ആശിഷ് ഭഗ്ഗ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്

ആശിഷ് ഭഗ്ഗ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്

 

ന്യൂഡെല്‍ഹി : രാജ്യത്തെ സ്വകാര്യ ടെലിവിഷന്‍ ന്യൂസ് ബ്രോഡ്കാസ്റ്റര്‍മാരുടെ സംഘടനയായ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്റെ (എന്‍ബിഎ) പുതിയ പ്രസിഡന്റായി ഇന്ത്യ ടുഡേ ഗ്രൂപ്പ് സിഇഒ ആശിഷ് ഭഗ്ഗയെ തെരഞ്ഞെടുത്തു. എബിപി ന്യൂസ് നെറ്റ്‌വര്‍ക് പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായിരുന്ന അശോക് വെങ്കട്‌രമണിക്ക് പകരക്കാരനായാണ് ഭഗ്ഗ സ്ഥാനമേല്‍ക്കുന്നത്. നവംബര്‍ 4 ന് വെങ്കട്‌രമണി എബിപിയില്‍നിന്ന് രാജിവെച്ചിരുന്നു. വെങ്കട്‌രമണി പ്രസിഡന്റായി പ്രവര്‍ത്തിച്ച സമയത്ത് ആശിഷ് ഭഗ്ഗയായിരുന്നു വൈസ് പ്രസിഡന്റ്.

ടൈംസ് നെറ്റ്‌വര്‍ക്കിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ആന്‍ഡ് സിഇഒ എംകെ ആനന്ദാണ് പുതിയ വൈസ് പ്രസിഡന്റ്. എന്‍ഡിടിവി ഗ്രൂപ്പ് സിഇഒ ആന്‍ഡ് എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍പേഴ്‌സണ്‍ കെവിഎല്‍ നാരായണ്‍ റാവുവിനെ പുതിയ ഓണററി ട്രഷററായി തെരഞ്ഞെടുത്തു. എന്‍ബിഎ ബോര്‍ഡ് അംഗങ്ങളായും ഭഗ്ഗയും ആനന്ദും റാവുവും പ്രവര്‍ത്തിക്കും.

ടിവി 18 ബ്രോഡ്കാസ്റ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടിവും ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫുമായ രാഹുല്‍ ജോഷി, ഇന്ത്യാ ടിവി ചെയര്‍മാനും എഡിറ്റര്‍ ഇന്‍ ചീഫുമായ രജത് ശര്‍മ, സീ മീഡിയ കോര്‍പ് ലിമിറ്റഡ് ഗ്രൂപ്പ് സിഇഒ ഭാസ്‌കര്‍ ദാസ്, ന്യൂസ് 24 ബ്രോഡ്കാസ്റ്റ് ഇന്ത്യാ ലിമിറ്റഡ് ചെയര്‍പേഴ്‌സണ്‍ ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ അനുരാധ പ്രസാദ്, മാതൃഭൂമി ഡയറക്റ്റര്‍ എംവി ശ്രേയാംസ് കുമാര്‍ എന്നിവര്‍ ബോര്‍ഡ് അംഗങ്ങളാണ്.

ആശിഷ് ഭഗ്ഗ നേരത്തെ ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയുടെയും അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മാഗസിന്‍സിന്റെയും പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍ബിഎയില്‍ നിലവില്‍ 23 ന്യൂസ് ആന്‍ഡ് കറന്റ് അഫയേഴ്‌സ് ബ്രോഡ്കാസ്റ്റര്‍മാരാണ് (59 ചാനലുകള്‍) അംഗങ്ങളായുള്ളത്.

Comments

comments

Categories: Branding