മുംബൈ നഗര ഗതാഗത പദ്ധതിയുടെ മൂന്നാംഘട്ടത്തിന് അംഗീകാരം

മുംബൈ നഗര ഗതാഗത പദ്ധതിയുടെ മൂന്നാംഘട്ടത്തിന് അംഗീകാരം

 

ന്യൂഡെല്‍ഹി: മൂന്നാംഘട്ട മുംബൈ നഗര ഗതാഗത പദ്ധതി (എംയുടിപി-കകക) കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. മഹാരാഷ്ട്രയിലെ മുംബൈ, താനെ, പല്‍ഗര്‍, റായ്ഗഡ് എന്നിവിടങ്ങളില്‍ റെയില്‍ ഗതാഗത സംവിധാനം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് മുംബൈ നഗര ഗതാഗത പദ്ധതി. 8,678 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കിയിട്ടുള്ളത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തികരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിരാര്‍ മുതല്‍ ധഹാനു വരെയുള്ള 63 കിലോ മീറ്റര്‍ സബര്‍ബന്‍ റെയ്ല്‍വേ ശൃംഖലയില്‍ മൂന്നാമത്തെയും നാലാമത്തെയും പാതയുടെ നിര്‍മാണം, എയ്‌റോലിയെയും കല്‍വയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പാതയുടെ നിര്‍മാണം, പനവേല്‍-കര്‍ജത് 28 കിലോ മീറ്റര്‍ പാത ഇരട്ടിപ്പിക്കല്‍ തുടങ്ങിയ റെയ്ല്‍വേ വികസന പദ്ധതികളാണ് മൂന്നാംഘട്ട മുംബൈ നഗര ഗതാഗത പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

മുംബൈ-ഡെല്‍ഹി റൂട്ടില്‍ ഇതിനകം റെയില്‍വേ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഇവിടങ്ങളില്‍ സബര്‍ബന്‍ സര്‍വീസിന് ഇനി സാധ്യതയില്ലെന്നുമാണ് ഔദ്യോഗിക വിവരം. വിരാര്‍-ധഹാനു റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.ചര്‍ച്ച്‌ഗേറ്റ് മുതല്‍ ധഹാനു റോഡ് വരെയുള്ള സബര്‍ബന്‍ സര്‍വീസ് വിപുലീകരിക്കുന്നതിനും നടപടിയെടുക്കും.

പനവേല്‍-കര്‍ജത് റൂട്ട് യാഥാര്‍ത്ഥ്യമാകുന്നതോടെ കര്‍ജതില്‍ നിന്നും പനവേല്‍ വഴി സിഎസ്ടിഎമ്മിലേക്ക് ബദല്‍ മാര്‍ഗം സാധ്യമാകും. നിലവില്‍ താനെ സ്റ്റേഷനില്‍ നിന്നും കല്യാണ്‍ വഴിയുള്ള ദൂരത്തേക്കാള്‍ 23 കിലോമീറ്റര്‍ കുറവായിരിക്കും കര്‍ജത്-പനവേല്‍ വഴിയുള്ള യാത്ര. എയ്‌റോലി-കല്‍വാ ഇടനാഴി താനെ സ്‌റ്റേഷനിലെ തിരക്ക് കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. പുതിയ കോച്ചുകളുടെ നവീകരണം ട്രെയിന്‍ സര്‍വീസിന്റെ നിലവാരമുയര്‍ത്തുമെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു.

Comments

comments

Categories: Business & Economy