താജ് ഹോട്ടല്‍ ശൃംഖല വിപുലീകരിക്കാനൊരുങ്ങുന്നു

താജ് ഹോട്ടല്‍ ശൃംഖല വിപുലീകരിക്കാനൊരുങ്ങുന്നു

 

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഹോട്ടല്‍ കമ്പനി ലിമിറ്റഡ് (ഐഎച്ച്‌സിഎല്‍) ഉടമസ്ഥതയിലുള്ള ആഡംബര ഹോട്ടല്‍ ശൃംഖലയായ താജ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ് ആഗോളതലത്തില്‍ ബിസിനസ് വിപുലീകരണത്തിന് ഒരുങ്ങുന്നു. ഇതോടനുബന്ധിച്ച് ഹോങ്കോംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ സംരംഭമായ ഷാന്‍ഗ്രി-ലാ ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ടുമായി താജ് സഹകരിക്കുന്നു. ആഗോളതലത്തില്‍ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനു വേണ്ടിയും പ്രവര്‍ത്തന ചെലവ് ചുരുക്കുന്നതിനു വേണ്ടിയുമാണ് ഷാന്‍ഗ്രി-ലാ ഹോട്ടല്‍ ശൃംഖലയുമായി താജ് ധാരണയായിട്ടുള്ളത്. ആഗോളതലത്തിലുള്ള മിക്ക ഹോട്ടല്‍ കമ്പനികളും ഏകീകരണത്തിനു ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി രംഗത്തുനിന്നും ഇത്തരമൊരു നീക്കം നടക്കുന്നത്.

സഹകരണത്തിന്റെ ആദ്യഘട്ടത്തില്‍ താജും ഷാന്‍ഗ്രി-ലായും തങ്ങളുടെ ബിസിനസ് പ്രോഗ്രാമുകളെ സംയോജിപ്പിക്കുകയായിരിക്കും ചെയ്യുക. രണ്ട് ഹോട്ടല്‍ ശൃംഖലകള്‍ക്കും കൂടി ലോകവ്യാപകമായി ആറ് മില്യണ്‍ ഉപയോക്താക്കളാണുള്ളത്. ഇതില്‍ താജ് ഹോട്ടല്‍ ശൃംഖലയില്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ളത് ഏകദേശം ഒരു മില്യണ്‍ ഉപഭോക്താക്കളാണ്. രണ്ടാം ഘട്ടത്തില്‍ ലോകവ്യാപകമായി വില്‍പ്പനയും വിതരണവും ഏകീകരിക്കാനാണ് ഇരു കമ്പനികളുടെയും പദ്ധതി. ഇതിനോടൊപ്പം ബ്രാന്‍ഡ് പ്രചാരണവും സംയുക്തമായി നടത്തും.
ഷാന്‍ഗ്രി-ലായുമായി ചേര്‍ന്ന് ചൈനയിലെയും, വടക്കേ ഏഷ്യയിലെയും ഉപയോക്താക്കളിലേക്ക് എത്തിച്ചേരാനാകുമെന്നാണ് താജ് പ്രതീക്ഷിക്കുന്നത്. ഇതുവരെ സാന്നിധ്യമില്ലാത്ത സിംഗപ്പൂര്‍, ഹോങ്കോംഗ്, ബാങ്ക്‌കോക്, വിയറ്റ്‌നാം എന്നീ വിപണികളിലെത്തുന്നതിനും ഷാന്‍ഗ്രി-ലായുമായുള്ള സഹകരണം സഹായിക്കും.
ഇന്ത്യയിലെ തങ്ങളുടെ സാന്നിദ്ധ്യം ശക്തമാണെങ്കിലും മറ്റു ഹോട്ടല്‍ സംരംഭങ്ങളെ അപേക്ഷിച്ച് ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ കമ്പനിക്കായിട്ടില്ലെന്നും ഇതിന് മാറ്റം വരുത്തുകയാണ് ഈ സഹകരണത്തിന്റെ പ്രധന ലക്ഷ്യമെന്നും താജ് റിസോര്‍ട്‌സ് ആന്‍ഡ് പാലസസ് ചീഫ് റെവന്യു ഓഫീസര്‍ ചിന്മയ് ശര്‍മ പറഞ്ഞു. മാര്‍ക്കറ്റിംഗിനു വേണ്ടിയുള്ള ചെലവ് ചുരുക്കുന്നതിനും ഈ ഏറ്റെടുക്കല്‍ ഗുണം ചെയ്യുമെന്നാണ് ശര്‍മയുടെ വിലയിരുത്തല്‍. ഇന്ത്യയില്‍ ബെംഗളൂരുവിലും ഡെല്‍ഹിയിലും മാത്രമാണ് ഷാന്‍ഗ്രി-ലാ ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്‌സ് സാന്നിധ്യമറയിച്ചിട്ടുള്ളത്. ഇന്ത്യന്‍ കമ്പനിയുമായുള്ള സഹകരണം ഇന്ത്യയലെ സാന്നിധ്യം ശക്തമാക്കുന്നതിന് ഷാന്‍ഗ്രി-ലാ യെയും സഹായിക്കും.

Comments

comments

Categories: Branding