കോഹ്‌ലിയെ പുറത്താക്കാന്‍ തീരുമാനിച്ചിരുന്നു: സെവാഗ്

കോഹ്‌ലിയെ പുറത്താക്കാന്‍ തീരുമാനിച്ചിരുന്നു: സെവാഗ്

മുംബൈ: ടീം ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റനായ വിരാട് കോഹ്‌ലിയെ 2012ല്‍ ടീമില്‍ നിന്നും പുറത്താക്കാന്‍ സെലക്ടര്‍മാര്‍ ആലോചിച്ചിരുന്നതായി മുന്‍ താരം വീരേന്ദര്‍ സെവാഗ്. അന്ന് ടീം ഇന്ത്യ ക്യാപ്റ്റനായ മഹേന്ദ്ര സിംഗ് ധോണിയും ഉപ നായകനായ താനും ചേര്‍ന്നാണ് സെലക്ടര്‍മാരെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിച്ചതെന്നും സെവാഗ് പറഞ്ഞു.

2012ല്‍ നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് കോഹ്‌ലിയെ ഒഴിവാക്കാന്‍ ടീം സെലക്ടര്‍മാര്‍ തീരുമാനിച്ചത്. അന്ന്, പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റ് മത്സരങ്ങളിലും കോഹ്‌ലി ദയനീയ പ്രകടനമായിരുന്നു പുറത്തെടുത്തത്. 10.75 മാത്രമായിരുന്നു കോഹ്‌ലിയുടെ അന്നത്തെ ബാറ്റിംഗ് ശരാശരി. അതിനാല്‍ കോഹ്‌ലിയെ പുറത്തിരുത്തി മൂന്നാം ടെസ്റ്റിലേക്ക് രോഹിത് ശര്‍മയെ ഉള്‍പ്പെടുത്താനായിരുന്നു സെലക്ടര്‍മാരുടെ തീരുമാനം.

എന്നാല്‍, സെലക്ടര്‍മാരുടെ തീരുമാനത്തോട് ധോണിയും സെവാഗും കടുത്ത വിയോജിപ്പാണ് പ്രകടിപ്പിച്ചത്. ഒടുവില്‍ സെലക്ടര്‍മാര്‍ ഇവരുടെ ആവശ്യത്തിന് വഴങ്ങി കോഹ്‌ലിയെ ടീമില്‍ തുടരാന്‍ അനുവദിച്ചു.

തുടര്‍ന്ന്, പെര്‍ത്തില്‍ നടന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 44 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 74 റണ്‍സും സ്വന്തമാക്കി വിരാട് കോഹ്‌ലി കഴിവ് തെളിയിച്ചു. അന്നത്തെ പരമ്പരയിലെ നാലാം മത്സരത്തില്‍ ആദ്യ ടെസ്റ്റ് സെഞ്ച്വറിയും കോഹ്‌ലി നേടി.

Comments

comments

Categories: Sports