ചൈനയില്‍ വീണ്ടുമെത്തുന്ന ഫേസ്ബുക്ക്

ചൈനയില്‍ വീണ്ടുമെത്തുന്ന ഫേസ്ബുക്ക്

 

അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് എന്നും ഒരു സങ്കീര്‍ണ വിപണിയാണ് ചൈന. മൈക്രോസോഫ്റ്റിനും യുബറിനും യാഹുവിനുമെല്ലാം അവിടെ അടിപതറിയിട്ടുണ്ട്. സുരക്ഷാ ഭീഷണിയുടെ പേരില്‍ ഫേസ്ബുക്കിനെയും ചൈന വിലക്കിയിരുന്നു. എല്ലാ അതിര്‍ത്തികളും ഭേദിച്ച് ഫേസ്ബുക്ക് ഇന്ന് കുതിക്കുമ്പോള്‍ ചൈനയെ അവര്‍ക്ക് കൈവെടിയാനാകില്ല. അത് തിരിച്ചറിഞ്ഞാണ് ഏത് വിധേനെയും ഫേസ്ബുക്കിന് ചൈനയില്‍ ഇടമുണ്ടാക്കിയെടുക്കാന്‍ സുക്കര്‍ബര്‍ഗ് ശ്രമിക്കുന്നത്.

ചൈനയില്‍ കാലുറപ്പിക്കാന്‍ എന്ത് വിലയും നല്‍കുമെന്നാണ് സുക്കര്‍ബര്‍ഗിന്റെ നിലപാട്. സുക്കര്‍ബഗ് ചൈനീസ് ഭാഷ പഠിച്ചതും അവിടത്തെ സന്ദര്‍ശനവുമെല്ലാം ഇത് മുന്‍കൂട്ടിക്കണ്ടായിരുന്നു. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ചൈനയില്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ സെന്‍സര്‍ ചെയ്‌തേ പ്രസിദ്ധീകരിക്കുകയുള്ളൂ എന്ന ഓപ്ഷന്‍ വരെ സുക്കര്‍ബര്‍ഗ് പ്രസിഡന്റ് സി ജിന്‍പിംഗിന് മുന്നില്‍വെച്ചിട്ടുണ്ട്. ഏത് സാഹചര്യമാണെങ്കിലും ചൈനയില്‍ തങ്ങള്‍ക്കുള്ള വിലക്ക് നീങ്ങണമെന്നാണ് ഫേസ്ബുക്ക് സ്ഥാപകന്‍ ആഗ്രഹിക്കുന്നത്. അടുത്ത ഒരു ബില്ല്യണ്‍ ഉപഭോക്താക്കളെ ചൈനയില്‍ നിന്നും കണ്ടെത്തണമെന്നതാണ് സുക്കര്‍ബര്‍ഗിന്റെ ലക്ഷ്യം. ഇതിനാണ് ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാരുമായി നീക്കുപോക്കുകളുണ്ടാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നത്. എന്നാല്‍ ഇത് ചൈനീസ് ജനത ഉള്‍ക്കൊള്ളുമോയെന്നതാണ് സംശയം. കാരണം ഫേസ്ബുക്കിന് ചൈനയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചാല്‍ പോലും ശക്തമായ ലോക്കല്‍ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളെ കൈവെടിഞ്ഞ് ചൈനീസ് ജനത ഫേസ്ബുക്കിലെത്തുമോയെന്നത് സംശയകരമാണ്. 700 ദശലക്ഷത്തോളം ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് ചൈനയിലുള്ളത്.
2008ല്‍ ഫേസ്ബുക്ക് ചൈനീസ് ഭാഷയിലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് തുടങ്ങിയിരുന്നു. അതിന് കേവലം 2,85,000 അംഗങ്ങളെ മാത്രമാണ് നേടാനായത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം സര്‍ക്കാര്‍ ഈ സൈറ്റിനെ നിരോധിച്ച് പ്രാദേശിക സംരംഭങ്ങളെ സംരക്ഷിച്ചു നിര്‍ത്തി. ടെന്‍സെന്റിന്റെ ക്യുക്യു പ്ലാറ്റ്‌ഫോമും പിന്നീട് 2011ല്‍ തുടങ്ങിയ വീചാറ്റുമെല്ലാം വലിയ വിപ്ലവമാണ് ചൈനയില്‍ നടപ്പാക്കിയത്. വീ ചാറ്റ് മെസേജിംഗ്, സോഷ്യല്‍ മീഡിയ ആപ്പ് എന്നതില്‍ നിന്ന് മാറി വീഡിയോ ചാറ്റ് സംവിധാനം, ടാക്‌സി ബുക് ചെയ്യാനുള്ള സര്‍വീസ്, ബില്‍ പേയ്‌മെന്റ് സംവിധാനം തുടങ്ങിയവുമായി എല്ലാ അര്‍ത്ഥത്തിലും മാറി. 700 മില്ല്യണ്‍ ഉപഭോക്താക്കളുണ്ട് അതിന്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രവര്‍ത്തനാനുമതി ലഭിച്ചാല്‍ പോലും ഫേസ്ബുക്കിന്റെ മുന്നിലുള്ളത് വലിയ വെല്ലുവിളിയാണ്. വീചാറ്റിന്റെ വളര്‍ച്ച പ്രതിരോധിക്കുകയെന്നത് വലിയ നിക്ഷേപം ആവശ്യപ്പെടുന്ന പദ്ധതിയാണ്. ഈ സാഹചര്യത്തില്‍ ചൈനയില്‍ വന്‍തോതില്‍ പണം മുടക്കുന്നത് എത്രമാത്രം ഗുണം ചെയ്യുമെന്നത് കണ്ടറിയണം.

Comments

comments

Categories: Editorial