ജിയോ സൗജന്യ ഓഫറുകള്‍ 2017 മാര്‍ച്ച് 31 വരെ നീട്ടി

ജിയോ സൗജന്യ ഓഫറുകള്‍ 2017 മാര്‍ച്ച് 31 വരെ നീട്ടി

 

മുംബൈ: റിലയന്‍സ് ജിയോ വെല്‍കം ഓഫറുകളുടെ കാലവധി 2017 മാര്‍ച്ച് 31 വരെ നീട്ടി. ജിയോയുടെ ‘ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍’ എന്നു വിശേഷിപ്പിച്ചാണ് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി സൗജന്യ ഓഫറുകളുടെ കാലവധി നീട്ടിയതായി പ്രഖ്യാപിച്ചത്. നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ഓഫര്‍ ലഭ്യമാകും.

നേരത്തെ ഡിസംബര്‍ 31 വരെയായിരുന്നു ജിയോ ഓഫര്‍ കാലാവധി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഡിസംബര്‍ 4 മുതല്‍ മാര്‍ച്ച് 31 വരെ ജിയോ ഡാറ്റ, വോയ്‌സ്, ജിയോ ആപ്പ് സേവനങ്ങള്‍ സൗജന്യമായി ലഭിക്കുമെന്നാണ് അംബാനി പത്രസമ്മേളനത്തില്‍ അറിയിച്ചത്. അതേസമയം ജിയോയില്‍ സൗജന്യമായി ലഭ്യമാകുന്ന ഡാറ്റയില്‍ വ്യത്യാസം വരുമെന്നും എല്ലാ ഉപയോക്താക്കള്‍ക്കും തുല്യ പരിഗണന നല്‍കുന്നതിനായി ഫെയര്‍ യൂസേജ് പോളിസി കൊണ്ടുവരുമെന്നും അംബാനി അറിയിച്ചിട്ടുണ്ട്.

ജിയോ മൊബീല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയെ പൂര്‍ണമായും പിന്തുണയ്ക്കുമെന്നും, ജിയോയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിലവിലുള്ള നമ്പറില്‍ മാറ്റം വരുത്താതെ ജിയോ സേവനം ഉപയോഗപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലുടനീളം മൈജിയോ ആപ്പ് വഴി പോര്‍ട്ടബിള്‍ സൗകര്യം ആരംഭിച്ചതായും ഡിസംബര്‍ 31ഓടെ 100 പ്രമുഖ നഗരങ്ങളില്‍ ഇത് സാധ്യമാക്കുമെന്നും അംബാനി നവ്യക്തമാക്കി. ഡിസംബര്‍ അഞ്ച് മുതല്‍ ജിയോ മണി മര്‍ച്ചന്റ് സൊലൂഷനും അവതരിപ്പിക്കും. ചെറുകിട കച്ചവടക്കാരുടെയും ഉപഭോക്താക്കളുടെയും എല്ലാ തരം ഇടപാടുകള്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താനാകുമെന്നും റിലയന്‍സ് ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ട്. വരുന്ന ആഴ്ചകളില്‍ 17000 നഗരങ്ങളിലും നാല് ലക്ഷം ഗ്രാമങ്ങളിലുമുള്ള 10 മില്യണ്‍ വ്യാപാരികളെ തങ്ങളുടെ ജിയോ മണി മര്‍ച്ചന്റ് സൊലൂഷന്‍ സേവനത്തിന്റെ ഭാഗമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അംബാനി വിശദീകരിച്ചു.

എതിരാളികളായ മൂന്ന് കമ്പനികള്‍ റിലയന്‍സ് ജിയോയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായും അംബാനി ആരോപിച്ചു. കമ്പനികളെ പേരെടുത്തു പറയാതെ ആയിരുന്നു അംബാനിയുടെ ആരോപണം. എതിരാളികള്‍ മൂന്നു മാസത്തിനിടെ ജിയോയുടെ 900 വോയ്‌സ് കോളുകള്‍ ബ്ലോക്ക് ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനിക്ക് അനുവദിച്ചിട്ടുള്ള ഇന്റര്‍കണക്ഷന്‍ പോയിന്റുകള്‍ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ സെല്ലുലാര്‍ തുടങ്ങിയ ടെലികോം ഓപ്പറേറ്റര്‍മാര്‍ തങ്ങള്‍ക്ക് നിഷേധിക്കുന്നെന്ന് കാണിച്ച് കഴിഞ്ഞ ദിവസം കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയിലും ജിയോ പരാതിപ്പെട്ടിരുന്നു.

Comments

comments

Categories: Slider, Top Stories