നൈപുണ്യ വികസന, പെട്രോളിയം മന്ത്രാലയങ്ങള്‍ സഹകരിക്കുന്നു

നൈപുണ്യ വികസന, പെട്രോളിയം മന്ത്രാലയങ്ങള്‍ സഹകരിക്കുന്നു

 

ന്യുഡെല്‍ഹി: ഹൈഡ്രോ കാര്‍ബണ്‍ മേഖലയിലെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയവും(എംഎസ്ഡിഇ) പെട്രോളിയം, പ്രകൃതി വാതക (എംഒപിഎന്‍ജി) മന്ത്രാലയവും സഹകരിക്കുന്നു. പെട്രോളിയം സെക്രട്ടറി കെ ഡി ത്രിപാഠിയും എംഎസ്എംഇ സെക്രട്ടറി രോഹിത് നന്ദനും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും നൈപുണ്യ വികസന വകുപ്പ് മന്ത്രി രാജീവ് പ്രധാപ് റൂഡിയും ചടങ്ങില്‍ സന്നിഹിതരായിരുന്നു. രാജ്യത്ത് പെട്രോളിയവും പ്രകൃതി വാതകവും ആവശ്യത്തിന് ലഭ്യമാക്കുന്നതിനായി ഖനനത്തിന് പുതിയ സ്ഥലങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് മന്ത്രാലയം. ഇതിനായി നൈപുണ്യമുള്ള തൊഴിലാളികളുടെ സേവനം ആവശ്യമാണെന്ന് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. എംഎസ്ഡിഇ യുമായുള്ള സഹകരണം പര്യവേഷണം, ഉല്‍പ്പാദനം, പൈപ്‌ലൈന്‍ ആന്‍ഡ് ട്രാന്‍സ്‌പോട്ടേഷന്‍, ശുദ്ധീകരണം, വിപണനം തുടങ്ങിയ മേഖലകളില്‍ മികച്ച തൊഴിലാളികളെ ലഭിക്കുന്നതിന് പെട്രോളിയം മന്ത്രാലയത്തിന് സഹായകമാകും.

ഹൈഡ്രോകാര്‍ബണ്‍ മേഖലയില്‍ നിന്നുള്ള സംഭാവനകളെ സ്വാഗതം ചെയ്ത രാജീവ് പ്രതാപ് റൂഡി വളരെ തൊഴില്‍ സാധ്യതകളുള്ള മേഖലയാണ് ഹൈഡ്രോകാര്‍ബണ്‍ എന്നും മേഖലയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് വിദഗ്ധ തൊഴിലാളികളെ ലഭ്യമാക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. ഹൈഡ്രോകാര്‍ബണ്‍ മേഖലയിലെ നൈപുണ്യ വികസന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടെ കാര്‍ബണ്‍ മേഖല നൈപുണ്യ കൗണ്‍സിലിന് പെട്രോളിയം മന്ത്രാലയം രൂപം നല്‍കിയിട്ടുണ്ട്.

Comments

comments

Categories: Branding