മോര്‍ഗന്‍ സ്റ്റാന്‍ലി വീണ്ടും ഫ്‌ളിപ്കാര്‍ട്ടിന്റെ മൂല്യം കുറച്ചു

മോര്‍ഗന്‍ സ്റ്റാന്‍ലി വീണ്ടും ഫ്‌ളിപ്കാര്‍ട്ടിന്റെ മൂല്യം കുറച്ചു

ബെംഗളൂരു : പ്രമുഖ ഇന്ത്യന്‍ ഇ-കോമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ മൂല്യനിര്‍ണയത്തില്‍ കമ്പനിയുടെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപകരിലൊന്നായ മോര്‍ഗന്‍ സ്റ്റാന്‍ലി വീണ്ടും കുറവു വരുത്തി. ഫ്‌ളിപ്കാര്‍ട്ടിലെ തങ്ങളുടെ ഓഹരികളുടെ മൂല്യം 38 ശതമാനം കുറച്ച് ഒരു ഓഹരിക്ക് 52.13 ഡോളറായാണ് മോര്‍ഗന്‍ സ്റ്റാന്‍ലി നിജപ്പെടുത്തിയത്. ഇതോടെ ഫ്‌ളിപ്കാര്‍ട്ടിന്റെ മൊത്തം മൂല്യം 5.54 ബില്യണ്‍ ഡോളറായി. 2015 ജൂലൈയില്‍ 15 ബില്യണ്‍ ഡോളറായിരുന്ന സ്ഥാനത്താണിത്. ഫ്‌ളിപ്കാര്‍ട്ടില്‍ 1,969 ഓഹരികളുള്ള മോര്‍ഗന്‍ സ്റ്റാന്‍ലി ഇത് ഈ വര്‍ഷം നാലാം തവണയാണ് കമ്പനിയുടെ മൂല്യനിര്‍ണയത്തില്‍ കുറവു വരുത്തുന്നത്.

പുതിയ നിക്ഷേപം സ്വീകരിക്കാന്‍ ഫ്‌ളിപ്കാര്‍ട്ട് തയാറെടുക്കുന്നതിനിടെയാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ ഇപ്പോഴത്തെ തീരുമാനം. ഏറ്റവും അവസാനം 2015 ജൂലൈയിലാണ് ഫ്‌ളിപ്കാര്‍ട്ട് 700 മില്യണ്‍ ഡോളര്‍ സമാഹരിച്ചത്. ആക്‌സെല്‍, ടൈഗര്‍ ഗ്ലോബല്‍, നാസ്‌പെര്‍സ്, ജിഐസി, ഡിഎസ്ടി ഗ്ലോബല്‍ എന്നിവയാണ് ഫ്‌ളിപ്കാര്‍ട്ടിലെ പ്രമുഖ നിക്ഷേപകര്‍. ബിന്നി ബന്‍സാല്‍ നേതൃത്വം നല്‍കുന്ന കമ്പനി പുതുതായി ഒരു ബില്യണ്‍ വരെ ഡോളര്‍ സമാഹരിക്കാനാണ് തയാറെടുക്കുന്നത്. ഫ്‌ളിപ്കാര്‍ട്ടിന്റെ തൊട്ടടുത്ത എതിരാളിയായ ആമസോണ്‍ ഇന്ത്യയില്‍ പുതുതായി 3 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഈ വര്‍ഷമാദ്യം പ്രഖ്യാപിച്ചിരുന്നു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ മോര്‍ഗന്‍ സ്റ്റാന്‍ലി ഫ്‌ളിപ്കാര്‍ട്ടിലെ തങ്ങളുടെ ഹോള്‍ഡിംഗ് മൂല്യം 27 ശതമാനം കുറച്ചിരുന്നു. തുടര്‍ന്ന് മെയ് മാസത്തില്‍ 15.5 ശതമാനം വീണ്ടും കുറച്ചു. ജൂണ്‍ പാദത്തില്‍ മോര്‍ഗന്‍ സ്റ്റാന്‍ലി ഒരിക്കല്‍ക്കൂടി ഫ്‌ളിപ്കാര്‍ട്ടിലെ തങ്ങളുടെ ഓഹരികളുടെ മൂല്യം പ്രതിഓഹരിക്ക് 84.29 ഡോളര്‍ എന്ന നിലയിലേക്ക് താഴ്ത്തി.
ഏകദേശം മൂന്നാഴ്ച മുമ്പ് ഫ്‌ളിപ്കാര്‍ട്ടിലെ മറ്റ് രണ്ട് നിക്ഷേപകരായ വാലിക്, ഫിഡെലിറ്റി എന്നിവയും തങ്ങളുടെ ഓഹരികളുടെ മൂല്യനിര്‍ണയത്തില്‍ കുറവു വരുത്തിയിരുന്നു. ഓഗസ്റ്റ് അവസാനം വാലിക് ഒരു ഓഹരിക്ക് 11.3 ശതമാനം കുറച്ച് 95.84 ഡോളറായാണ് നിര്‍ണയിച്ചത്. അതുപോലെ ഫിഡെലിറ്റി തങ്ങളുടെ ഓഹരികളുടെ മൂല്യം 3.2 ശതമാനം കുറച്ച് ഒരു ഓഹരിക്ക് 81.55 ഡോളറിലെത്തിച്ചു. ടി റോവ് പ്രൈസ്, വാന്‍ഗാര്‍ഡ് എന്നിവയും നേരത്തെ ഫ്‌ളിപ്കാര്‍ട്ടിലെ തങ്ങളുടെ ഒഹരികളുടെ മൂല്യ നിര്‍ണയത്തില്‍ കുറവു വരുത്തിയിട്ടുണ്ട്.

Comments

comments

Categories: Branding

Related Articles