നികുതിച്ചോര്‍ച്ച തടയാന്‍ ശക്തമായ നടപടികള്‍: ധനമന്ത്രി

നികുതിച്ചോര്‍ച്ച തടയാന്‍ ശക്തമായ നടപടികള്‍: ധനമന്ത്രി

 

കൊച്ചി: വ്യാപാരികളെ ശക്തിപ്പെടുത്തിക്കൊണ്ടു തന്നെ നികുതിചോര്‍ച്ച തടയുന്നതിനുള്ള പരിപാടികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. പഴയനികുതി പിരിക്കുന്നതിലും നികുതിചോര്‍ച്ച തടയുന്നതിലും പ്രത്യേക ശ്രദ്ധപതിപ്പിക്കും. കടപരിശോധനയടക്കമുള്ള നടപടികളെക്കാള്‍, നികുതിയടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ വ്യാപാരികളുടെ വിവരശേഖരണത്തിനും ഇവര്‍ക്കെതിരെയുള്ള നടപടികള്‍ക്കുമായിരിക്കും മുന്‍ഗണനയെന്ന് മന്ത്രി വിശദീകരിച്ചു. ജില്ലയില്‍ വാണിജ്യനികുതി സമാഹരണം ഊര്‍ജിതമാക്കുന്നതിനുള്ള പ്രത്യേക ദൗത്യത്തിന്റെ — മിഷന്‍ എറണാകുളം 2016-17-ന്റെ ആദ്യപടിയായി കച്ചേരിപ്പടി ആശിര്‍ഭവനില്‍ സംഘടിപ്പിച്ച വാണിജ്യനികുതി ഓഫീസര്‍മാരുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തിന്റെ ആഭ്യന്തര ഓഡിറ്റ് വിഭാഗവും എക്കൗണ്ടന്റ് ജനറലും മുന്‍വര്‍ഷങ്ങളില്‍ നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം പല വ്യാപാരസ്ഥാപനങ്ങളും നികുതി കുടിശ്ശിക വരുത്തിയിട്ടുണ്ട്. ഇവ ചിട്ടയായി പരിശോധിച്ച് മുന്‍ഗണന നിശ്ചയിക്കാനും ഉടന്‍ നടപടികളെടുക്കുന്നതിനുമുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. കൂടുതല്‍ നികുതിസാധ്യതയുള്ളിടത്ത് ശ്രദ്ധ ചെലുത്തുമെന്നും വലിയതുകയുടെ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയും ചര്‍ച്ചയും പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഉയര്‍ന്ന ഉദ്യോഗസ്ഥരോടടക്കം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാനും വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ക്ക് വേദിയൊരുക്കും. ഇങ്ങനെ നികുതിച്ചോര്‍ച്ച വരുത്തിയ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള നടപടിയില്‍, ഓരോ വാണിജ്യനികുതി ഉദ്യോഗസ്ഥനും ആഴ്ച തോറും ഒരു ലക്ഷ്യം നിശ്ചയിക്കുകയും പ്രവര്‍ത്തനങ്ങള്‍ മേലുദ്യോഗസ്ഥര്‍ നിരീക്ഷിക്കുകയും ചെയ്യും. എറണാകുളം, മട്ടാഞ്ചേരി എന്നീ ഡിവിഷനുകള്‍ക്കു പുറമെ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ആലുവയോ പെരുമ്പാവൂരോ കേന്ദ്രമായി മറ്റൊരു ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫിസ് തുടങ്ങാനും ആലോചനയുണ്ട്.. എറണാകുളം മിഷന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ ഉദ്യോഗസ്ഥ പുനര്‍വിന്യാസം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഓഫീസ് നവീകരണം, കമ്പ്യൂട്ടര്‍ തുടങ്ങിയ സാമഗ്രികള്‍ക്കുള്ള ശുപാര്‍ശയും അടിയന്തിരമായി നല്കാന്‍ മന്ത്രി ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. നികുതിവരുമാനത്തില്‍ 25 ശതമാനം വളര്‍ച്ചയാണ് ബജറ്റിലെ ലക്ഷ്യം. സംസ്ഥാനത്ത് വില്‍പ്പനനികുതിയുടെ പകുതിയോളം സംഭാവന ചെയ്യുന്ന ജില്ല എന്ന നിലയിലാണ് നികുതി സമാഹരണത്തിന്റെ പ്രത്യേക ദൗത്യത്തിന് എറണാകുളത്ത് തുടക്കം കുറിച്ചത്. നികുതി പിരിവില്‍ എറണാകുളം ജില്ലയുടെ കാര്യക്ഷമതയാണ് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി നിര്‍ണ്ണയിക്കുന്ന സുപ്രധാന ഘടകം. ഈ വര്‍ഷത്തെ നികുതിലക്ഷ്യമായ 38,628 കോടി രൂപയില്‍ 18,681 കോടി രൂപ എറണാകുളം ജില്ലയില്‍നിന്നാണു ലഭിക്കേണ്ടത്. മൊത്തം വാണിജ്യനികുതിയുടെ 48.3 ശതമാനമാണിത്. ഒക്റ്റോബര്‍ വരെ എറണാകുളത്ത് 8434 കോടി രൂപയും മട്ടാഞ്ചേരിയില്‍ 848 കോടി രൂപയുമാണു ലഭിച്ചത്. ലക്ഷ്യത്തിന്റെ 89 ശതമാനം മാത്രം. ഇനിയുള്ള മാസങ്ങളില്‍ സെല്‍ഫ് അസസ്മെന്റ് വഴി എറണാകുളത്ത് 6725 കോടി രൂപയും മട്ടാഞ്ചേരിയില്‍ 610 കോടി രൂപയുമാണു പ്രതീക്ഷിക്കുന്നത്. 23% വര്‍ദ്ധന നികുതി വരുമാനത്തില്‍ കൈവരിക്കണമെങ്കില്‍ എറണാകുളത്ത് 1850 കോടി രൂപയും മട്ടാഞ്ചേരിയില്‍ 213 കോടി രൂപയും അഡീഷണല്‍ ഡിമാന്‍ഡില്‍ നിന്നു സമാഹരിക്കേണ്ടതുണ്ട്. എന്നാല്‍ ഇതുവരെ സമാഹരിച്ചത് യഥാക്രമം 28 കോടിയും 25 കോടിയും രൂപ വീതമാണ്. ലക്ഷ്യം പൂര്‍ണമായും കൈവരിച്ചില്ലെങ്കിലും അഡീഷണല്‍ ഡിമാന്‍ഡില്‍നിന്നുള്ള സമാഹരണത്തില്‍ കുതിച്ചുചാട്ടമുണ്ടാകേണ്ടതുണ്ടെന്നും അതിനുള്ള കര്‍മ്മപരിപാടിയാണ് മിഷന്‍ എറണാകുളമെന്നും മന്ത്രി പറഞ്ഞു. വാണിജ്യനികുതി കമ്മീഷണര്‍ ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, ജോയിന്റ് കമ്മീഷണര്‍മാരായ തുളസീധരന്‍ പിള്ള, വൈ സിയാവുദ്ദീന്‍, ബിജികുമാരി അമ്മ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

Comments

comments

Categories: Top Stories