പണമില്ലാതെ സംസ്ഥാനത്തെ ട്രഷറികള്‍; മെട്രോ നഗരങ്ങളില്‍ എടിഎമ്മുകള്‍ അതിവേഗം കാലിയായി

പണമില്ലാതെ സംസ്ഥാനത്തെ ട്രഷറികള്‍; മെട്രോ നഗരങ്ങളില്‍ എടിഎമ്മുകള്‍ അതിവേഗം കാലിയായി

തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു ശേഷമുള്ള ആദ്യ ശമ്പള ദിനത്തില്‍ സംസ്ഥാനത്തെ ട്രഷറികളില്‍ പണമെത്താതിരുന്നത് ജീവനക്കാരെയും പെന്‍ഷന്‍കാരെയും വലച്ചു. ബാങ്കുകള്‍ നല്‍കുമെന്നറിയിച്ച 1,000 കോടി രൂപ ലഭിക്കാത്തതിനെതുടര്‍ന്ന് മിക്ക ട്രഷറികളിലും ശമ്പള-പെന്‍ഷന്‍ വിതരണം മുടങ്ങി. പണം പൂര്‍ണമായും ലഭിക്കാത്തില്‍ ധനകാര്യ മന്ത്രി ടിഎം തോമസ് ഐസക് ആര്‍ബിഐയെ ശക്തമായ പ്രതിഷേധം അറിയിച്ചു. വരും ദിവസങ്ങളില്‍ പല ട്രഷറികളിലെയും പണം തീരുമെന്നും 24,000 രൂപ എല്ലാവര്‍ക്കും നല്‍കാന്‍ സാധിക്കുന്നില്ലെന്നും ധനകാര്യ മന്ത്രി ആശങ്കപ്പെട്ടു. എന്നാല്‍ പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും അവര്‍ക്ക് അവകാശപ്പെട്ട 24,000 രൂപയും നല്‍കണമെന്നും ഇതില്‍ കുറവ് വരുത്തരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വ്യക്തിക്ക് ഒരാഴ്ച പിന്‍വലിക്കാന്‍ കഴിയുന്ന പരമാവധി തുക 24,000 രൂപയാണ്. ഇങ്ങനെ കണക്കാക്കിയാണ് അഞ്ച് ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ആദ്യഘട്ടത്തില്‍ 1,200 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ബാക്കി തുക തുടര്‍ന്നുള്ള ദിവസങ്ങളില്‍ നല്‍കാമെന്നും സര്‍ക്കാര്‍ കരുതുന്നു.

അധിക പണം ലഭിച്ചില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാകുമെന്നും ഗ്രാമീണ മേഖലകളിലെ 42 ട്രഷറികളില്‍ ഒരു രൂപ പോലും എത്തിയിട്ടില്ലെന്നും തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യാഴാഴ്ച്ച ഉച്ച വരെ 153 കോടി രൂപ ചോദിച്ച സ്ഥാനത്ത് 75 കോടി മാത്രമാണ് ലഭിച്ചത്. നഗരങ്ങളിലെ ട്രഷറികളില്‍ ആവശ്യത്തിന് പണമെത്തിയിട്ടുണ്ട്. വേണ്ടത്ര പണം ലഭ്യമാകാത്തത് കാരണം പല ട്രഷറികളില്‍നിന്നും നീക്കിയിരിപ്പ് തുകയാണ് വിതരണം ചെയ്തത്. വാഗ്ദാനം ചെയ്ത ബാക്കി തുക എത്തിച്ചുതരുന്നതിന് റിസര്‍വ്വ് ബാങ്ക് ബാധ്യസ്ഥരാണെന്നും കേന്ദ്ര ബാങ്ക് ഇക്കാര്യം പാലിക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.

ട്രഷറികള്‍, ബാങ്കുകള്‍ വഴി വിതരണം ചെയ്ത പണത്തിന്റെ കണക്കുകള്‍ ധനകാര്യ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്ത് ആകെ 222 ട്രഷറികളാണ് ഉള്ളത്. ശമ്പള വിതരണത്തിന് ആദ്യ ഘട്ടത്തില്‍ ആവശ്യമായ 1,200 കോടി രൂപയില്‍ 1,000 കോടി രൂപ നല്‍കാമെന്നാണ് ബാങ്കുകള്‍ അറിയിച്ചിരുന്നത്. ഈ തുകയില്‍ 500 കോടി രൂപ ബാങ്കുകളിലൂടെയും പകുതി ട്രഷറി മുഖേനയും നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു.

