ലോകത്തെ സ്വാധീനിച്ച ചിത്രം:  ടൈം മാഗസിന്‍ പട്ടികയില്‍ ഗാന്ധിജിയുടെ ചര്‍ക്കയും

ലോകത്തെ സ്വാധീനിച്ച ചിത്രം:  ടൈം മാഗസിന്‍ പട്ടികയില്‍ ഗാന്ധിജിയുടെ ചര്‍ക്കയും

ന്യൂഡല്‍ഹി: ലോകത്തെ സ്വാധീനിച്ച 100 ചിത്രങ്ങളില്‍ മഹാത്മഗാന്ധിയുടെ ചര്‍ക്കയും. തറയിലിരുന്നു മഹാത്മഗാന്ധി ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന ചിത്രം 1946ലാണെടുത്തത്. ഈ ചിത്രമാണു ടൈം മാഗസിന്റെ പട്ടികയിലിടം പിടിച്ചത്. 1820 മുതല്‍ 2015 വരെയുള്ള കാലയളവിലെ ചരിത്രപശ്ചാത്തലമുള്ള, ലോകത്തെ സ്വാധീനിച്ച 100 ചിത്രങ്ങള്‍ ടൈം മാഗസിന്‍ ശേഖരിച്ചിരുന്നു. ഇതിലാണു ഗാന്ധിജിയുടെ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന ചിത്രം സ്ഥാനം പിടിച്ചത്.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമെടുത്തത് മാര്‍ഗരറ്റ് ബുര്‍ക്കാണ്. ഈ ചിത്രം ഇന്ത്യയിലെ നേതാക്കളെ കുറിച്ചുള്ള ലേഖനത്തിനു വേണ്ടിയാണ് എടുത്തതെങ്കിലും രണ്ട് വര്‍ഷത്തിനു ശേഷം ഗാന്ധിജി കൊല്ലപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് പ്രണാമമര്‍പ്പിക്കുന്നതിനു വേണ്ടിയാണ് പ്രസിദ്ധീകരിച്ചത്.
ടൈം മാഗസിന്റെ പട്ടികയിലിടം പിടിച്ചിരിക്കുന്ന മറ്റൊരു ചിത്രം മൂന്ന് വയസുകാരനും സിറിയന്‍ ബാലനുമായ ഐലന്‍ കുര്‍ദ്ദിയുടേതാണ്. ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബോട്ടില്‍ യാത്ര ചെയ്യവേ അപകടത്തില്‍പ്പെട്ട് മരിച്ച കുര്‍ദ്ദിയുടെ മൃതശരീരം ബോദ്‌റും എന്ന തീരത്ത് അടിയുകയായിരുന്നു. ഐലന്റെ മൃതശരീരം തീരത്ത് അടിഞ്ഞ ചിത്രമാണ് ലോകശ്രദ്ധ നേടിയത്.

Comments

comments

Categories: Trending