ബിസിനസ് യാത്രികരില്‍ മുന്നില്‍ ഹൈദരാബാദ്; തിരുവനന്തപുരത്തു നിന്ന് കൂടുതല്‍ വിനോദയാത്രക്കാര്‍

ബിസിനസ് യാത്രികരില്‍ മുന്നില്‍ ഹൈദരാബാദ്; തിരുവനന്തപുരത്തു നിന്ന് കൂടുതല്‍ വിനോദയാത്രക്കാര്‍

 

ഹെദരാബാദ് : ഹൈദരാബാദില്‍ നിന്നുള്ള വിമാന യാത്രക്കാരില്‍ പകുതിയിലേറെ പേരും ബിസിനസ്-ഔദ്യോഗിക ആവശ്യങ്ങള്‍ക്കാണ് സഞ്ചരിക്കുന്നതെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഹൈദരാബാദില്‍നിന്ന് പറക്കുന്നവരില്‍ 53 ശതമാനം പേരാണ് ബിസിനസ് ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നത്. ഇക്കാര്യത്തില്‍ മുംബൈ, തിരുവനന്തപുരം നഗരങ്ങളെയാണ് ഹൈദരാബാദ് പിന്നിലാക്കിയത്.

മുംബൈയില്‍ നിന്ന് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവരില്‍ 28 ശതമാനം പേര്‍ മാത്രാണ് ബിസിനസ് ആവശ്യങ്ങള്‍ക്കായി സഞ്ചരിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് 25 ശതമാനം പേരും ഇത്തരത്തില്‍ ബിസിനസ് യാത്ര നടത്തുന്നു. എമിറേറ്റ്‌സ് എയര്‍ലൈന്‍സിനുവേണ്ടി ലീഡ് ക്യാപ് വെഞ്ചേഴ്‌സ് ആണ് സര്‍വേ നടത്തിയത്. വിമാനയാത്രികരുടെ പതിവുകളും മനഃസ്ഥിതിയും അറിയുന്നതിനാണ് സര്‍വേ സംഘടിപ്പിച്ചത്. മുംബൈ, ഹൈദരാബാദ്, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നായി 1,100 യാത്രക്കാര്‍ സര്‍വേയില്‍ പങ്കെടുത്തു.

മുംബൈയില്‍നിന്ന് പകുതിയോളം പേര്‍ അവധിക്കാലം ആഘോഷിക്കുന്നതിനാണ് പറക്കുന്നത്. തിരുവന്തപുരത്തുനിന്നാണെങ്കില്‍ 34 ശതമാനം പേരാണ് വിനോദയാത്രയ്ക്കായി വിമാനമാര്‍ഗം തെരഞ്ഞെടുക്കുന്നത്. തിരുവനന്തപുരത്തുനിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്നതും ഒഴിവുസമയം ആഘോഷിക്കാന്‍ തന്നെ.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 75 ശതമാനത്തിലധികം പേര്‍ ഇക്കോണമി ക്ലാസിലാണ് യാത്ര ചെയ്യുന്നത്. ഫസ്റ്റ് ക്ലാസ്/ബിസിനസ് ക്ലാസുകളില്‍ സഞ്ചരിക്കുന്നവരില്‍ ഭൂരിപക്ഷം പേരും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് തന്നെയാണ് യാത്ര ചെയ്യുന്നത്. ഏറ്റവുമധികം ബാഗ്ഗേജുകളുമായി യാത്ര ചെയ്യുന്നത് മുംബൈക്കാരാണ്. സര്‍വേയില്‍ പങ്കെടുത്ത 40 ശതമാനം പേരും ഒരു മാസം മുമ്പ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണ്.

സര്‍വേയില്‍ പങ്കെടുത്ത മൂന്നില്‍രണ്ട് പേരും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ട്രാവല്‍ ഏജന്‍സിയെ ആശ്രയിക്കുമ്പോള്‍ മറ്റുള്ളവര്‍ എയര്‍ലൈന്‍ വെബ്‌സൈറ്റുകളിലാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. കാല്‍ഭാഗം യാത്രക്കാര്‍ മൊബീല്‍ ആപ്പ് വഴി ബുക്ക് ചെയ്യുന്നു.

Comments

comments

Categories: Business & Economy