117മത് വാര്‍ഷിക നിറവില്‍ ബാഴ്‌സലോണ

117മത് വാര്‍ഷിക നിറവില്‍ ബാഴ്‌സലോണ

ബാഴ്‌സലോണ: സ്പാനിഷ് ഫുട്‌ബോള്‍ വമ്പന്മാരായ ബാഴ്‌സലോണ ക്ലബ് 17മത് വാര്‍ഷികാഘോഷത്തിന്റെ നിറവില്‍. 1899 നവംബര്‍ 29ന് രൂപീകരിക്കപ്പെട്ട ബാഴ്‌സലോണയ്ക്ക് വാര്‍ഷിക ദിനത്തില്‍ നിരവധി ആരാധകരും ക്ലബിലെ മുന്‍ താരങ്ങളും ആശംസകള്‍ അറിയിച്ചു.

സ്വിറ്റ്‌സര്‍ലാന്‍ഡ് ഫുട്‌ബോള്‍ താരമായിരുന്ന യോവാന്‍ കാമ്പറാണ് ബാഴ്‌സലോണ ഫുട്‌ബോള്‍ ക്ലബിന് രൂപം നല്‍കിയത്. 1899ല്‍ യോവാന്‍ കാമ്പര്‍ പത്ര പരസ്യത്തിലൂടെ പാര്‍ട്‌നര്‍മാരെയും കളിക്കാരെയും കണ്ടെത്തിയാണ് ക്ലബ് ആരംഭിച്ചത്.

സ്‌പെയിനിലെ രാഷ്ട്രീയവും വംശീയവുമായ പോരാട്ടങ്ങളുടെ ചരിത്രം പേറുന്ന ക്ലബാണ് ബാഴ്‌സലോണ. വിദേശിയാണ് രൂപീകരിച്ചതെങ്കിലും കാറ്റലോണിയന്‍ ദേശീയതയുടെ സാക്ഷ്യപ്പെടുത്തല്‍ കൂടിയാണ് ഈ ക്ലബ്.

റയല്‍ മാഡ്രിഡ്, അത്‌ലറ്റിക്കോ ബില്‍ബാവോ എന്നീ ടീമുകള്‍ക്കൊപ്പം ലാലിഗയില്‍ തരം താഴ്ത്തപ്പെടാത്ത ക്ലബാണ് ബാഴ്‌സലോണ. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റേഡിയമായ നൂ കാംപാണ് ബാഴ്‌സലോണയുടെ തട്ടകമെന്നതും ശ്രദ്ധേയം.

1988ല്‍ ഫുട്‌ബോള്‍ ഇതിഹാസം യോഹാന്‍ ക്രൈഫ് ടീം പരിശീലകനായി എത്തിയതോടെയാണ് ബാഴ്‌സലോണ വന്‍ ക്ലബായി വളര്‍ന്നത്. ടോട്ടല്‍ ഫുട്‌ബോളുമായി വിസ്മയം തീര്‍ത്ത ക്രൈഫിന് കീഴില്‍ ട്രോഫികള്‍ ഒന്നൊന്നായി ബാഴ്‌സലോണ സ്വന്തമാക്കുകയും ചെയ്തു.

ലോകോത്തര താരങ്ങളെ ക്ലബിലെത്തിച്ചപ്പോഴും പുതിയ കളിക്കാരെ വളര്‍ത്തിയെടുക്കാനും ബാഴ്‌സലോണ ശ്രദ്ധിച്ചു. സമകാലിക ഫുട്‌ബോളിലെ മികച്ച താരങ്ങളായ ലയണല്‍ മെസ്സി, ആന്ദ്രേ ഇനിയേസ്റ്റ, സെസ്‌ക് ഫാബ്രിഗാസ്, സാവി, ജെറാര്‍ദ് പാക്വേ എന്നിവരെല്ലാം ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയിലൂടെ കളി പരിശീലിച്ചവരാണ്.

ശതകോടികള്‍ വാഗ്ദാനമുണ്ടെങ്കിലും ടീം ജഴ്‌സിയില്‍ പരസ്യം അനുവദിക്കില്ലെന്ന കര്‍ശന നിലപാട് ബാഴ്‌സലോണ ഇപ്പോഴും തുടരുന്നുണ്ട്. ലാ ലിഗ, കിംഗ്‌സ് കപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നീ ടൂര്‍ണമെന്റുകളില്‍ യഥാക്രമം 24, 28, അഞ്ച് തവണ ജേതാക്കളായ ബാഴ്‌സലോണയുടെ താരങ്ങളാണ് ഏറ്റവുമധികം ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നത്.

Comments

comments

Categories: Sports