന സ്ഥിരതയുള്ള സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്ന വ്യവസായം സൃഷ്ടിക്കുന്നതിനാണ് നയം ലക്ഷ്യംവയ്ക്കുന്നത്. കൂടാതെ 10,000ല്‍ അധികം ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളിലൂടെ നേരിട്ടും അല്ലാതെയും 3.5 മില്ല്യണ്‍ തൊഴിലുകള്‍ സാധ്യമാക്കാനും പദ്ധതിയുണ്ട്. ആഭ്യന്തര വിപണി പിടിച്ചെടുക്കുന്നതിന് നടപടികള്‍ മെച്ചപ്പെടുത്തുന്നതിനോടൊപ്പം സ്മാര്‍ട്ട്‌സിറ്റി, ഹെല്‍ത്ത്‌കെയര്‍, സ്മാര്‍ട്ട് അഗ്രിക്കള്‍ച്ചര്‍, ഇ-ലേണിംഗ് എന്നീ മേഖലകളില്‍ സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും നയം നിര്‍ദേശിക്കുന്നു. കൂടാതെ, തന്ത്രപ്രധാന മേഖലകളായ പ്രതിരോധം, അറ്റോമിക് എനര്‍ജി, സ്‌പേസ്, റെയ്ല്‍വെ, ടെലികമ്യൂണിക്കേഷന്‍, ഊര്‍ജ്ജം, ഹെല്‍ത്ത്‌കെയര്‍ എന്നിവയിലും തദ്ദേശീയമായ സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്നങ്ങള്‍ പ്രയോജനപ്പെടുത്താനും അതു ശുപാര്‍ശ ചെയ്യുന്നു.
ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനുള്ള രാജ്യത്തിന്റെ കഴിവ് പുറത്തു കൊണ്ടുവരണമെങ്കില്‍ മികച്ചൊരു നയം ആവശ്യമാണ്. ആഭ്യന്തര വിപണിയില്‍ സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്നങ്ങളുടെ വ്യാപാരത്തെ തടസപ്പെടുന്ന കാര്യങ്ങളെ നീക്കം ചെയ്യുന്നതിന് നയം പ്രധാന പങ്കു വഹിക്കും. മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും വസ്തുക്കള്‍ക്കും ഒപ്പമാണ് സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്നങ്ങളുടെ സ്ഥാനമെന്ന് തിരിച്ചറിയണം-ടാലി സൊലൂഷന്‍സിന്റെ സ്ഥാപകന്‍ ഭരത് ഗോയെങ്ക പറഞ്ഞു.
ഇന്ത്യയിലെ സോഫ്റ്റ്‌വെയര്‍ വ്യവസായത്തെ ഉത്തേജിപ്പിക്കുന്നതിന് പുതിയ നയം സഹായിക്കുമെന്ന് ന്യൂക്ലിയസ് സോഫ്റ്റ്‌വെയര്‍ എക്‌സ്‌പോര്‍ട്ട് സിഇഒ വിഷ്ണു ദുസാദ് വ്യക്തമാക്കി. സോഫ്റ്റ്‌വെയര്‍ സേവന മേഖലയുടെ ആദ്യ രണ്ട് ദശകങ്ങളിലെ വളര്‍ച്ചയ്ക്ക് സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി പാര്‍ക്ക്‌സ് ഓഫ് ഇന്ത്യ (എസ്ടിപിഐ) നയം സഹായിച്ചിട്ടുണ്ട്. ഫണ്ടിംഗ്, സ്റ്റോക് ഓപ്ഷനുകള്‍, ടാക്‌സേഷന്‍, ട്രേഡ് പ്രൊമോഷന്‍, ഗവേഷണം, വികസനം എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങളെല്ലാം പുതിയ നയത്തിന്റെ പരിധിയിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തിന് മുന്‍പില്‍ ഇന്ത്യക്ക് കുതിച്ചു ചാട്ടം അനിവാര്യമാണ്. രാജ്യത്ത് നിന്നുള്ള സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്നങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ പരിപോഷിപ്പിക്കുന്നതിന് നയം സഹായിക്കും. കൂടാതെ, ബിസിനസ് ചെയ്യുന്നതിനുള്ള സാഹചര്യം എളുപ്പമാക്കുകയും വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുകയും സര്‍ക്കാര്‍ നടപടികളെ ലളിതമാക്കുകയും ചെയ്യും-ഐസ്പിരിറ്റിലെ പങ്കാളിയായ നകുല്‍ സക്‌സേന പറഞ്ഞു.
വിപുലമായതും ഏറെ കൂടിയാലോചനകള്‍ക്കു ശേഷം രൂപംകൊടുത്തതുമാണ് പുതിയ നയം. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുക മാത്രമല്ല ഗവേഷണം, വികസനം, വിപണി ലഭ്യത, സര്‍ക്കാര്‍ നടപടികള്‍ എന്നിവയെക്കുറിച്ചെല്ലാം ഇത് ചര്‍ച്ച ചെയ്യുന്നു- നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്പനീസിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് സംഗീത ഗുപ്ത വ്യക്തമാക്കി.

Comments

comments

Categories: Business & Economy