തകര്‍ന്നത് രണ്ടാഴ്ച മുമ്പ് മെസ്സിയും സംഘവും സഞ്ചരിച്ച വിമാനം

തകര്‍ന്നത് രണ്ടാഴ്ച മുമ്പ് മെസ്സിയും സംഘവും സഞ്ചരിച്ച വിമാനം

ബൊഗോട്ട: ബ്രസീലിയന്‍ ഒന്നാം ഡിവിഷന്‍ ഫുട്‌ബോള്‍ ക്ലബായ ചാപ്‌കോയെന്‍സിന്റെ താരങ്ങള്‍ ഉള്‍പ്പെടെ 76 പേരുടെ മരണത്തിനിടയാക്കി കഴിഞ്ഞ ദിവസം കൊളംബിയയിലെ മെഡലീന് സമീപം തകര്‍ന്ന് വീണ ലാമിയ എയര്‍ലൈന്‍സിന്റെ ബ്രിട്ടീഷ് എയ്‌റോസ്‌പേസ് (ബിഇഎ സിസ്റ്റംസ്) 146 മോഡല്‍ വിമാനത്തില്‍ രണ്ടാഴ്ച മുമ്പ് യാത്ര ചെയ്തത് സൂപ്പര്‍ ഫുട്‌ബോളര്‍ ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റൈന്‍ ടീം.

നവംബര്‍ പത്താം തിയതി നടന്ന ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ബെലോ ഹൊറിസോണ്ടയിലേക്കായിരുന്നു അര്‍ജന്റൈന്‍ ദേശീയ ഫുട്‌ബോള്‍ ടീം ലാമിയ ബിഇഎ 146 വിമാനത്തില്‍ യാത്ര ചെയ്തത്. അന്ന്, ബ്യൂണസ് ഐറിസില്‍ നിന്നായിരുന്നു ലാമിയ ബിഇഎ 146 വിമാനം ചാര്‍ട്ടര്‍ ചെയ്തിരുന്നത്.

ബ്രസീലിനെതിരായ മത്സരത്തിനായി പുറപ്പെടാനൊരുങ്ങവെ, കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്നും എടുത്ത സെല്‍ഫി മുമ്പ് ലയണല്‍ മെസ്സി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. സഹതാരം ഹാവിയര്‍ മഷറാനോയും വിമാന ജീവനക്കാരുമായിരുന്നു സെല്‍ഫിയില്‍ ലയണല്‍ മെസ്സിക്കൊപ്പമുണ്ടായിരുന്നത്.

അര്‍ജന്റൈന്‍ ടീം സഞ്ചരിക്കുന്നതിന് മുമ്പ് ഇതേ വിമാനത്തില്‍ വെനസ്വേലന്‍ ഫുട്‌ബോള്‍ ടീമും യാത്ര ചെയ്തിരുന്നതായാണ് അറിവ്. 1999 മാര്‍ച്ചിലായിരുന്നു ഈ വിമാനത്തിന്റെ സര്‍വീസ് തുടങ്ങിയത്. 1999-2007 കാലയളവില്‍ അമേരിക്കയിലെ മെസാബ ഏവിയേഷനായിരുന്നു ഉടമകള്‍. 2013 ഒക്ടോബര്‍ മാസം മുതല്‍ ബൊളീവിയന്‍ എയര്‍ലൈന്‍സായ ലാമിയയുടെ ഉടമസ്ഥതയിലായിരുന്നു ഈ വിമാനം.

അതേസമയം, വിമാന ദുരന്തത്തില്‍ മരണപ്പെട്ട കളിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ലോകത്തെ വിവിധ ക്ലബ് ഫുട്‌ബോള്‍ ടീമുകളും ഇതിഹാസ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. വിമാന ദുരന്തത്തില്‍പ്പെട്ട ചാപ്‌കോയെന്‍സ് ടീമിന് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും അനുശോചനം അറിയിച്ചു.

Comments

comments

Categories: Sports