ലഫ്റ്റനന്റ് ജനറല്‍ ഖമര്‍ ജാവേദ് ബജ്വ: പാക് സൈന്യത്തിലെ കറുത്ത കുതിര

ലഫ്റ്റനന്റ് ജനറല്‍ ഖമര്‍ ജാവേദ് ബജ്വ: പാക് സൈന്യത്തിലെ കറുത്ത കുതിര

നവംബര്‍ 26നു പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യത്തിന്റെ പുതിയ കരസേനാ മേധാവിയെ തെരഞ്ഞെടുക്കുകയുണ്ടായി. നവംബര്‍ 29നു വിരമിച്ച ജനറല്‍ രഹീല്‍ ഷെരീഫിന്റെ പിന്‍ഗാമിയായി ലഫ്റ്റനന്റ് ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയെയാണു നവാസ് ഷെരീഫ് തെരഞ്ഞെടുത്തത്. ജനറല്‍ ബജ്‌വയെ കൂടാതെ, ചെയര്‍മാന്‍ ഓഫ് ദി ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയിലേക്ക് ലഫ്റ്റനന്റ് ജനറല്‍ സുബൈര്‍ ഹയാത്തിനെയും പ്രധാനമന്ത്രി നവാസ് ഷെരീഫ് നിയമിക്കുകയുണ്ടായി. അയല്‍രാജ്യങ്ങളായ ഇന്ത്യയും അഫ്ഗാനിസ്ഥാനുമായും മോശം ബന്ധത്തിലൂടെയാണു പാകിസ്ഥാന്‍ കടന്നു പോകുന്നത്. ഇതിനു പുറമേ ആഭ്യന്തരതലത്തില്‍ തീവ്രവാദ സംഘടനകളെ നിയന്ത്രിക്കുന്നതു പോലുള്ള വിഷയത്തില്‍ പാകിസ്ഥാന്‍ ഒട്ടേറേ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്ന സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തിലാണ് പാകിസ്ഥാന്റെ പട്ടാള മേധാവിയായി പുതിയ ഒരു ഉദ്യോഗസ്ഥന്‍ നിയമിതനാകുന്നത്.2013 നവംബറിലാണു ജനറല്‍ രഹീല്‍ ഷെരീഫ് പാക് കരസേനാ മേധാവിയായി ചുമതലയേറ്റത്. ഇദ്ദേഹത്തിന്റെ കാലയളവിലാണ് പാകിസ്ഥാന്‍ നിര്‍ണായക ഘട്ടങ്ങളിലൂടെ കടന്നുപോയതും. മൂന്ന് വര്‍ഷത്തെ സേവനത്തിനു ശേഷം മുന്‍ഗാമികളെ പോലെ സേവന കാലാവധി നീട്ടി വാങ്ങാനൊന്നും തയാറാകാതെയാണു ജനറല്‍ രഹീല്‍ ഷെരീഫ് നവംബര്‍ 29നു വിരമിച്ചത്.

