ഏഷ്യന്‍ യൂത്ത് കരാട്ടെ ചാമ്പ്യന്‍ഷിപ്പ്: കാശ്മീരി ബാലന് ഫൈനല്‍ വിജയം

ഏഷ്യന്‍ യൂത്ത് കരാട്ടെ ചാമ്പ്യന്‍ഷിപ്പ്:  കാശ്മീരി ബാലന് ഫൈനല്‍ വിജയം

 

ന്യൂഡല്‍ഹി: ഏഷ്യന്‍ യൂത്ത് കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ജമ്മു കാശ്മീര്‍ സ്വദേശിയായ ഏഴ് വയസുകാരന് ഫൈനല്‍ വിജയം. കാശ്മീരിലെ ബന്ദിപോര ജില്ലയില്‍ നിന്നുള്ള ഹാഷിം മന്‍സൂറാണ് കാരാട്ടെ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി ഇന്ത്യയുടെ അഭിമാന താരമായി മാറിയത്.

ഇരുപത്തി അഞ്ച് കിലോ ഗ്രാമില്‍ താഴെയുള്ള സബ് ജൂനിയര്‍ വിഭാഗത്തിലാണ് ഹാഷിം മന്‍സൂര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചത്. നവംബര്‍ ആദ്യ വാരം ശ്രീനഗറില്‍ നടന്ന ടൂര്‍ണമെന്റിന് ശേഷമാണ് ഹാഷിം ഏഷ്യന്‍ യൂത്ത് കരാട്ടെ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയത്.

പത്തൊന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളായിരുന്നു ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ഫൈനല്‍ മത്സരത്തില്‍ ശ്രീലങ്കയില്‍ നിന്നുള്ള എതിരാളിയെ പരാജയപ്പെടുത്തിയാണ് ഹാഷിം മന്‍സൂര്‍ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയത്.

ഭൂട്ടാന്‍, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള എതിരാളികളെ മറികടന്നെത്തിയതിന് ശേഷമായിരുന്നു രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹാഷിം മന്‍സൂറിന്റെ ശ്രീലങ്കന്‍ താരത്തിനെതിരായ ഫൈനല്‍ റൗണ്ട് വിജയം.

അടുത്ത വര്‍ഷം യൂറോപ്പില്‍ നടക്കാനിരിക്കുന്ന ലോക യൂത്ത് കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനും ഹാഷിം മന്‍സൂറിന് യോഗ്യത ലഭിച്ചിട്ടുണ്ട്. ബന്ദിപ്പോരയിലെ നിദിഹാല്‍ സ്വദേശിയായ മന്‍സൂര്‍ അഹമ്മദ് ഷായുടെ മകനാണ് ഹാഷിം മന്‍സൂര്‍.

അഞ്ച് വയസ് മുതലാണ് ഹാഷിം കാരാട്ടെ പരിശീലനം ആരംഭിച്ചതെന്നും ഇത്രയും ചെറുപ്പത്തില്‍ തന്നെ അഭിമാന നേട്ടം കൈവരിക്കാനായതില്‍ വളരെയധികം സന്തോഷമുണ്ടെന്നും പിതാവായ മന്‍സൂര്‍ അഹമ്മദ് ഷാ പറഞ്ഞു.

ഫൈസല്‍ അലി ദാര്‍ ആണ് ഹാഷിം മന്‍സൂറിന്റെ കരാട്ടെ പരിശീലകന്‍. ഫൈസല്‍ അലി ദാറിന് ഡോ. ബി ആര്‍ അംബേദ്കറിന്റെ നാമത്തിലുള്ള ദേശീയ കായിക പുരസ്‌കാരം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.

ജമ്മു കാശ്മീരിലെ ബന്ദിപ്പോര സ്വദേശിയായ തജമുള്‍ ഇസ്‌ലാം എന്ന ഏഴ് വയസുകാരി കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നടന്ന ലോക കിക്ക് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയിരുന്നു.

Comments

comments

Categories: Sports