ഇന്ധന വില, ആര്‍ബിഐ ധനനയം: വാഹന ഡിമാന്‍ഡ് വര്‍ധിപ്പിക്കും

ഇന്ധന വില, ആര്‍ബിഐ ധനനയം: വാഹന ഡിമാന്‍ഡ് വര്‍ധിപ്പിക്കും

ചെന്നൈ: ഇന്ധന വില കുറയുന്നതും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ധനനയത്തില്‍ പലിശ നിരക്ക് കുറയ്ക്കുന്നതും അടുത്ത വര്‍ഷം വാഹന വില്‍പ്പനയ്ക്ക് ഏറ്റവും നിര്‍ണായകമാകുമെന്ന് പ്രമുഖ റേറ്റിംഗ് ഏജന്‍സി ഫിച്ച്. 500, 1,000 നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം ലക്ഷ്വറി വാഹനങ്ങളെ മാത്രമാണ് ബാധിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍, ചെറുകാറുകള്‍, കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ എന്നിവയ ഇത് ബാധിച്ചിട്ടില്ലെന്നും ഫിച്ച് ചൂണ്ടിക്കാണിക്കുന്നു. നോട്ട് അസാധുവാക്കിയതോടെ റിപ്പോര്‍ട്ട് ചെയ്യുന്ന പണലഭ്യതക്കുറവ് ഉടന്‍ മാറുമെന്ന പ്രതീക്ഷയും ഫിച്ച് രേഖപ്പെടുത്തി.
ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ വാഹന വില്‍പ്പന ഏഴ് മുതല്‍ ഒന്‍പത് ശതമാനം വരെ വളര്‍ച്ച കൈവരിച്ചിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷ. ഉപഭോക്തൃ ആത്മവിശ്വാസം വര്‍ധിക്കുന്നതും പുതിയ മോഡലുകള്‍ വിപണിയിലെത്തുന്നതും ഉയര്‍ന്ന ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ തീരുമാനം പിന്‍വലിച്ചതും അടുത്ത വര്‍ഷം വാഹന വില്‍പ്പനയില്‍ ഏറ്റവും ഗുണകരമാകുമെന്നും ഫിച്ച് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വരുന്നതോടെ വിപണിയില്‍ മികച്ച മുന്നേറ്റമുണ്ടാകും. വാഹന വിപണിലുണ്ടാകുന്ന മികച്ച വില്‍പ്പന മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയ്ക്ക് സഹായകമാകും. നടപ്പു സാമ്പത്തിക വര്‍ഷം 6.9 ശതമാനവും അടുത്ത സാമ്പത്തിക വര്‍ഷം 7.7 ശതമാനവും ജിഡിപി വളര്‍ച്ച രാജ്യം നേടുമെന്നാണ് ഫിച്ച് വിലയിരുത്തുന്നത്.
രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ കൂടുതല്‍ നടപ്പിലാകുന്നതോടെയും ഖനന പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതോടെയും തിരിച്ചടി നേരിട്ടിരുന്ന ഇടത്തരം ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ വില്‍പ്പന വീണ്ടും നേട്ടത്തിലേക്കെത്തുമെന്നും ഫിച്ച് വ്യക്തമാക്കുന്നു.

Comments

comments

Categories: Slider, Top Stories