പ്രാഥമിക സഹകരണ സംഘ അംഗങ്ങള്‍ക്ക് ജില്ലാ സഹകരണ ബാങ്കുകളിലൂടെ പണം പിന്‍വലിക്കാം; സഹകരണ ബാങ്കുകളിലെ വായ്പകള്‍ക്ക് മാര്‍ച്ച് 31 വരെ മൊറൊട്ടോറിയം

പ്രാഥമിക സഹകരണ സംഘ അംഗങ്ങള്‍ക്ക് ജില്ലാ സഹകരണ ബാങ്കുകളിലൂടെ പണം പിന്‍വലിക്കാം;  സഹകരണ ബാങ്കുകളിലെ വായ്പകള്‍ക്ക് മാര്‍ച്ച് 31 വരെ മൊറൊട്ടോറിയം

 

തിരുവനന്തപുരം: നോട്ട് അസാധുവാക്കിയതിനെതുടര്‍ന്ന് പ്രതിസന്ധിയിലായ സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം. പ്രാഥമിക സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് ജില്ലാ സഹകരണ ബാങ്ക് വഴി പണം പിന്‍വലിക്കാമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ആഴ്ചതോറും 24,000 രൂപ വരെ ഇത്തരത്തില്‍ പിന്‍വലിക്കാന്‍ കഴിയും.

ഇതിന്റെ ഭാഗമായി ജില്ലാ ബാങ്കില്‍ മിറര്‍ എക്കൗണ്ടുകള്‍ തുടങ്ങാമെന്ന് മന്ത്രി പറഞ്ഞു. പ്രാഥമിക സഹകരണ സംഘത്തില്‍ എക്കൗണ്ടുള്ള ഇടപാടുകാരന് ജില്ലാ സഹകരണ ബാങ്കില്‍ എക്കൗണ്ട് അനുവദിക്കുന്നതാണ് മിറര്‍ എക്കൗണ്ട്. 500, 1000 കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതിനെതുടര്‍ന്ന് പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചവര്‍ക്ക് പണം പിന്‍വലിക്കാനാവാത്ത സ്ഥിതിയായിരുന്നു. ഇപ്പോഴത്തെ തീരുമാനം ഇടപാടുകാര്‍ക്ക് താല്‍ക്കാലിക ആശ്വാസമാകും. ഉന്നതതല സഹകാരി യോഗത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. സമാന രീതിയില്‍ വായ്പയും ലഭ്യമാക്കും. ഇതോടൊപ്പം പ്രാഥമിക സഹകരണ ബാങ്കുകളില്‍ എക്കൗണ്ട് തുടങ്ങുന്നതിന് കെവൈസി നിര്‍ബന്ധമാക്കാനും തീരുമാനിച്ചു. ഇടപാടുകാരോട് ആധാര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ആവശ്യപ്പെടും.

സഹകരണ ബാങ്കുകളിലെ വായ്പകള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. മാര്‍ച്ച് 31 വരെ വായ്പകളിന്‍മേല്‍ ജപ്തി നടപടികള്‍ ഉണ്ടാവില്ല. മറ്റു തരത്തിലുള്ള പിഴകളും ഉണ്ടാവില്ല. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനങ്ങളെടുത്തത്.

നോട്ട് ക്ഷാമത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ശമ്പള വിതരണം പ്രതിസന്ധിയിലാണെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം ചര്‍ച്ച ചെയ്യാന്‍ ധനകാര്യ സെക്രട്ടറി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് ശമ്പളവും പെന്‍ഷനും നല്‍കുന്നതിന് എങ്ങനെ നല്‍കുമെന്ന ആശങ്കയിലാണ് സംസ്ഥാന സര്‍ക്കാര്‍.

എന്നാല്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് പറഞ്ഞു. സഹകരണ ബാങ്കുകളിന്‍മേല്‍ ആര്‍ബിഐക്ക് പൂര്‍ണ നിയന്ത്രണം വേണമെന്ന വാദം ജനാധിപത്യ വിരുദ്ധമാണ്. ഇത് അംഗീകരിക്കില്ലെന്നും സഹകരണ മേഖലയുടെ പ്രവര്‍ത്തനം സുതാര്യമാണെന്നും കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്ന വാദം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ബിഐക്കും എന്‍ഫോഴ്‌സ്‌മെന്റിനും പരിശോധനകള്‍ നടത്താവുന്നതാണ്. സഹകരണ ബാങ്കുകളെ സംരക്ഷിക്കാന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*