എല്ലാ കണ്ണുകളും ഇപ്പോള്‍ പുതിയ കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയിലാണ്. ഓരോ പാകിസ്ഥാനികള്‍ക്കും ബജ്‌വയിലുള്ള പ്രതീക്ഷകള്‍ വാനോളമാണ്. സേനാ തലവന് പ്രധാനമന്ത്രിയോടൊപ്പമോ അതിനേക്കാള്‍ ഏറെയോ പരമപ്രധാനമായൊരു സ്ഥാനം കല്‍പിക്കുന്ന പാകിസ്ഥാന്‍ പോലൊരു രാജ്യത്ത് ഇത്തരത്തില്‍ പുതുതായി നിയമിതനാകുന്ന സൈനിക മേധാവിയില്‍ പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തുന്നതു സ്വാഭാവികം മാത്രം. അതു കൊണ്ടു തന്നെയാണു പാകിസ്ഥാനില്‍ സൈനിക മേധാവിയുടെ സ്ഥാനാരോഹണ ചടങ്ങിന് എന്നും രാഷ്ട്രീയ പ്രാധാന്യം ലഭിക്കുന്നതും.
സൈനിക മേധാവി സ്ഥാനത്തേയ്ക്കു പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നതു കറുത്ത കുതിരയെയാണ്. ബലോച് റജിമെന്റിലെ ഇന്‍ഫന്ററി ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുള്ള ബജ്‌വ, പാകിസ്ഥാന്‍ ആര്‍മിയുടെ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് ട്രെയ്‌നിംഗ് ആന്‍ഡ് ഇവാല്യുവേഷന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.
കശ്മീര്‍ വിഷയത്തിലും പാകിസ്ഥാനിലെ വടക്കന്‍പ്രദേശത്തും പാക് സൈന്യം നടത്തിയിട്ടുള്ള ഇടപെടലില്‍ മുഖ്യപങ്ക് വഹിച്ചിട്ടുള്ള ബജ്‌വ, തീവ്രനിലപാടുകാരനായിട്ടാണ് അറിയപ്പെടുന്നത്. ജനറല്‍ ബജ്‌വയെ തെരഞ്ഞെടുക്കാനുള്ള ഷെരീഫിന്റെ തീരുമാനം തികച്ചും രാഷ്ട്രീയമാണ്. പ്രഫഷണലിസവും എക്‌സ്പീരിയന്‍സും ചോദ്യം ചെയ്യപ്പെടുന്നില്ലെങ്കില്‍ പോലും സൈനിക തലവന്‍ ജനറല്‍ രഹീലിന്റെ പിന്‍ഗാമിയായി ബജ്‌വയെ തീരുമാനിച്ചപ്പോള്‍ സീനിയോറിറ്റിയോ മെറിറ്റോ അല്ല പ്രധാനമന്ത്രി നവാസ് ഷെരീഫ് മാനദണ്ഡമാക്കിയതെന്നതും ശ്രദ്ധേയമാണ്. പകരം പ്രധാനമന്ത്രി സ്ഥാനം പോലെ സിവിലിയന്‍ അധികാരം വഹിക്കുന്നവര്‍ക്കു വഴങ്ങുന്നവനായിരിക്കണം പുതിയ സൈനിക മേധാവിയെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് തീരുമാനിച്ചിരുന്നു. 1999ലെ സൈനിക അട്ടിമറി നവാസ് ഷെരീഫ് ഈയവസരത്തില്‍ ഓര്‍ത്തു കാണണം.
നവാസ് ഷെരീഫ് മൂന്നാം തവണയാണു സൈനിക തലവനെ നിയമിക്കുന്നത്. ഓരോ തവണയും സൈനിക തലവന്മാരെ നിയമിച്ചപ്പോള്‍ ലിസ്റ്റില്‍ ഏറ്റവും താഴെയുള്ളവരെയായിരുന്നു അദ്ദേഹം നിയമിച്ചത്. എന്നിട്ടു പോലും ഇവരുമായി ഒരിക്കല്‍ പോലും സംഘര്‍ഷ മുക്തമായൊരു ബന്ധമായിരുന്നില്ല ഷെരീഫ് പുലര്‍ത്തിയിരുന്നത്. പട്ടാള മേധാവികളുമായുള്ള കലഹം കാരണം ഷെരീഫിനെ ഒരിക്കല്‍ സൈന്യം അധികാരഭ്രഷ്ടനാക്കുകയും ചെയ്തതു ചരിത്രം. പുതിയ സേനാ മേധാവിയെ തെരഞ്ഞെടുത്തപ്പോള്‍ ഷെരീഫ് തീര്‍ച്ചയായും ഈ ഘടകം പരിഗണിച്ചിരുന്നു എന്നത് വ്യക്തം.
ശക്തമായൊരു ജനാധിപത്യ സര്‍ക്കാര്‍ പാകിസ്ഥാന് എന്നും സ്വപ്‌നമായിരുന്നു. സര്‍ക്കാരില്‍ നിലനിന്ന അസന്തുലിതാവസ്ഥ കാരണം പട്ടാളം ഭരണമേറ്റെടുത്തിട്ടുണ്ട് പലവട്ടം. അതു കൊണ്ടു തന്നെയാണു പട്ടാളത്തിനു പാകിസ്ഥാന്റെ വിദേശ ആഭ്യന്തര സുരക്ഷാ നയങ്ങളില്‍ സ്വാധീനം ചെലുത്താനായതും. അധികാരത്തിനു വേണ്ടിയുള്ള കടിപിടിയാണു പാകിസ്ഥാനിലെ ജനാധിപത്യ സംവിധാനത്തെ അസ്ഥിരമാക്കിയത്. ഇതാകട്ടെ, രാജ്യത്തിന്റെ നിയന്ത്രണമേറ്റെടുക്കാന്‍ പട്ടാളത്തെ പ്രേരിപ്പിക്കുകയും ചെയ്തു. പാകിസ്ഥാനില്‍ നിലനില്‍ക്കുന്ന സുരക്ഷാ ഭീഷണിയും ഇതിനെ നേരിടാനുള്ള സര്‍ക്കാരിന്റെ കഴിവില്ലായ്മയുമാണു ഇന്നും പട്ടാളത്തെ കൂടുതല്‍ ആശ്രയിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.
ബജ്‌വ പുതുതായി പട്ടാള മേധാവിയാകുമ്പോഴും പാകിസ്ഥാന്റെ ആഭ്യന്തര സുരക്ഷ, വിദേശനയം എന്നിവയില്‍ കാര്യമായ മാറ്റങ്ങളൊന്നും വരാനിടയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നത്. ഇന്ത്യയോടുള്ള സമീപനത്തിലും കാര്യമായ മാറ്റം പ്രതീക്ഷിക്കേണ്ടതില്ലെന്ന് അവര്‍ പറയുന്നു.
ഇപ്പോള്‍ പുതിയ സൈനിക മേധാവിയായി തെരഞ്ഞെടുക്കപ്പെട്ട ജനറല്‍ ബജ്‌വയ്ക്കു easy going officer എന്ന വിശേഷണമുണ്ട്. എന്നാല്‍ ജോലിയില്‍ കണിശത പുലര്‍ത്തുന്ന ഉദ്യോഗസ്ഥന്‍ കൂടിയാണ്. പാകിസ്ഥാന്റെ സൈനിക തലത്തില്‍ പരമ്പരാഗതമായി നിലനില്‍ക്കുന്ന കീഴ്‌വഴക്കം പരിഗണിക്കുമ്പോള്‍ ബജ്‌വ എളുപ്പം വഴങ്ങുന്ന പ്രകൃതക്കാരനാണെന്നു കരുതാനും വയ്യ.

Comments

comments

Categories: World