ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ: ചന്ദ്രബാബു നായിഡു കമ്മിറ്റി കണ്‍വീനര്‍

ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ:  ചന്ദ്രബാബു നായിഡു കമ്മിറ്റി കണ്‍വീനര്‍

 

ന്യൂഡെല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറ്റുന്നതിനു വേണ്ട കര്‍മ പദ്ധതി ആവിഷ്‌ക്കരിക്കുന്നതിനും ഇത് നടപ്പിലാക്കുന്നതിനുള്ള രൂപരേഖ തയാറാക്കുന്നതിനുമായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരുമടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു. ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനു സ്വീകരിച്ചിരിക്കുന്ന നടപടികള്‍ പരിശോധിച്ച്ഇത്തരം സംവിധാനങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുകയും, ആരോഗ്യകരമായ സാമ്പത്തികാന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കുന്നതിന് മാര്‍ഗ നിര്‍ദേശം നല്‍കുകയുമാണ് കമ്മിറ്റിയുടെ ചുമതല.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവാണ് കമ്മിറ്റി കണ്‍വീനര്‍. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍, സിക്കിം മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിംഗ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, പുതുച്ചേരി മുഖ്യമന്ത്രി വി നാരയണസ്വാമി, നീതി അയോഗ് വൈസ് ചെയര്‍മാന്‍ അര്‍വിന്ദ് പനഗാറിയ തുടങ്ങിയവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. നീതി അയോഗ് ചീഫ് എക്‌സിക്യൂട്ടീവ് അമിതാഭ് കാന്ത് ആയിരിക്കും മെംബര്‍ സെക്രട്ടറി. കമ്മിറ്റിയില്‍ അംഗങ്ങളാകണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോടും ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാറിനോടും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആവശ്യപ്പെട്ടിരുന്നതായും ഇരുവരും ഇക്കാര്യം വിസമ്മതിച്ചതായുമാണ് ഔദ്യോഗിക വിവരം. അതേസമയം നിതീഷ് കുമാര്‍ നോട്ട് അസാധുവാക്കികൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തെ പിന്തുണച്ചിട്ടുണ്ട്.

യുഐഡിഎഐ മുന്‍ ചെയര്‍മാന്‍ നന്ദന്‍ നിലേക്കനി, ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ജന്‍മേജയ സിംഹ, നെറ്റ്‌കോര്‍ മാനേജിംഗ് ഡയറക്റ്റര്‍ രാജേഷ് ജെയ്ന്‍, ഐസ്പിരിറ്റ് സഹസ്ഥാപകന്‍ ശരദ് ശര്‍മ, ഐഐഎം അഹമ്മദാബാദ് പ്രൊഫസര്‍ ജയന്ത് വര്‍മ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള അഞ്ച് വിദഗ്ധരെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കള്‍ എന്ന നിലയിലായിരിക്കും ഇവര്‍ പ്രവര്‍ത്തിക്കുക.

ഇന്ത്യന്‍ സാഹചര്യത്തെ മുന്‍നിര്‍ത്തി ഡിജിറ്റല്‍ ഇക്കോണമി സാധ്യമാക്കുന്നതിനു ആഗോള തലത്തിലെ തന്നെ മികച്ച മാതൃകകള്‍ കണ്ടെത്തുകയാണ് കമ്മിറ്റിക്കു മുമ്പിലുള്ള പ്രധാന അജണ്ട. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, ഡിജിറ്റല്‍ വാലറ്റ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, യൂനിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ്, ബാങ്കിംഗ് ആപ്ലിക്കേഷന്‍സ് തുടങ്ങിയവ പോലുള്ള സംവിധാനങ്ങളുടെ പ്രചാരവും കമ്മിറ്റി അവലോകനം ചെയ്യും. ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക് പരിണമിക്കുന്നതിന്റെ ആവശ്യകത സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിനുള്ള കര്‍മ്മ പദ്ധതിയും കമ്മിറ്റി തയാറാക്കും.

Comments

comments

Categories: Slider, Top Stories