ഐഡിയ മണി വാലറ്റില്‍ ഇടപാടുകാരുടെ കുത്തൊഴുക്ക്

ഐഡിയ മണി  വാലറ്റില്‍ ഇടപാടുകാരുടെ  കുത്തൊഴുക്ക്

മുംബൈ: നോട്ട് റദ്ദാക്കലിനെ തുടര്‍ന്ന് പണമിടപാടുകള്‍ക്ക് ടെലികോം കമ്പനികളുടെ വാലറ്റ് പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്. 500,1000 രൂപ നോട്ടുകള്‍ നിരോധിച്ചതിനു ശേഷം ഐഡിയയുടെ വാലറ്റ് (ഐഡിയ മണി) സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയ ഉപഭോക്താക്കളുടെ എണ്ണത്തില്‍ രണ്ടിരട്ടി വര്‍ധന രേഖപ്പെടുത്തിയെന്ന് അധികൃതര്‍ അവകാശപ്പെട്ടു.

വളരെ കുറച്ച് പേര്‍ മാത്രമാണ് ഇതുവരെ ഐഡിയയുടെ ഈ സേവനം പ്രയോജനപ്പെടുത്തിവന്നത്. തുടക്കത്തില്‍ പണമിടപാടുകള്‍ താഴ്ന്നുനിന്നെങ്കിലും കറന്‍സി പിന്‍വലിക്കലിന്റെ അനന്തരഫലം വളരെ വലുതായിരുന്നു. ഈ പ്രവണത കുറച്ചുകാലം കൂടി തുടരും-ആദിത്യ ബിര്‍ള ഐഡിയ പേമെന്റ് ബാങ്ക് സിഇഒ സുധാകര്‍ രാമസുബ്രഹ്മണ്യന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നടപടി ദീര്‍ഘനാളത്തേക്ക് ഗുണം ചെയ്യും. രാജ്യത്തെമ്പാടും നിന്ന് കൂടുതല്‍ വ്യാപാരികളെ കണ്ടെത്തുന്നതിന് കമ്പനി പ്രത്യേക ടീമിന് രൂപം കൊടുത്തിട്ടുണ്ട്. വ്യാപാരികളെ കണ്ടെത്താനായാല്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാകും. മൊബീല്‍ വാലറ്റുകള്‍ ഉപയോഗിച്ച് പ്രാദേശിക കടകളില്‍ നിന്നു പോലും സാധനങ്ങള്‍ വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം- അദ്ദേഹം വ്യക്തമാക്കി. വാലറ്റ് ഉപയോഗിക്കുന്നതിന്
ചെലവ് വളരെ കുറവായതിനാല്‍ ഇനിയും ഉപഭോക്താക്കളെ കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഐഡിയ. കൂടാതെ ഒന്നിലധികം സേവനങ്ങള്‍ ലഭ്യമാകുന്നത് മൊബീല്‍ വാലറ്റുകളെ ഉപഭോക്താക്കള്‍ക്കിടയില്‍ പ്രിയങ്കരമാക്കുന്നുണ്ട്. ഒരാളുടെ കയ്യില്‍ ഒന്നിലധികം കാര്‍ഡുകള്‍ ഉള്ളതു പോലെയാണ് വാലറ്റുകള്‍ പ്രവര്‍ത്തിക്കുക -രാമസുബ്രഹ്മണ്യന്‍ ചൂണ്ടിക്കാട്ടി.
വാലറ്റിന്റെ ഉപയോഗം ഉയര്‍ന്നെന്നതു മാത്രമല്ല, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്രയോജനപ്പെടുത്തിയും ഉപഭോക്താക്കള്‍ വാലറ്റിലേക്ക് വന്‍തോതില്‍ പണമെത്തിക്കുകയും ചെയ്തു. പേടിഎം, ജിയോ മണി എന്നിവയുമായ മത്സരിക്കുന്നതിനും കൂടുതല്‍ വ്യാപാരികളെ കൂടെക്കൂട്ടുന്നതിനുമാണ് ഐഡിയ ഇപ്പോള്‍ ശ്രദ്ധയൂന്നിയിരിക്കുന്നത്.

Comments

comments

Categories: Branding