പ്രീമിയം ബൈക്ക് വിപണിയില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ട്രിയംഫ്

പ്രീമിയം ബൈക്ക് വിപണിയില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ട്രിയംഫ്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ പ്രീമിയം മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ബ്രിട്ടീഷ് കമ്പനി ട്രിയംഫ് കൂടുതല്‍ നേട്ടത്തിനൊരുങ്ങുന്നു. ഇന്ത്യയില്‍ അതിവേഗം വളര്‍ച്ച കൈവരിക്കുന്ന പ്രീമിയം വിപണിയില്‍ നിര്‍ണായക സ്ഥാനമുള്ള ട്രിയംഫിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ മികച്ച നേട്ടമാണ് കൈവരിക്കാന്‍ സാധിച്ചത്.

വിപണിയിലെത്തിയ ആദ്യ വര്‍ഷം തന്നെ 650 പ്രീമിയം ബൈക്കുകള്‍ വില്‍പ്പന നടത്തിയ ട്രിയംഫ് പിന്നീടുള്ള രണ്ട് വര്‍ഷങ്ങളില്‍ 1200 ബൈക്കുകള്‍ ഉപഭോക്താക്കളിലെത്തിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം 1,500 യൂണിറ്റുകള്‍ വില്‍പ്പന നടത്താനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.
അമേരിക്കന്‍ കമ്പനി ഹാര്‍ളി ഡേവിഡ്‌സണാണ് ഇന്ത്യന്‍ വിപണിയില്‍ ട്രിയംഫിന് മുകളിലുള്ളത്. നിലവിലെ വില്‍പ്പന തുടര്‍ന്നാല്‍ അടുത്ത് തന്നെ ഹാര്‍ളി ഡേവിഡ്‌സണെ പിന്നിലാക്കി വിപണിയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സാധിക്കുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.
അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബൈക്കുകളാണ് പ്രീമിയം ബൈക്ക് വിപണിയില്‍ വില്‍പ്പന നടക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ കമ്പനി പ്രതീക്ഷിച്ച രീതിയിലുള്ള വളര്‍ച്ചയാണ് കൈവരിക്കുന്നതെന്നാണ് ട്രിയംഫ് വിലയിരുത്തുന്നത്.
വിപണിയില്‍ ഒന്നാം സ്ഥാനത്തെത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യാണ്. എന്നാല്‍, എല്ലാ വെല്ലുവിളികളും അതിജീവിച്ച് മുന്നോട്ട് പോകാനാണ് ട്രിയംഫ് ഒരുങ്ങുന്നത്. രാജ്യത്തെ 25 നഗരങ്ങളില്‍ കമ്പനി കാല്‍പ്പാദങ്ങള്‍ പദിപ്പിക്കും. ഇതിലൂടെ ഇന്ത്യന്‍ പ്രീമിയം ബൈക്ക് വിപണിയില്‍ മേധാവിത്വം നേടാന്‍ സാധിക്കും.-ട്രിയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ വിമല്‍ സുംബ്ലി.
