ബിഎസ്എന്‍എല്ലിന്റെ ലാഭം ആറിരട്ടി

ബിഎസ്എന്‍എല്ലിന്റെ ലാഭം ആറിരട്ടി

ന്യൂഡെല്‍ഹി: പൊതുമേഖല ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡി(ബിഎസ്എന്‍എല്‍)ന് കുതിപ്പിന്റെ സമയം. 2015-16 കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 672 കോടി രൂപയില്‍ നിന്ന് 3,855 കോടി രൂപയിലെത്തി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച കണക്കുകളാണിത്.

വരിക്കാരുമായി നല്ല ബന്ധം പുലര്‍ത്തിയതും പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതുമാണ് ബിഎസ്എന്‍എല്ലിന്റെ മുന്നേറ്റത്തിനു കാരണം. 2015-16 കാലയളവില്‍ കമ്പനിയുടെ മൊബിലിറ്റി ബിസിനസിന്റെ വേഗത വര്‍ധിച്ചു. 25,000 ടവറുകളാണ് ഇക്കാലയളവില്‍ സ്ഥാപിക്കപ്പെട്ടത്. ഉപഭോക്തൃ സൗഹൃദ നയങ്ങള്‍ മൊബീല്‍ വിഭാഗത്തിലുള്ള വരുമാനവും ഉയര്‍ത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബിഎസ്എന്‍എല്ലിന്റെ വരുമാനം 4.4 ശതമാനം ഉയര്‍ന്ന് 28,449 കോടി രൂപ തൊട്ടെന്ന് കമ്പനിയുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്റര്‍പ്രൈസ് വിഭാഗം 28 ശതമാനവും ഫിക്‌സഡ് ലൈനും ബ്രോഡ്ബാന്‍ഡും ഉള്‍പ്പെടെയുള്ള ലാന്‍ഡ്‌ലൈന്‍ വിഭാഗം ഏകദേശം രണ്ട് ശതമാനവും മൊബീല്‍ വിഭാഗം എട്ട് ശതമാനവും വളര്‍ച്ച കൈവരിക്കുകയും ചെയ്തു.
2015-16 ല്‍ മൊത്തം വരുമാനം 32,918 കോടി രൂപയിലേക്ക് ഉയര്‍ന്നു, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം വര്‍ധന. അതേസമയം, നഷ്ടം 8,234 കോടി രൂപയില്‍ നിന്ന് 3,879 കോടിയായി താഴ്ന്നു. ബിഎസ്എന്‍എല്ലിന്റെ ആകെ ചെലവിലും 1.3 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Comments

comments

Categories: Branding