ന്യൂഡെല്‍ഹി: ആരാധകരുടെ രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ബജാജിന്റെ 400 സിസി ബൈക്ക് ഈ മാസം 15 വിപണിലെത്തും. ബജാജ് ഡൊമൈനര് എന്ന് ഔദ്യോഗിക നാമകരണം ചെയ്ത 400 സിസി മോഡല്‍ കമ്പനിയുടെ ഫ്ളാഗ്ഷിപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡൊമൈനറിന്റെ നിര്‍മാണം ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഡല്‍ അവതരിപ്പിക്കുകയാണെന്ന് ബജാജ് ഓട്ടോ മോട്ടോര്‍സൈക്കിള്‍ വിഭാഗം പ്രസിഡന്റ് എറിക് വാസ് വ്യക്തമാക്കി. ബൈക്ക് ആരാധകര്‍ക്കിടയില്‍ ഇതിനോടകം തന്നെ ആവേശം ജനിപ്പിച്ച മോഡലാണ് ഡൊമൈനര്. ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ പുതിയ ചരിത്രം കുറിക്കാനാണ് ഡൊമൈനര് 400 സിസി കമ്പനി എത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടൂറിംഗ് കംഫര്‍ട്ട് ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചാണ് ഡൊമൈനര് 400 കമ്പനി വിപണിയിലെത്തിക്കുന്നത്. ശക്തിയില്‍ അതിശയിക്കൂ എന്നാണ് സ്പാനിഷ് ഭാഷയില്‍ നിന്നും ഉടലെടുത്ത ഡൊമൈനറിന്റെ അര്‍ത്ഥം. അര്‍ത്ഥം സൂചിപ്പിക്കുന്നതുപോലെ ക്രൂയിര് സ്പോര്‍ട്ട് മോട്ടോര്‍സൈക്കിളാണിത്. ഇതോടെ പൂനെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബജാജ് ഓട്ടോയുടെ ഓഫറിംഗില്‍ 2 ലക്ഷം രൂപ ബ്രാക്കറ്റ് വില കൂടി ചേരും.
റോയല്‍ എന്‍ഫീല്‍ഡ് 350, മഹീന്ദ്ര മോജോ, കെടിഎം ഡ്യൂക്ക് 200 എന്നിവയുള്‍പ്പെടുന്ന വിപണിയലേക്കാണ് ഡൊമൈനര് എത്തുക. മത്സരം പൊപാറുമെന്നാണ് വിലയിരുത്തലുകള്‍. കഴിഞ്ഞ മാസം 18 കമ്പനിയുടെ ചെക്കാന് പ്ലാന്റിലാണ് ഡൊമൈനറിന്റെ നിര്‍മാണം ആരംഭിച്ചത്. 373.2 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്കൂള്‍ഡ് എന്ജിന് 34 ബിഎച്ച്പി കരുത്താണ് ഡൊമൈനറിന് നല്‍കുക. ആറ് സ്പീഡ് ഗിയര്‍ബോക്സ്, മുന്‍വശത്ത് ടെലിസ്കോപ്പിക് ഫോര്‍ക്കും പിന്‍വശത്ത് മോണോഷോക്കുമാണ് നല്‍കിയിരിക്കുന്നത്. ഡിസ്ക്ബ്രേക്കും എബിഎസ് ഓപ്ഷണലായും ലഭിക്കും. അടുത്ത വര്‍ഷം ജനുവരിയോടെ ഷോറൂമുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ.