ഡിജിറ്റല്‍ പണവിനിമയം വ്യാപകമാക്കല്‍ എളുപ്പമല്ല: ഡിജിറ്റല്‍ പേമെന്റ് കമ്പനികളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുമോ?

ഡിജിറ്റല്‍ പണവിനിമയം വ്യാപകമാക്കല്‍ എളുപ്പമല്ല: ഡിജിറ്റല്‍ പേമെന്റ് കമ്പനികളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുമോ?

ന്യൂഡെല്‍ഹി: ഉയര്‍ന്ന മൂല്യത്തിലുള്ള നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ മിന്നല്‍ പ്രഖ്യാപനം എല്ലാ അര്‍ത്ഥത്തിലും ഗുണകരമായിട്ടുള്ളത് പേടിഎം പോലുള്ള ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമുകള്‍ക്കാണ്. പണപ്രതിസന്ധി രൂക്ഷമായതോടെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഇടപാടുകള്‍ നടത്താന്‍ ജനം നിര്‍ബന്ധിതരായിരിക്കുകയാണ്. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തി ബിസിനസ് വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇ-പേമെന്റ് കമ്പനികളും ആരംഭിച്ചു. ചെറുകിട വ്യാപാരികളെ നിയന്ത്രിക്കുന്നതിനും സൗജന്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമായി ഏകദേശം നൂറോളം അധിക ജീവനക്കാരെയാണ് ഡിജിറ്റല്‍ പേമെന്റ് കമ്പനികള്‍ തയാറാക്കിയിട്ടുള്ളത്. നിലവിലുള്ള പണപ്രതിസന്ധി ഭാവിയിലേക്കുള്ള അവസരമാണെന്നും ഡിജിറ്റല്‍ പേമെന്റ് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നു.

എന്നാല്‍, ഈ പ്രതീക്ഷകള്‍ എത്ര കാലത്തേക്ക് എന്നതാണ് മറ്റൊരു വസ്തുത. മൊബീല്‍ വാലറ്റ് സംവിധാനങ്ങള്‍ രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനവിഭാഗത്തിന് എത്രത്തോളം സഹായകമാകുമെന്ന് കണ്ടറിയേണ്ടതുണ്ട്. ബാങ്കുകളാലും എടിഎമ്മുകളാലും ചുറ്റപ്പെട്ട നഗരത്തിലാണുള്ളതെങ്കിലും ക്രെഡിറ്റ് കാര്‍ഡ് മെഷീന്‍ ഉപയോഗിക്കാന്‍ മിക്ക ഉപയോക്താക്കള്‍ക്കും അറിയില്ലെന്നാണ് ന്യൂഡെല്‍ഹിയിലെ ഒരു കച്ചവടക്കാരന്‍ പ്രതികരിച്ചത്. പിന്നെങ്ങനെ മൊബീല്‍ വാലറ്റ് സംവിധാനം ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. മോദി സര്‍ക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തെ തുര്‍ന്ന് ബിസിനസ് കടുത്ത പ്രതിസന്ധിയിലായതായും അദ്ദേഹം പറഞ്ഞു. തന്റെയോ ഉപഭോക്താക്കളുടെയോ പ്രശ്‌നങ്ങള്‍ക്ക് മൊബീല്‍ ആപ്പ് സേവനദാതാക്കള്‍ പരിഹാരം കണ്ടെത്തിയതായി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മൊബീല്‍ വാലറ്റോ, കാര്‍ഡോ, സൈ്വപ്പിംഗ് മെഷീനോ ഉപയോഗിക്കാനുള്ള അറിവില്ലെന്നും അല്ലെങ്കില്‍ കുറഞ്ഞ തുകകള്‍ക്ക് സാധനങ്ങള്‍ വാങ്ങിക്കാന്‍ വരുന്ന ഉപയോക്തള്‍ക്ക് ഇത്തരം സംവിധാനങ്ങളില്‍ താല്‍പ്പര്യമില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വ്യാപാരികളുടെ ഈ അതൃപ്തി മോദിയുടെ പ്രഖ്യാപനത്തിനു ശേഷം വലിയ രീതിയിലുള്ള പരസ്യ പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ച പേടിഎം, മൊബീക്വിക് തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങളുടെ സാധ്യത പരിമിതപ്പെടുത്തുകയാണ്.

ഡിസംബര്‍ 30 വരെ സേവന നിരക്ക് ഈടാക്കില്ലെന്ന് പേടിഎം പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മാര്‍ച്ച് മാസം വരെ നിരക്ക് ഈടാക്കുന്നില്ലെന്നാണ് മൊബീക്വിക് അറിയിച്ചിട്ടുള്ളത്. ഭാവിയിലെ ചില നേട്ടങ്ങള്‍ പ്രതീക്ഷിച്ച് നിലവില്‍ കമ്പനികള്‍ നഷ്ടം കൊയ്യുകയാണ് ചെയ്യുന്നതെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പേടിഎം ലാഭത്തിലെത്തുമെന്നാണ് കമ്പനി സിഇഒ വിജയ് ശേഖര്‍ ശര്‍മ പ്രതികരിച്ചത്. 2018 മധ്യത്തോടെ ലാഭം പ്രതീക്ഷിക്കുന്നതായി മെബീക്വിക് സ്ഥാപകന്‍ ഉപാസന ടാകുവും അഭിപ്രായപ്പെട്ടു.

നവംബര്‍ എട്ട് മുതലുള്ള കാലയളവില്‍ 700 വ്യാപാരികളെ കൂടി തങ്ങളുടെ ശൃംഖലയില്‍ ഉള്‍പ്പെടുത്താനായെന്നാണ് പേടിഎം നല്‍കുന്ന വിവരം. ഇതോടെ കമ്പനി ഏജന്റുകളുടെ എണ്ണം 5,000ത്തിലെത്തിയതായും കമ്പനി അവകാശപ്പെടുന്നു. നിലവില്‍ 4,500ഓളം സ്ഥിര ജീവനക്കാരാണ് പേടിഎമ്മിനുള്ളത്. ശൃംഖല വികസിപ്പിക്കുകയെന്ന തീവ്ര ശ്രമത്തിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം ഇരട്ടിയിലധികമാക്കി ഉയര്‍ത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്. മൊബീക്വിക് നല്‍കുന്ന കണക്കുകളും ഇത്തരത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവയാണ്. മോദിയുടെ പ്രഖ്യാപനത്തിനു മുന്‍പ് 1000 ഏജന്റുമാര്‍ മാത്രമായിരുന്നു കമ്പനിക്കുണ്ടായിരുന്നത്. ഇതിനു ശേഷം 10,000ലധികം ഏജന്റുമാരെ കണ്ടെത്താനായതായി കമ്പനി പറയുന്നു.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*