ഭവന വില്‍പ്പന: അടുത്ത വര്‍ഷം 30% ശതമാനം വില്‍പ്പനയിടിവുണ്ടാകുമെന്ന് ഫിച്ച്

ഭവന വില്‍പ്പന:  അടുത്ത വര്‍ഷം 30% ശതമാനം വില്‍പ്പനയിടിവുണ്ടാകുമെന്ന് ഫിച്ച്

 
ബംഗളൂരു: അടുത്ത വര്‍ഷം രാജ്യത്തെ ഭവന വില്‍പ്പനയില്‍ 30 ശതമാനത്തോളം ഇടിവുണ്ടാകുമെന്ന് പ്രമുഖ റേറ്റിംഗ് ഏജന്‍സി ഫിച്ച്. നോട്ട് അസാധുവാക്കല്‍ തീരുമാനം റിയല്‍റ്റി മേഖലയില്‍ കനത്ത ആഘാതം സൃഷ്ടിക്കുന്നതാണ് വില്‍പ്പനയിടിവിന് കാരണമാവുക. അടുത്ത വര്‍ഷം കാര്യമായ നേട്ടമുണ്ടാകാതെ സ്ഥിരത കൈവരിക്കുമെന്നായിരുന്നു ഇതുവരെ ഫിച്ച് വിലയിരുത്തിയിരുന്നത്.
ഇതോടെ രാജ്യത്തെ ഒട്ടുമിക്ക റിയല്‍റ്റി കമ്പനികളുടെയും ക്രെഡിറ്റ് പ്രൊഫൈല്‍ ദുര്‍ബലമാവുകയും പണലഭ്യത കുറഞ്ഞത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാവുകയും ചെയ്യുമെന്നാണ് ഫിച്ച് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷവും റിയല്‍റ്റി കമ്പനികള്‍ക്ക് വില്‍പ്പന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. ഉപഭോക്താക്കളില്‍ നിന്നുള്ള തണുപ്പന്‍ പ്രതികരണവും പദ്ധതികള്‍ക്കുള്ള അംഗീകാരത്തിനെടുത്ത കാലതാമസവുമാണ് പോയ സാമ്പത്തിക വര്‍ഷം റിയല്‍റ്റി കമ്പനികള്‍ക്ക് തിരിച്ചടിയായത്.
ഇക്കാരണം കൊണ്ട് തന്നെ കമ്പനികള്‍ക്ക് പുതിയ പദ്ധതികള്‍ക്കുള്ള പ്രതീക്ഷ കുറഞ്ഞു. 2015-16 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ വില്‍പ്പന ലക്ഷ്യത്തില്‍ നിന്നും താഴെയാണ് ചില കമ്പനികളുടെ വില്‍പ്പന നടന്നത്. അതേസമയം രാജ്യത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് വിപണികളായ ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ ചില മേഖലകളില്‍ റിയല്‍റ്റി കമ്പനികള്‍ പുതിയ പദ്ധതികള്‍ ആരംഭിച്ചിരുന്നു. അതേസമയം, മറ്റൊരു പ്രമുഖ വിപണിയായ ഡല്‍ഹിയില്‍ പുതിയ പദ്ധതികളില്‍ കമ്പനികള്‍ നിയന്ത്രണം കൊണ്ടുവന്നതും വിപണിയില്‍ തുടരുന്ന പ്രതികൂലാവസ്ഥകൊണ്ടാണ്.
2014-15 സാമ്പത്തിക വര്‍ഷത്തില്‍ ബംഗളൂരു ആസ്ഥാനമായ പ്രമുഖ റിയല്‍റ്റി കമ്പനിയായ പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് പ്രൊജക്റ്റസ് ലിമിറ്റഡ് 5,030 കോടി രൂപയാണ് വില്‍പ്പനയിലൂടെ നേടിയത്. ഇതില്‍ വാടകയിനത്തില്‍ ലഭിച്ച 100 കോടി രൂപയും ഉള്‍പ്പെടും. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ വരുമാനം 3000 കോടി രൂപയോളമാണ്. പ്രസ്റ്റീജിന് വാര്‍ഷിക വില്‍പ്പന ലക്ഷ്യം 5,500 കോടി രൂപ മുതല്‍ 5,800 കോടി രൂപ വരെയാണ്. പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കാത്തതും ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ പദ്ധതി അവതരിപ്പിക്കാന്‍ സാധിക്കാത്തതുമാണ് വില്‍പ്പനയില്‍ പ്രസ്റ്റീജിന് തിരിച്ചടി നേരിട്ടതെന്ന് കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഇര്‍ഫാന്‍ റസാഖ് വ്യക്തമാക്കി. അതേസമയം നിലവില്‍ വിപണിയന്തരീക്ഷം കമ്പനിക്ക് പ്രതീക്ഷ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗളൂരു ആസ്ഥാനമായുള്ള മറ്റൊരു കമ്പനിയായ ശോഭ ലിമിറ്റഡിന് വില്‍പ്പനയില്‍ നേരിയ നേട്ടം കരസ്ഥമാക്കാന്‍ സാധിച്ചിട്ടുണ്ട്. 2012 കോടി രൂപയാണ് ശോഭ ലിമിറ്റഡിന് തൊട്ടുമുമ്പുള്ള സാമ്പത്തി വര്‍ഷത്തേക്കാള്‍ 2015-16 സാമ്പത്തിക വര്‍ഷം നേടാനായത്. എങ്കിലും കമ്പനി പ്രതീക്ഷിച്ചിരുന്ന വില്‍പ്പന ലക്ഷ്യം നേടാന്‍ സാധിച്ചിട്ടില്ല. ശോഭ ലിമിറ്റഡിന്റെ അഫോര്‍ഡബിള്‍ ഹൗസിംഗ് ബ്രാന്‍ഡായ ഡ്രീംസ് ഏക്രസിന് മികച്ച പ്രതികരണം ലഭിച്ചതാണ് കമ്പനിക്ക് നേട്ടമായത്. തുടര്‍ച്ചയായി മൂന്ന് വര്‍ഷം ശോഭ ലിമിറ്റിഡിന് വില്‍പ്പന ലക്ഷ്യം കാണാന്‍ സാധിച്ചിട്ടില്ലെന്ന് ഇലാറ സെക്യുരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൊച്ചി, ചെന്നൈ, ഗുഡ്ഗാവ് എന്നിവിടങ്ങളിലുള്ള ശോഭ ലിമിറ്റഡ് പദ്ധതികള്‍ക്ക് അംഗീകാരം വൈകുന്നതാണ് തിരച്ചടി.
നടപ്പു സാമ്പത്തിക വര്‍ഷം വില്‍പ്പന ലക്ഷ്യം പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനികള്‍. ഇതിനായി വന്‍ നഗരങ്ങളെ കേന്ദ്രീകരിച്ച് വമ്പന്‍ പദ്ധതികളാണ് കമ്പനികള്‍ നടപ്പാക്കാനിക്കുന്നത്.
ലോധ ഡെവലപ്പേഴ്‌സ്, ഡിഎല്‍എഫ്, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, ഇന്ത്യബുള്‍സ് റിയല്‍ എസ്റ്റേറ്റ്, ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ്, ശോഭ, യൂണിടെക്ക് എന്നീ രാജ്യത്തെ ഏറ്റവും വലിയ ഏഴ് റിയല്‍റ്റി കമ്പനികളുടെ ലീവറേജ് അടുത്ത വര്‍ഷം വര്‍ധിക്കുമെന്നും ഫിച്ച് വ്യക്തമാക്കുന്നു.
റിയല്‍റ്റി വിപണിയിലെ റെസിഡന്‍ഷ്യല്‍ വിഭാഗത്തില്‍ വില്‍പ്പന തിരിച്ചടി നേരിടുന്ന സമയത്താണ് ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ അസാധുവാക്കൊണ്ടുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.

Comments

comments

Categories: Business & Economy