നടപ്പു സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള സൂപ്പര്‍ ബൈക്ക് വില്‍പ്പനയില്‍ 900 യൂണിറ്റോടെ ഹാര്‍ളി ഡേവിഡ്‌സണാണ് മുന്നില്‍. 750 യൂണിറ്റാണ് ഇക്കാലയളവില്‍ ട്രിയംഫ് വില്‍പ്പന നടത്തിയതെന്ന് സൊസൈറ്റ് ഫോര്‍ ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്‌ചേഴ്‌സ് (സിയാം) റിപ്പോര്‍ട്ടില്‍ പറയുന്നു. എക്‌ഷോറൂം ഡെല്‍ഹിയില്‍ 4.91 ലക്ഷം രൂപ വിലയുള്ള സ്ട്രീറ്റ് 750ന് വിപണിയില്‍ മികച്ച സ്വീകാര്യത ലഭിച്ചതാണ് ഹാര്‍ളിക്ക് നേട്ടമുണ്ടാക്കുന്നത്.
രാജ്യത്തെ പ്രീമിയം ബൈക്ക് വിപണിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്ന വില്‍പ്പനയില്‍ ഏറ്റവും നേട്ടമുണ്ടായത് നടപ്പു സാമ്പത്തിക വര്‍ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ധന വിലയില്‍ കുറവ് വരുന്നതും പലിശ നിരക്കുകള്‍ താഴുന്നതും ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായക പങ്ക് വഹിക്കുന്നവയാണ്. രണ്ടാം നിര മൂന്നാം നിര നഗരങ്ങളിലുള്ള അപ്പര്‍ മിഡില്‍ ക്ലാസുകള്‍ക്കിടയില്‍ പ്രീമിയം ബ്രാന്‍ഡുകള്‍ക്കുള്ള സ്വാധീനവും പര്‍ച്ചേസിംഗ് പവര്‍ കൂടുന്നതും വില്‍പ്പനയ് ഗുണകരമാകുന്നുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഇന്ത്യയില്‍ ട്രിയംഫിന് ഇതുവരെ 3,500 ഉപഭോക്താക്കളോളമുണ്ട്. 14 ഡീലര്‍ഷിപ്പുകള്‍ വഴി 16 വ്യത്യസ്ത മോഡലുകളാണ് ട്രിയംഫ് ഇന്ത്യയില്‍ വില്‍പ്പന നടത്തുന്നത്. അതേസമയം, ഹാര്‍ളി ഡേവിഡ്‌സണ് 24 ഡീലര്‍ഷിപ്പുകളാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയില്‍ നിര്‍മിച്ച് ബൈക്കുകളുടെ വിലയില്‍ കുറവ് വരുത്താനും ഡീലര്‍ നെറ്റ്‌വര്‍ക്കുകള്‍ വ്യാപിപ്പിക്കുകയും എക്‌സ്പരിമെന്റല്‍ സ്റ്റോറുകളിലൂടെ കൂടുതല്‍ ജനകീയമാകാനുമുള്ള തന്ത്രമാണ് ട്രിയംഫ് ഇന്ത്യയില്‍ പയറ്റുന്നത്.
2013ല്‍ ട്രിയംഫ് ഇന്ത്യയിലെത്തുന്ന സമയത്ത് ശൈശവ ഘട്ടത്തിലായിരുന്നു ഇന്ത്യന്‍ സൂപ്പര്‍ ബൈക്ക് വിപണി. അന്ന് ഹാര്‍ളി ഡേവിഡ്‌സണ്‍ മാത്രമുമുണ്ടായിരുന്ന വിപണിയില്‍ ഇന്ന് ലോകത്തിലെ ഒട്ടുമിക്ക പ്രീമിയം ബൈക്ക് നിര്‍മാതാക്കളും മത്സരിക്കാനായുണ്ട്.
വിപണിയില്‍ ആദ്യമുണ്ടായിരുന്നതിനാലും ആഗോള ബ്രാന്‍ഡ് ഐഡന്റിറ്റിയുമാണ് ഹാര്‍ളി ഡേവിഡ്‌സണ് ഇന്ത്യന്‍ വിപണിയില്‍ മുന്‍തൂക്കം നല്‍കുന്ന ഘടകങ്ങള്‍. അതേസമയം, ക്രൂയിസറുകള്‍ മാത്രം വില്‍പ്പന നടത്തുന്ന ഹാര്‍ളിയെ അപേക്ഷിച്ച് ട്രിയംഫ് കൂടുതല്‍ മെഷീനുകള്‍ ഓഫര്‍ ചെയ്യുന്നുണ്ട്. എന്‍ട്രി ലെവല്‍ ക്ലാസിക്കുകള്‍, റോഡ്‌സ്റ്ററുകള്‍, സൂപ്പര്‍സ്‌പോര്‍ട്ട്, ക്രൂയിസര്‍ തുടങ്ങിയവ നല്‍കി ഏത് രീതിയിലുള്ള റൈഡര്‍ക്കും അനുയോജ്യമായിരിക്കും.

Comments

comments

Categories: Auto