ഇംഗ്ലണ്ടിന് തിരിച്ചടിയായി ഹസീബ് ഹമീദിന്റെ പരിക്ക്

ഇംഗ്ലണ്ടിന് തിരിച്ചടിയായി ഹസീബ് ഹമീദിന്റെ പരിക്ക്

മൊഹാലി: ടീം ഇന്ത്യയ്‌ക്കെതിരായ ക്രിക്കറ്റ് പരമ്പരയില്‍ തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ഇംഗ്ലണ്ട് ടീമിന് മറ്റൊരു തിരിച്ചടിയായി അവരുടെ പുതുമുഖ ഓപ്പണിംഗ് ബാറ്റ്‌സ്മാനായ ഹസീബ് ഹമീദ് പരിക്കുമൂലം ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നും പുറത്ത്.

മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് ബാറ്റിംഗിനിടെ ഉമേഷ് യാദവിന്റെ പന്ത് കൊണ്ട് കൈ വിരലിന് പരിക്കേറ്റതാണ് ഹസീബ് ഹമീദിന്റെ പുറത്താകലിന് കാരണം. വിരലില്‍ പൊട്ടലുള്ളതിനാല്‍ പുതുമുഖ താരം ശാസ്ത്രക്രിയയ്ക്ക് വേണ്ടി ഇംഗ്ലണ്ടിലേക്ക് മടങ്ങുമെന്ന് ഇംഗ്ലീഷ് ടീം ക്യാപ്റ്റന്‍ അലൈസ്റ്റര്‍ കുക്ക് അറിയിച്ചു.

ടീം ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാനായി അരങ്ങേറിയ പത്തൊന്‍പതുകാരനായ ഹസീബ് ഹമീദ് മികച്ച പ്രകടനമായിരുന്നു ഇംഗ്ലണ്ടിന് വേണ്ടി പുറത്തെടുത്തത്. മൊഹാലിയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഏഴാമനായാണ് ഹസീബ് ക്രീസിലെത്തിയത്. അന്ന്, ഹസീബ് 59 റണ്‍സെടുത്ത് ഒറ്റയാള്‍ പോരാട്ടം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.

ടീം ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ ഒരു റെക്കോര്‍ഡും ഹസീബ് ഹമീദ് സ്വന്തമാക്കി. ഇന്ത്യയില്‍ 600 പന്തുകള്‍ നേരിടുന്ന ആദ്യ വിദേശ കൗമാര താരം എന്ന ബഹുമതിക്കാണ് ഹസീബ് ഹമീദ് അര്‍ഹനായത്. വെസ്റ്റ് ഇന്‍ഡീസ് താരം ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റിന്റെ 598 പന്ത് നേരിട്ടെന്ന റെക്കോര്‍ഡാണ് ഹസീബ് ഹമീദ് മറികടന്നത്.

ഹസീബ് ഹമീദ് പരിക്കേറ്റ് പുറത്തായതിനാല്‍ ഡിസംബര്‍ എട്ടിന് മുംബൈയില്‍ ആരംഭിക്കുന്ന നാലാം ടെസ്റ്റ് മത്സരത്തില്‍ ബെന്‍ ഡക്കറ്റ് ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യതയുണ്ട്. ഡക്കറ്റ് കളിക്കാനിറങ്ങിയില്ലെങ്കില്‍ ഡര്‍ഹാമിന്റെ കീറ്റണ്‍ ജെന്നിംഗ്‌സും മിഡില്‍സെക്‌സിന്റെ നിക്ക് ഗബ്ബിന്‍സും ഇംഗ്ലീഷ് നിരയില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.

Comments

comments

Categories: Sports