ടെക്‌സ്റ്റൈല്‍ മെഷിനറി വ്യവസായം വളര്‍ച്ചാ പ്രതീക്ഷയില്‍

ടെക്‌സ്റ്റൈല്‍ മെഷിനറി വ്യവസായം  വളര്‍ച്ചാ പ്രതീക്ഷയില്‍

മുംബൈ: ആഭ്യന്തര ടെക്‌സ്റ്റൈല്‍ മെഷിനറി വ്യവസായത്തിന്റെ മൂല്യം അഞ്ചുവര്‍ഷത്തിനുള്ളില്‍ നിലവിലെ 22,000 കോടി രൂപയില്‍ നിന്ന് 32,000-35,000 കോടിയിലെത്തുമെന്ന് വിലയിരുത്തല്‍. മെയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ള സംരംഭങ്ങള്‍ ഇതിന് വഴിയൊരുക്കുമെന്ന് മേഖലയുമായി ബന്ധപ്പെട്ടവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

രാജ്യത്തെ പ്രധാനപ്പെട്ട വ്യവസായമാണ് ടെക്‌സ്റ്റൈല്‍ മെഷിനറി നിര്‍മാണ വിഭാഗമെന്ന് ഇന്ത്യ ഇന്റര്‍നാഷണല്‍ ടെക്‌സ്റ്റൈല്‍ മെഷിനറി എക്‌സിബിഷന്‍ സൊസൈറ്റി ചെയര്‍മാന്‍ സഞ്ജീവ് ലാതിയ പറഞ്ഞു.
കയറ്റുമതിയില്‍ ഏറ്റവും വലിയ സംഭാവന ടെക്‌സ്റ്റൈല്‍ മേഖലയില്‍ നിന്നാണ്. 2016 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ആകെ ടെക്‌സ്റ്റൈല്‍ കയറ്റുമതി 40 ബില്ല്യണ്‍ ഡോളറായിരുന്നു. 2021ഓടെ ഇത് 223 ബില്ല്യണ്‍ ഡോളറിലെത്തിക്കാനാകുമെന്നാണ് കരുതുന്നത് ലത്യ സൂചിപ്പിച്ചു.
കാര്‍ഷിക മേഖലയ്ക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ തൊഴില്‍ ദാതാവാണ് ടെക്‌സ്റ്റൈല്‍ വ്യവസായ രംഗം. മെഷീന്‍ നിര്‍മാണ വ്യവസായം ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ക്കും കാര്യക്ഷമതയ്ക്കുംവേണ്ടി അടിത്തറ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണ്.
ടെക്‌സ്റ്റൈല്‍ മെഷിനറി സൊസൈറ്റി എക്‌സിബിഷന്റെ 10ാം എഡിഷന്‍ ഈ മാസം 3 മുതല്‍ 8 വരെ മുംബൈയില്‍ നടക്കും. 38 രാജ്യങ്ങളില്‍ നിന്നായി 1,050 പ്രദര്‍ശകരും 1.50 ലക്ഷം കാഴ്ചക്കാരും എക്‌സിബിഷന്റെ ഭാഗമാകും.
ആഭ്യന്തര- വിദേശ ബിസിനസുകാര്‍, അക്കാദമിക് രംഗത്തുള്ളവര്‍, ഗവേഷകര്‍ എന്നിവര്‍ക്കൊപ്പം ഫിലിപ്പീന്‍സ്, മ്യാന്‍മര്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഇറാന്‍, തുര്‍ക്കി, ബ്രസീല്‍, ഇന്തോനേഷ്യ, പോളണ്ട്, മലേഷ്യ, കെനിയ, എതോപ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാര്‍ പ്രതിനിധികളും ഇന്ത്യ ഐറ്റിഎംഇ 2016 സന്ദര്‍ശിക്കും. ടെക്‌സ്റ്റൈല്‍ വ്യവസായ വികസനത്തിനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനും എക്‌സിബിഷന്‍ അവസരമൊരുക്കുമെന്നും ലാതിയ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy