ജിഡിപിയുടെ മൂന്ന് ശതമാനവും നഷ്ടമാകുന്നത് റോഡപകടങ്ങളില്‍: യുഎന്‍

ജിഡിപിയുടെ മൂന്ന് ശതമാനവും നഷ്ടമാകുന്നത് റോഡപകടങ്ങളില്‍: യുഎന്‍

ന്യൂഡെല്‍ഹി: ഓരോ വര്‍ഷവും ഇന്ത്യയിലുണ്ടാകുന്ന റോഡപകടങ്ങളിലൂടെ നഷ്ടമാകുന്നത് മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ മൂന്ന് ശതമാനമാണെന്ന് ഐക്യ രാഷ്ട്രസഭയുടെ പഠനം. 58,000 മില്ല്യന്‍ ഡോളറാണ് ഇന്ത്യയുടെ പൊതുസമ്പാദ്യത്തില്‍ നിന്ന് ഇത്തരം റോഡപകടങ്ങളിലൂടെ ചെലവാകുന്നതെന്ന് ഏഷ്യയ പസഫിക് മേഖലയിലിലേക്കുള്ള യുണൈറ്റഡ് നേഷന്‍സ് ഇക്ക്‌ണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മീഷന്‍ (യുനെസ്‌കാപ്) നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ഏഷ്യ പസഫിക് മേഖലയിലെ 19 രാജ്യങ്ങളിലാണ് യുഎന്‍ പഠനം നടത്തിയത്. ചെലവാക്കുന്ന തുകയുടെ അടിസ്ഥാനത്തില്‍ ജപ്പാന്‍ മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. പ്രതിവര്‍ഷം 63,000 മില്ല്യന്‍ ഡോളറാണ് ജപ്പാന്‍ റോഡപകടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ചെലവഴിക്കുന്നത്. അതേസമയം, ജിഡിപി അടിസ്ഥാനത്തില്‍ ഇറാനാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ആറ് ശതമാനത്തോളമാണ് ഇറാന്‍ ഇതിനായി ചെലവാക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.
ഈ 19 രാജ്യങ്ങളും ചേര്‍ന്ന് ഒരു വര്‍ഷം റോഡപകടങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ചെലാവാക്കുന്നത് 293,568 മില്ല്യന്‍ ഡോളറാണെന്ന് ഈ മേഖലയിലെ ട്രാന്‍സ്‌പോര്‍ട്ട് പോളിസി ഡെവലപ്‌മെന്റ് സെക്ഷന്‍ എന്നിവയുടെ മുഖ്യ ചുമതല വഹിക്കുന്ന പീറ്റര്‍ ഒനെയ്ല്‍ വ്യക്തമാക്കി. ഇരു ചക്രവാഹനങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുക എന്ന വിഷയത്തില്‍ ഡെല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഇന്ത്യയില്‍ വന്‍തോതില്‍ വര്‍ധിച്ചു വരുന്ന റോഡപടക മരണങ്ങളില്‍ ആശങ്കയറിയിച്ച അദ്ദേഹം റോഡ് ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ മികച്ച നയങ്ങളും ശക്തമായ നിയമങ്ങളും പ്രാബല്യത്തില്‍ വരുത്തണമെന്ന് നിര്‍ദേശിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ റോഡപകടമരണങ്ങള്‍ നടക്കുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്കാണ്. ഇത് പരിഹരിക്കുന്നതിന് കൂടുതല്‍ പ്രധാന്യം നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഷ്യപസഫിക് മേഖലയിലുള്ള റോഡുകളില്‍ ഒാരോ 40 സെക്കന്‍ഡുകളിലും ഒരാള്‍ എന്ന തോതിലാണ് അപകട മരണങ്ങള്‍ നടക്കുന്നത്. ആഴ്ചയില്‍ 15,000 ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുന്നു. ഇത് ഒഴിവാക്കുന്നതിന് സേഫ്റ്റി മാനേജ്‌മെന്റ് ആവശ്യമാണ്. സുരക്ഷയുള്ള റോഡുകള്‍, വാഹനങ്ങള്‍ ഒരുക്കുകയും അപകടമുണ്ടായാല്‍ ഏത്രയും പെട്ടെന്ന് അതിനുള്ള നടപടികള്‍ കൈകൊള്ളാനുള്ള സൗകര്യവുമൊരുക്കലാണ് ഇതില്‍ ഏറ്റവും നിര്‍ണായകം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories