പ്രേം വാട്‌സയുടെ നിക്ഷേപം; സിഎസ്ബിയുടെ ഘടനാപരമായ പ്രവര്‍ത്തനങ്ങളില്‍ മാറ്റമുണ്ടാകില്ല

പ്രേം വാട്‌സയുടെ നിക്ഷേപം; സിഎസ്ബിയുടെ ഘടനാപരമായ പ്രവര്‍ത്തനങ്ങളില്‍ മാറ്റമുണ്ടാകില്ല

കൊച്ചി: ശതകോടീശ്വരന്‍ പ്രേം വാട്‌സയുടെ ഫെയര്‍ ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് കാത്ത്‌ലിക് സിറിയന്‍ ബാങ്കില്‍ 1,000 കോടി രൂപയുടെ മൂലധനനിക്ഷേപത്തിന് ഒരുങ്ങുന്നു. എന്നാല്‍ അന്തിമ തീരുമാനം റിസര്‍വ് ബാങ്കിന്റേതായിരിക്കും. ഈ നിക്ഷേപം ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ഘടനാപരമായ മാറ്റം ഉണ്ടാക്കുകയില്ലെന്നും ബാങ്കിന്റെ ആസ്ഥാനം തൃശൂരില്‍ നിന്ന് മാറ്റുകയില്ലെന്നും സിഎസ്ബി ചെയര്‍മാന്‍ എസ് സന്താനകൃഷ്ണനും നിയുക്ത ചെയര്‍മാന്‍ ടി എസ് അനന്തരാമനും മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ സി വി ആര്‍ രാജേന്ദ്രനും പത്രസമ്മേളനത്തില്‍ അറിയിച്ചു.

ബാങ്കിന്റെ മൂലധന വിപുലീകരണത്തിന് 1000 കോടി രൂപയെങ്കിലും വേണ്ടി വരും. ഇതിനിടെയാണ് ഫെയര്‍ ഫാക്‌സ് 51 ശതമാനം ഓഹരിപങ്കാളിത്തത്തിനായി റിസര്‍വ് ബാങ്കില്‍ നിന്ന് അനുമതി വാങ്ങിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇതു സംബന്ധിച്ച അറിയിപ്പുകളൊന്നും ബാങ്കിന് ആര്‍ബിഐയില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സന്താനകൃഷ്ണന്‍ അറിയിച്ചു.

ഫെയര്‍ഫാക്‌സിന് 51 ശതമാനം ഓഹരികള്‍ നല്‍കിയാലും വോട്ടവകാശം 15 ശതമാനമായി നിജപ്പെടുത്തും. ബാങ്കിന്റെ ഏറ്റവും വലിയ വ്യക്തിഗത ഉടമയായ പ്രവാസി വ്യവസായി എം എ യൂസഫലിയെ ഇക്കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്.

ഫെയര്‍ഫാക്‌സുമായുള്ള ഇടപാട് നടപ്പ് സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കാന്‍ ആകുമെന്നാണ് പ്രതീക്ഷ. തുടര്‍ന്ന് ബാങ്ക് ഓഹരികള്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Comments

comments

Categories: Banking
Tags: CSB, Premwatsa