നോട്ട് അസാധുവാക്കല്‍: ചരക്കു നീക്കത്തിന് തിരിച്ചടി; വരുമാനത്തില്‍ വന്‍ ഇടിവ്

നോട്ട് അസാധുവാക്കല്‍: ചരക്കു നീക്കത്തിന് തിരിച്ചടി; വരുമാനത്തില്‍ വന്‍ ഇടിവ്

 
മുംബൈ: നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ചത് മുതല്‍ എല്ലാ മേഖലയിലുമുള്ള തിരിച്ചടി രാജ്യത്തെ ചരക്ക് ഗതാഗത മേഖലയിലും വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. 30 മുതല്‍ 50 ശതമാനം വരെ ഇടിവ് നേരിട്ട ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയടക്കമുള്ള പ്രമുഖ കമ്പനികള്‍ക്കാണ് സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നീക്കം കനത്ത തിരിച്ചടിയാകുന്നത്.
ഓട്ടോമൊബീല്‍, എഫ്എംസിജി മേഖലകള്‍ക്കാണ് നോട്ട് അസാധുവാക്കല്‍ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എഫ്എംസിജി ഉല്‍പ്പന്നങ്ങള്‍ നീക്കുന്ന പാര്‍ട്ട് ട്രക്ക് ലോഡുകളില്‍ 70 ശതമാനവും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നീക്കുന്ന ഫുള്‍ട്രക്ക് ലോഡുകളില്‍ 50 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രതിദിനം 4,500 കോടി രൂപയാണ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് മേഖലയ്ക്ക് നഷ്ടമാകുന്നതെന്ന് ആള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് മുന്‍പ്രസിഡന്റ് ബാല്‍ മല്‍ക്കിത് സിംഗ് അഭിപ്രായപ്പെട്ടു.
ഈ മാസം എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളപ്പണത്തിനെതിരേയുള്ള യുദ്ധമാണെന്ന് പറഞ്ഞ 1,000, 500 രൂപയുടെ നോട്ടുകള്‍ അസാധുവാക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്തെ എല്ലാ മേഖലയിലും പണക്കുറവ് രൂക്ഷമായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചരക്കുകള്‍ നീക്കുന്ന ട്രക്കുകള്‍ക്കാണ് തീരുമാനം കനത്ത രീതിയില്‍ ബാധിച്ചത്. പിന്നീട്, ദേശീയ പാതാ ടോളുകളിലും പെട്രോള്‍ പമ്പുകളില്‍ പഴയ നോട്ടുകള്‍ നല്‍കാമെന്ന് അറിയിച്ചെങ്കിലും വിപണിയില്‍ പണലഭ്യത കുറഞ്ഞതോടെ ആളുകളുടെ വാങ്ങല്‍ ശേഷി കുറഞ്ഞിട്ടുണ്ട്.
ഇത് എല്ലാ മേഖലയിലുമുള്ള ഡിമാന്‍ഡില്‍ വന്‍ കുറവാണ് വരുത്തിയത്. ഡിമാന്‍ഡില്‍ കുറവുണ്ടായതോടെ ചരക്ക് നീക്കത്തിലും തിരിച്ചടി നേരിടുകയാണെന്നാണ് വിലയിരുത്തലുകള്‍. സാഹചര്യം സാധാരണ നിലയിലാകണമെങ്കില്‍ ചുരുങ്ങിയത് നാല് മാസമെങ്കിലുമെടുക്കുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.
ട്രക്കുകള്‍ മുഖ്യമായും ആശ്രയിക്കുന്നത് എഫ്എംസിജി ഉല്‍പ്പന്നങ്ങളുടെ നീക്കത്തിനാണ്. എന്നാല്‍ ഈ മേഖല നോട്ട് അസാധുവാക്കല്‍ തീരുമാനം വന്നതോടെ 30 ശതമാനത്തോളം ഇടിവ് നേരിട്ടിട്ടുണ്ട്.

Comments

comments

Categories: Business & Economy