ആദ്യ ദിവസം ആവശ്യത്തിന് പണം വിതരണം ചെയ്യാന്‍ കഴിയാതായതോടെ വരും ദിവസങ്ങളില്‍ പ്രതിസന്ധി തുടരും. അഞ്ചര ലക്ഷം സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍ വാങ്ങുന്നവരും ബാങ്കുകള്‍ വഴിയാണ് ശമ്പളം പിന്‍വലിക്കുന്നത്. നാലര ലക്ഷം പേര്‍ ട്രഷറി വഴി പണം കൈപ്പറ്റുന്നു. പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍, കരാര്‍ ജീവനക്കാര്‍ തുടങ്ങി അമ്പതിനായിരത്തോളം ജീവനക്കാര്‍ നേരിട്ട് ശമ്പളം വാങ്ങുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഏഴ് ദിവസങ്ങളിലായാണ് വിതരണം ചെയ്യുന്നത്. കോര്‍ ബാങ്കിംഗ് സംവിധാനമുള്ളതിനാല്‍ എക്കൗണ്ടുള്ളവര്‍ക്ക് ഏത് ട്രഷറിയില്‍നിന്നും പണം പിന്‍വലിക്കാമെന്നും ധനകാര്യ മന്ത്രി അറിയിച്ചു.

നോട്ട് അസാധുവാക്കിയ ശേഷമുള്ള ആദ്യ ശമ്പള ദിനത്തില്‍ രാജ്യത്തെ മറ്റിടങ്ങളിലും പ്രതിസന്ധി പ്രകടമായി. ബാങ്കുകള്‍ പ്രവര്‍ത്തനം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ പണം തീര്‍ന്നു. എടിഎമ്മുകളും സമാന സാഹചര്യമാണ് നേരിട്ടത്. ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ ഇടപാടുകാരുടെ നീണ്ട നിര ദൃശ്യമായി. അഞ്ഞൂറ് രൂപ നോട്ടിന്റെ അപര്യാപ്തതയാണ് ഏറെ വലച്ചത്. പലയിടങ്ങളിലും നീണ്ട ക്യൂവിനു ശേഷം തങ്ങളുടെ പണം ലഭിക്കില്ലെന്നറിഞ്ഞ ജീവനക്കാര്‍ ക്ഷുഭിതരായാണ് മടങ്ങിയത്.

എത്ര പണമാണ് വേണ്ടി വരികയെന്നും അത് എങ്ങനെയാണ് സാധ്യമാക്കാനാകുക എന്നും ഒരു തരത്തിലും പറയാനാകാത്ത സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളതെന്നാണ് ബാങ്കിംഗ് മേഖലയിലെ പ്രതിനിധികള്‍ പ്രതികരിക്കുന്നത്. കറന്‍സി ചെസ്റ്റുകളുള്ള പൊതുമേഖലാ ബാങ്കുകള്‍ക്ക് നോട്ടുവിതരണത്തില്‍ മുന്‍തൂക്കം ലഭിക്കുന്നതായി സ്വകാര്യ ബാങ്കുകള്‍ പരാതി ഉന്നയിക്കുന്നുണ്ട്. സാധ്യമായ പരിധിയിലുള്ള തുക മുഴുവന്‍ ഒറ്റ ദിവസത്തില്‍ പിന്‍വലിക്കാന്‍ കൂടുതല്‍ പേരെത്തുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ആര്‍ബിഐ യുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാനാകാത്ത വിധം കാര്യങ്ങള്‍ തങ്ങളുടെ നിന്ത്രണത്തിലല്ലെന്നാണ് ബാങ്കിംഗ് ജീവനക്കാര്‍ വെളിപ്പെടുത്തുന്നത്. പണം നിക്ഷേപിക്കുന്നതിലും പിന്‍വലിക്കുന്നതിലും ആര്‍ബിഐ ദിനംപ്രതി എന്നോണം മാറ്റങ്ങള്‍ വരുത്തുന്നത് ഇടപാടുകാരിലും ബാങ്ക് ജീവനക്കാരിലും സമ്മര്‍ദം വര്‍ധിപ്പിക്കുകയാണ്.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*