വൈദ്യുതി ട്രാന്‍സ്മിഷന്‍ ഫീസ് ഉയര്‍ത്താന്‍ സിഇആര്‍സി നീക്കം

വൈദ്യുതി ട്രാന്‍സ്മിഷന്‍  ഫീസ് ഉയര്‍ത്താന്‍  സിഇആര്‍സി നീക്കം

ന്യൂഡെല്‍ഹി: രാജ്യത്തെ ഹ്രസ്വ, ഇടക്കാല വൈദ്യുതി ഇടപാടുകളുടെ ട്രാന്‍സ്മിഷന്‍ ചാര്‍ജ് (പ്രസരണ തുക) വര്‍ധിപ്പിക്കാന്‍ സെന്‍ട്രല്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍(സിഇആര്‍സി) നീക്കമിടുന്നു. അന്തര്‍ സംസ്ഥാന പ്രസരണത്തിലെ നഷ്ടങ്ങളും ചെലവുകളും പങ്കിടുന്നതു സംബന്ധിച്ച കരട് മാര്‍ഗനിര്‍ദേശങ്ങളില്‍ ഇതിനുള്ള ശുപാര്‍ശ സിഇആര്‍സി ഉള്‍പ്പെടുത്തി. നിര്‍ദേശം നടപ്പിലായാല്‍ വ്യവസായ മേഖലയ്ക്ക് അതു ദോഷം ചെയ്യും. സ്‌പോട്ട് മാര്‍ക്കറ്റില്‍ നിന്നോ അതല്ലെങ്കില്‍ മറ്റു ഹ്രസ്വകാല സജ്ജീകരണത്തിലൂടെയോ ചെലവ് കുറഞ്ഞ വൈദ്യുതി കണ്ടെത്താന്‍ വ്യാവസായിക ഉപഭോക്താക്കളില്‍ ഭൂരിഭാഗത്തിനും സാധിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഹ്രസ്വകാല ഇടപാടുകളില്‍ 35 ശതമാനത്തോളം വര്‍ധനയും ഇടക്കാല ഇടപാടുകളില്‍ 25 ശതമാനം വര്‍ധനയുമാണ് റെഗുലേറ്റര്‍ മുന്നില്‍വച്ചിരിക്കുന്നത്. ഹ്രസ്വകാല വൈദ്യുതി വിതരണ കരാറുകള്‍ വര്‍ധിക്കുന്ന പ്രവണതയില്‍ കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. പ്രാപ്തിയില്ലാത്ത പ്രസരണ പദ്ധതിയിലേക്കും വിതരണ സംവിധാനത്തിലെ കെട്ടിക്കിടക്കല്‍ വര്‍ധിക്കുന്നതിലേക്കും ഇതു വഴിവെക്കുമെന്നും സിഇആര്‍സി മുന്നറിയിപ്പ് നല്‍കുന്നു.
ഹ്രസ്വകാല ഇടപാടുകളുടെ വ്യാപ്തി 2008-09 ലെ 24.69 ബില്ല്യണ്‍ യൂണിറ്റില്‍ നിന്ന് 2014-15 ല്‍ 63.96 ബില്ല്യണ്‍ യൂണിറ്റിലെത്തിയിരുന്നു. എന്നാല്‍ ഈ കാലയളവില്‍ ഹ്രസ്വകാല ഇടപാടിലെ വൈദ്യുതി നിരക്ക് യൂണിറ്റിന് 7.29 രൂപയില്‍ നിന്ന് 4.28 രൂപയായി കുറഞ്ഞു. ഈ പ്രവണത ഹ്രസ്വകാല ഇടപാടുകളുടെ വ്യാപ്തി ഭാവിയില്‍ വര്‍ധിപ്പിച്ചേക്കും. ഈ സാഹചര്യത്തില്‍ ഉല്‍പ്പാദകര്‍ ദീര്‍ഘകാല വിതരണത്തിന് (എല്‍റ്റിഎ) അപേക്ഷിച്ചേക്കില്ല. പകരം എസ്റ്റിഒഎ( ഷോട്ട് ടേം ഓപ്പണ്‍ അക്‌സസ്), എംറ്റിഒഎ (മീഡിയം ടേം ഓപ്പണ്‍ അക്‌സസ്) എന്നിവയ്ക്കാവും മുന്‍ഗണന നല്‍കുകയെന്ന് കരട് മാര്‍ഗനിര്‍ദേശത്തില്‍ സിഇആര്‍സി വ്യക്തമാക്കി. അതേസമയം,
പരമ്പരാഗത- പുനരുപയോഗ ഊര്‍ജ്ജ ഉല്‍പ്പാദകര്‍, വ്യവസായ സംഘടനകള്‍, കണ്‍സള്‍ട്ടന്‍സ്, വിതരണ ശൃംഖലകള്‍ തുടങ്ങി മേഖലയുമായി ബന്ധപ്പെട്ട ഭൂരിഭാഗം പേരും ട്രാന്‍സ്മിഷന്‍ ഫീസ് ഉയര്‍ത്താനുള്ള നീക്കത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy