സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്  ജീവനക്കാരുടെ  എണ്ണം കുറയ്ക്കുന്നു

 
മുംബൈ: ബ്രിട്ടീഷ് ബാങ്കിംഗ്, ധനകാര്യ സേവനദാതാക്കളായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് (എസ്‌സിബി) ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. കോര്‍പ്പറേറ്റ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബാങ്കിംഗി(സിഐബി)ന്റെ ആഗോള തലത്തിലെ പുനഃസംഘടനയുടെ ഭാഗമായാണ് നടപടി. ഇതിലൂടെ ചെലവ് ചുരുക്കാമെന്നും സിഐബി വിഭാഗത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാമെന്നും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് അധികൃതര്‍ കണക്കുകൂട്ടുന്നു.
ഇന്ത്യയില്‍ ഉന്നത തലങ്ങളില്‍ ജോലി നോക്കുന്ന 35 ജീവനക്കാരെ പിരിച്ചുവിടാനാണ് എസ്‌സിബി ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ ഡയറക്റ്റര്‍, മാനേജിംഗ് ഡയറക്റ്റര്‍ സ്ഥാനങ്ങളിലുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടും. ഇതിലൂടെ ലാഭിക്കുന്ന പണം ഓഹരി ഉടമകള്‍ക്ക് മെച്ചപ്പെട്ട വിഹിതം നല്‍കാന്‍ വിനിയോഗിക്കാനാണ് ബാങ്കിന്റെ തീരുമാനം.
അധിക പദവികളെ ഒഴിവാക്കുകയാണ്. ഇതില്‍ നിന്നു ലാഭിക്കുന്ന തുക സാങ്കേതിക മികവ് മെച്ചപ്പെടുത്തുന്നതിനുള്ള നിക്ഷേപങ്ങള്‍ക്ക് കരുത്തേകും- സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് വക്താവ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം, കോര്‍പ്പറേറ്റ് വായ്പകളില്‍ പുരോഗതിയുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ പിരിച്ചുവിടലുകള്‍ പ്രതീക്ഷിച്ചതാണ്. ചില സമയത്ത് റിട്ടെയ്ല്‍ മാനേജര്‍മാരെക്കാള്‍ പത്തിരട്ടിയോളം ശമ്പളമാണ് റിലേഷന്‍ഷിപ്പ് മാനേജര്‍മാര്‍ക്ക് നല്‍കുന്നതെന്നും മറ്റൊരു വക്താവ് വെളിപ്പെടുത്തി. ആഗോള തലത്തില്‍ തന്നെ 15000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് കഴിഞ്ഞ നവംബറില്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് അറിയിച്ചിരുന്നു. ഇന്ത്യയില്‍ അവര്‍ക്ക് 8500ലേറെ ജീവനക്കാരാണുള്ളത്. അതിനിടെ, ബാങ്കിന്റെ ആസിയാന്‍, ദക്ഷിണേഷ്യ മേഖലാ ചീഫ് എക്‌സിക്യൂട്ടിവ് അജയ് കന്‍വാള്‍ രാജിവെച്ചു. ബാങ്കിലെ തന്റെ മുന്‍ നിക്ഷേപങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് കന്‍വാള്‍ സ്ഥാനമൊഴിഞ്ഞത്. ഈ സാഹചര്യത്തില്‍ ആസിയാന്‍, ദക്ഷിണേഷ്യ മേഖലാ ചീഫ് എക്‌സിക്യൂട്ടിവിന്റെ അധിക ചുമതല കൊമേഴ്‌സ്യല്‍ ആന്‍ഡ് പ്രൈവറ്റ് ബാങ്കിംഗ് സിഇഒ അന്ന മാര്‍സ് വഹിക്കും.

Comments

comments

Categories: Branding

Related Articles