ഹെല്‍മറ്റ് വേണോ, ജീവന്‍ വേണോ?

ഹെല്‍മറ്റ് വേണോ, ജീവന്‍ വേണോ?

ന്യൂഡെല്‍ഹി: ഹെല്‍മറ്റില്ലാത്തതാണ് ഇരുചക്രവാഹന അപകടമരണങ്ങള്‍ക്ക് മുഖ്യമായും കാരണമെന്ന് ഐക്യ രാഷ്ട്രസഭയുടെ ഏറ്റവും പുതിയ പഠനം. രാജ്യത്തെ റോഡുകളില്‍ നടക്കുന്ന അപകടമരണങ്ങളില്‍ പത്തില്‍ നാല് ആളുകള്‍ മരണപ്പെടുന്നത് കൃത്യമായ ഹെല്‍മറ്റ് ഉപയോഗിക്കാത്തതിനാലാണെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. ഹെല്‍മറ്റില്ലാത്തതിനാല്‍ ഒരു വര്‍ഷം ശരാശരി 15,000 ആളുകള്‍ക്കാണ് റോഡുകള്‍ മരണക്കളമാകുന്നത്.
ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയാണ് ഇരുചക്രവാഹന അപകടങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതെന്നാണ് ഏറ്റവും തിരിച്ചടിയാകുന്ന വസ്തുത. കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയില്‍ 36,800 ആളുകള്‍ക്കാണ് ഇരുചക്ര വാഹന അപകടങ്ങളിലൂടെ ജീവന്‍ നഷ്ടമായത്. 93,400 ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സുരക്ഷയ്ക്ക് ഏറ്റവും കുറഞ്ഞ പ്രധാന്യം നല്‍കുന്നതാണ് ഇത് സൂചിപ്പിക്കുന്നതെന്ന് യുഎന്‍ മോട്ടോര്‍സൈക്കിള്‍ ഹെല്‍മറ്റ് പഠനം വ്യക്തമാക്കുന്നു.
കാറുകളിലുള്ള ഡ്രൈവര്‍മാരേക്കാള്‍ 26 മടങ്ങ് അപകട മരണ സാധ്യതയാണ് ഇരുചക്ര വാഹന റൈഡര്‍മാര്‍ക്കുള്ളതെന്നും പഠനത്തിലുണ്ട്. ഹെല്‍മറ്റ് ധരിച്ചു വാഹനമോടിച്ചാല്‍ 42 ശതമാനത്തോളം അപകട സാധ്യത കുറയുമെന്നും പരുക്കേല്‍ക്കുന്നതിന് 69 ശതമാനത്തോളം സാധ്യത കുറയുമെന്നും യുഎന്‍ ചൂണ്ടിക്കാണിക്കുന്നു.
ലോകത്ത് 2008 മുതല്‍ 2020 വരെ മോട്ടോര്‍സൈക്കിള്‍ അപകടങ്ങളിലൂടെ 34 ലക്ഷം മരണങ്ങള്‍ നടക്കുമെന്നാണ് വിലയിരുത്തലുകള്‍. ഉചിതമായ ഹെല്‍മറ്റ് ധരിക്കുകയാണെങ്കില്‍ ഇതില്‍ 14 ലക്ഷം റൈഡര്‍മാര്‍ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. പഠനത്തില്‍ പറയുന്നു.
കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലാണ് ഇരുചക്ര വാഹനങ്ങള്‍ കൂടുതലായി യാത്രകള്‍ക്ക് ഉപയോഗിക്കുന്നത്. ഇത്തരം രാജ്യങ്ങള്‍ ഇരുചക്രവാഹന യാത്രകള്‍ സുരക്ഷിതമാക്കുന്നതിന് കൂടുതല്‍ നടപടികള്‍ എടുക്കണമെന്ന് യുഎന്‍ പഠനത്തില്‍ നിര്‍ദേശിക്കുന്നു. ഹെല്‍മറ്റ് ധരിക്കുകയും അത് കൃത്യമായി തലയില്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്താല്‍ 90 ശതമാനം അപകടമരണങ്ങളും ഒഴിവാക്കാനാകുമെന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്റ്ററും ഡീനുമായ ഡോ. എംസി മിശ്ര അഭിപ്രായപ്പെട്ടു. സൗത്ത് ഈസ്റ്റ് ഏഷ്യയിലുണ്ടായ മോട്ടോര്‍സൈക്കിള്‍ വളര്‍ച്ചയാണ് വലിയ പ്രശ്‌നമാണെന്ന് റോഡ് സുരക്ഷ വിദഗ്ധന്‍ റോഹിത് ബലുജ വ്യക്തമാക്കി.
ഇന്ത്യയില്‍ 78 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. അതേസമയം, വിയറ്റ്‌നാമില്‍ ഇത് 95 ശതമാനവുമാണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ഈ മേഖലയിലെ രാജ്യങ്ങള്‍ ഒരുമിച്ച് മുന്നോട്ട് വരികയും ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളില്‍ ഇരുചക്രവാഹന അപകട മരണം 99 ശതമാനമായി ഉയരുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി. പുതിയ നിയമങ്ങള്‍ നടപ്പിലാക്കുകയും കനം കുറഞ്ഞതും സ്മാര്‍ട്ടുമായ ഹെല്‍മറ്റുകള്‍ നിര്‍മിക്കാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കുകയും ഈ രാജ്യങ്ങള്‍ ചെയ്യണമെന്നും യുഎന്‍ വ്യക്തമാക്കി.

Comments

comments

Categories: Life