എന്ത് കൊണ്ട് റോള്‍സ് റോയ്‌സ്?

എന്ത് കൊണ്ട് റോള്‍സ് റോയ്‌സ്?

ലോക വാഹന വിപണിയില്‍ ആഡംബരത്തിന് ഒരു തമ്പുരാനുണ്ടെങ്കില്‍ അത് റോള്‍സ് റോയ്‌സാണെന്ന് ആര്‍ക്കും അറിയുന്ന കാര്യമാണ്. കാറുകളിലെ ആഡംബരം എന്നാല്‍ ആദ്യം മനസിലേക്കെത്തുന്നതും റോള്‍സ് റോയ്‌സല്ലാതെ മറ്റൊന്നാകില്ല. ആഡംബരത്തിന്റെ പറുദീസയില്‍ ജീവിക്കുന്നവരാണ് റോള്‍സ് റോയ്‌സിന്റെ ഉപഭോക്താക്കള്‍. അതുകൊണ്ട് തന്നെ ഈ കാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഫീച്ചറുകളും മറ്റും നിലവാരത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യുന്നില്ല.

lead1906ല്‍ ചാള്‍സ് സ്റ്റുവര്‍ട്ട് റോയ്‌സും ഫ്രെഡറിക് ഹെന്റി റോയ്‌സും ചേര്‍ന്ന് സ്ഥാപിച്ച കമ്പനിയാണ് റോള്‍സ് റോയ്‌സ്. കാറുകള്‍ക്ക് പുറമെ വിമാനങ്ങള്‍ക്കുള്ള എന്‍ജിനുകളും റോള്‍സ് റോയ്‌സ് ലിമിറ്റഡ് നിര്‍മിക്കുന്നുണ്ട്. കമ്പനി സ്ഥാപിച്ച വര്‍ഷം തന്നെ സില്‍വര്‍ ഗോസ്റ്റ് എന്ന പേരില്‍ ഒരു കാര്‍ നിര്‍മിക്കുകയും ഈ കാര്‍ 24,000 കിലോമീറ്റര്‍ നിര്‍ത്താതെ ഓടി എന്ന റെക്കോര്‍ഡും കമ്പനി നേടി.
1971ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് റോള്‍സ് റോയ്‌സിനെ ദേശീയ കമ്പനിയാക്കിയിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം റോള്‍സ് റോയ്‌സിന്റെ കാര്‍നിര്‍മാണ വിഭാഗം റോള്‍സ് റോയ്‌സ് മോട്ടോഴ്‌സ് എന്ന പേരില്‍ മാതൃകമ്പനിയില്‍ നിന്നും വേര്‍പ്പെട്ടു. 1987ല്‍ റോള്‍സ് റോയ്‌സ് പിഎല്‍സി എന്ന പേരില്‍ സ്വകാര്യ കമ്പനിയാകുന്നത് വരെ റോള്‍സ് റോയ്‌സ് ലിമിറ്റഡ് ബ്രിട്ടന്റെ ദേശീയ കമ്പനിയായി തുടര്‍ന്നു.
കമ്പനിയുടെ കണക്കനുസരിച്ച് ഇതുവരെ നിര്‍മിച്ച 65 ശതമാനം റോള്‍സ് റോയ്‌സ് കാറുകളും നിരത്തുകളിലുണ്ടെന്നാണ് വ്യക്തമാക്കുന്നത്. അതായത് ഇതുവരെ നിര്‍മിച്ച പത്തില്‍ ആറു കാറുകളും ‘കണ്ടീഷന്‍’ ആണെന്ന്. 1980ല്‍ ബ്രിട്ടണിലുള്ള എന്‍ജിനീയറിംഗ് രംഗത്ത ദേശീയ കമ്പനി വിക്കേഴ്‌സ് റോള്‍സ് റോയ്‌സ് സ്വന്തമാക്കിയിരുന്നു. പിന്നീട് 1998ല്‍ ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു കമ്പനിയെ വാങ്ങുകയായിരുന്നു. ജര്‍മനിയിലുള്ള മറ്റൊരു പ്രമുഖ വാഹന നിര്‍മാതാവായ ഫോക്‌സ്‌വാഗണ്‍ ബിഎംഡബ്ല്യു നല്‍കുന്ന വിലയേക്കാള്‍ കൂടുതല്‍ നല്‍കാമെന്ന് അറിയിച്ചിരുന്നെങ്കിലും ബിഎംഡബ്ല്യുമായി റോള്‍സ് റോയ്‌സിനുള്ള സംയുക്ത വാണിജ്യങ്ങള്‍ കണക്കിലെടുത്ത് ഫോക്‌സ്‌വാഗന്റെ ഓഫര്‍ തള്ളുകയായിരുന്നു. ഏറ്റെടുപ്പിന് ശേഷം ബിഎംഡബ്ല്യു ഇംഗ്ലണ്ടിലെ ഗുഡ്‌വുഡില്‍ റോള്‍സ് റോയ്‌സ് ഫാക്ടറി ആരംഭിച്ചു.
ബിഎംഡബ്ല്യുവിന്റെ കീഴില്‍ റോള്‍സ് റോയ്‌സിന്റെ പുതിയ തലമുറ കാര്‍ എത്തുന്നത് 2003ലാണ്. റോള്‍സ് റോയ്‌സ് ഫാന്റം എന്ന പേരില്‍. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനമാണ് റോള്‍സിന്റെ മുഖമുദ്ര. ഏകദേശം 44,000 വ്യത്യസ്ത കളറുകളില്‍ നിന്ന് ഏത് കളര്‍ വേണം തങ്ങളുടെ റോള്‍സിനെന്ന് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. ഒരു ഫാന്റം നിര്‍മിക്കുന്നതിന് രണ്ട് മാസത്തോളം സമയമാണ് കമ്പനി എടുക്കുന്നത്. 200 ഓളം അലുമിനിയം സെക്ഷനുകളും 300ഓളം അലോയ് പാര്‍ട്ടുകളും കയ്യ് കൊണ്ട് വെല്‍ഡ് ചെയ്താണ് ഫാന്റം നിര്‍മിക്കുന്നത്.
highres-phantomimage13കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷം 4,063 റോള്‍സ് റോയ്‌സ് കാറുകള്‍ വില്‍പ്പന നടത്തിയെന്ന് കമ്പനി പ്രഖ്യാപിച്ചു. മാരുതി സുസുക്കിയുടെ ഒരു ദിവസത്തെ വില്‍പ്പനയാണ് ഇതെന്ന് ഓര്‍ക്കണം. അതുതന്നെയാണ് റോള്‍സ് റോയ്‌സിനെ മറ്റുള്ളവയില്‍ നിന്ന് മാറ്റുന്നതും. (വില്‍പ്പണ എണ്ണം വ്യക്തമാകുന്നതിനാണ് മാരുതിയും റോള്‍സും താരതമ്യപ്പെടുത്തിയിരിക്കുന്നത്. അല്ലെങ്കില്‍ നോ, നെവര്‍!)
ആദ്യ റോള്‍സ് റോയ്‌സിന്റെ വില്‍പ്പ 395 യൂറോയ്ക്കാണെന്നാണ് ചരിത്രം പറയുന്നത്. ഏകദേശം 29,000 രൂപ. ഇന്ന് ഒരു കാറിന്റെ വില ഒരു കോടി രൂപയ്ക്ക് മുകളിലാണ്.
റോള്‍സ് റോയ്‌സിന്റെ റേഡിയേറ്റര്‍ ഗ്രില്ലാണ് ഈ കാറിന് പ്രത്യേക ലുക്ക് നല്‍കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്. ഇത് പൂര്‍ണമായും കൈകൊണ്ടുമാത്രമാണ് നിര്‍മിക്കുന്നത്. അതായത് ഇതില്‍ ഒരു ഉപകരണത്തെയും കൈകടത്താന്‍ കമ്പനി സമ്മിതിക്കില്ലെന്നര്‍ത്ഥം. ഒരു ദിവസം മുഴുവനുമെടുത്താണ് ഒരു ജീവനക്കാരന്‍ റോള്‍സ് റോയ്‌സിന്റെ ഒരു റേഡിയേറ്റര്‍ നിര്‍മിക്കുന്നത്. ഇത് പോളിഷ് ചെയ്‌തെടുക്കാനാകട്ടെ കുറഞ്ഞത് അഞ്ച് മണിക്കൂറെങ്കിലുമെടുക്കും. 1974വരെ റോള്‍സ് റോയ്‌സ് ഈ റേഡിയേറ്റര്‍ ഗ്രില്‍ ട്രേഡ്മാര്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടില്ലായിരുന്നു.
ഒരു ഫാന്റം 6ന്റെ ബോഡി നിര്‍മിക്കാന്‍ മാത്രം 800 മണിക്കൂറാണ് എടുക്കുന്നതെന്ന് മറ്റൊരു പ്രത്യേകത. ഈ കാര്‍ നിര്‍മിക്കുന്നതും നിര്‍മാണ രീതിയുമാണ് ഇതിന്റെ പ്രത്യേക സവിശേഷത എന്ന് പറയാം. ഒന്നാം ലോക മഹായുദ്ധ സമയത്ത് തോക്കുകള്‍ നിര്‍മിച്ച ചരിത്രവും റോള്‍സ് റോയ്‌സിനുണ്ട്. ആധുനിക റോള്‍സ് റോയ്‌സുകളില്‍ ആഷ്ട്രെയ്ക്ക് പകരം സിഗററ്റ് എന്‍ഡാണ് പോലും.
റോള്‍സ് റോയ്‌സ് ബ്രേക്ക് ഡൗണായ ചരിത്രം എവിടെയങ്കിലും കേട്ടിട്ടുണ്ടോ. ഇല്ല കേള്‍ക്കാന്‍ സാധ്യതയില്ല. ബ്രേക്ക് ഡൗണ്‍ ആകുന്നതിന് പകരം ഫെയില്‍ ടു പ്രൊസീഡ് എന്നാണത്രെ പറയുക. റോള്‍സ് റോയ്‌സ് കാര്‍ നിര്‍മാണ ഫാക്ടറികളില്‍ എല്ലായിടത്തും തൂക്കിയിട്ടിരിക്കുന്ന നോട്ടീസുകളില്‍ ഇതിഹാസ കാറിനെ ഏറ്റവും വലിയ സവിശേഷതയാണ് നല്‍കിയിരിക്കുന്നത്. ബിവേര്‍ സൈലന്റ് കാര്‍സ്! അതായത് നിശബ്ദനായ കാറുകളെ പേടിക്കൂ എന്ന്!
2016-rolls-royce-ghost-series-ll-wheelസവിശേഷതകള്‍ തീരുന്നില്ല. പുത്തന്‍ തലമുറ റോള്‍സ് റോയ്‌സുകളുടെ എന്‍ജിനുകള്‍ ഇപ്പോഴും കൈകൊണ്ടാണ് നിര്‍മിക്കുന്നത് എന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടാനില്ല. 30 ഫ്രിഡ്ജുകള്‍ക്ക് സമാനമാണ് റോള്‍സിന്റെ സില്‍വര്‍ സ്പിരിറ്റ് മോഡലില്‍ നല്‍കിയിരിക്കുന്ന ശീതീകരണ സംവിധാനത്തിന്റെ ശേഷി.

ഈടു നില്‍ക്കാന്‍ വേണ്ടി നിര്‍മിക്കുന്നത്
റോള്‍സ് റോയ്‌സ് നിര്‍മിക്കുന്നത് ചില്ലറക്കാര്‍ക്കല്ലാത്തതിനാലും അതിന് അനുസരിച്ചും മുകളിലും വില ഈടാക്കുന്നതിനാലും റോള്‍സ് റോയ്‌സ് ഒരു കാര്‍ നിര്‍മിക്കുന്നത് അഞ്ചോ പത്തോ വര്‍ഷത്തേക്കല്ല. മറിച്ച്, പതിറ്റാണ്ടുകള്‍ക്കും അതിനപ്പുറത്തിനുമാണ്. പണ്ടൊക്കെ നമ്മുടെ നാട്ടില്‍ ആഢ്വത്തം അറിയിക്കുന്നതിന് മുറ്റത്ത് ആനയെ നിര്‍ത്തുമെന്ന് കേട്ടിട്ടുണ്ട്. ആനയില്ലാത്തവര്‍ ആനപ്പിണ്ഡമെങ്കിലും കൊണ്ടുവന്നിടുന്നത് ഏതോ ഒരു സിനിമയിലും കണ്ടിട്ടുണ്ട്.
റോള്‍സ് റോയ്‌സ് മുറ്റത്ത് കിടക്കുന്നത് പുതിയ കാല മുതലാളിമാര്‍ക്ക് യാത്ര എന്നതിലുപരി സമൂഹത്തില്‍ നല്‍കുന്ന അന്തസാണ്. അത്, കാലപ്പഴക്കം ചെന്നതായാലും ഈ വര്‍ഷം എത്തിയതായാലും റോള്‍സ് റോയ്‌സിന്റെ ഗുമ്മ് വേറെയാണ്. വേറെ ലെവലാണ്.
റോള്‍സ് റോയ്‌സ് കാറുകള്‍ എങ്ങനെ ഈട് നില്‍ക്കുന്നു എന്നതിന് ഉദാഹരണമാണ് ഇതുവരെ നിര്‍മിച്ച 65 ശതമാനം കാറുകളും നിരത്തിലുണ്ടെന്നത്. ഒരു വര്‍ഷം നാലായിരം കാറുകള്‍ എന്ന റെക്കോഡ് കഴിഞ്ഞ വര്‍ഷമാണ് കമ്പനി സ്ഥാപിച്ചതെന്ന് ഓര്‍ക്കണം.

ആരായാലും നോക്കിപ്പോകും
റോള്‍സ് റോയ്‌സ് നിരത്തിലൂടെ പോകുന്നത് ശ്രദ്ധച്ചിട്ടില്ലേ? ഇനി കാണുമ്പോള്‍ അതിന്റെ വീലുകള്‍ കൂടി ഒന്ന് ശ്രദ്ധിക്കണം. എന്താണ് വീലുകളുടെ പ്രത്യേകത? മെഴിസിഡസും ഔഡിയുമൊക്കെ പോകുമ്പോള്‍ ടയറുകളിലുള്ള കമ്പനിയുടെ ലോഗോ ടയറുകള്‍ തിരിയുന്നതിന് അനുസരിച്ച് തിരിയും. എന്നാല്‍, റോള്‍സ് റോയ്‌സിന്റെ ആര്‍ആര്‍ ബാഡ്ജ് തിരിയില്ല. ആര്‍ആര്‍ എന്നത് നിന്ന നില്‍പ്പില്‍ എവിടേക്കും തിരിയില്ല, പക്ഷേ, വീല്‍ തിരിയും! എല്ലാവരേയും പോലയല്ലല്ലോ റോള്‍സ് റോയ്‌സ്. ബോള്‍ബിയറിംഗ് ഉപയോഗിച്ചുള്ള സംവിധാനമാണ് റോള്‍സ് ഇതിന് ഒരുക്കിയിരിക്കുന്നത്.

നിശബ്ദനായിരിക്കൂ
യാത്രക്കാരുടെ കംഫര്‍ട്ട് എന്താണെന്ന് റോള്‍സ് റോയ്‌സ് എന്‍ജിനീയര്‍മാര്‍ക്ക് ആരും പഠിപ്പിച്ച് നല്‍കേണ്ട കാര്യമില്ല. നല്‍കുന്ന തുകയ്ക്ക് പരമാവധി കംഫര്‍ട്ട് അതാണ് റോള്‍സ് റോയസ്. നിരത്തിലൂടെ പോകുമ്പോള്‍ പുറത്തുള്ള ശബ്ദങ്ങളും മറ്റുള്ള ശബ്ദങ്ങളും യാത്രക്കാരനെ പെട്ടെന്ന് ക്ഷീണിതനാക്കുമെന്ന് റോള്‍സ് നിര്‍മാതാക്കള്‍ക്കറിയാം. കമ്പനിയുടെ കാര്‍ വാങ്ങുന്ന ഉപഭോക്താക്കളെ ക്ഷീണം എന്തെന്ന് അറിയിക്കുന്നത് റോള്‍സ് റോയ്‌സിന് ഇഷ്ടമല്ല. അതുകൊണ്ട് തന്നെ റോള്‍സ് റോയ്‌സ് കാറുകളുടെ ഏറ്റവും വലിയ സവിശേഷതയായി ചൂണ്ടിക്കാണിക്കുന്നത് കാറിനകത്തുള്ള നിശബ്ദ്തയാണ്. ഡാഷ്‌ബോര്‍ഡിലുള്ള ക്ലോക്കില്‍ നിന്നും വരുന്ന ടിക്ക് ടിക്ക് ശബ്ദമാണ് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതിയിലോടുന്ന റോള്‍സ് റോയ്‌സിനകത്തെ ഏറ്റവും വലിയ ശബ്ദം.

കൈപ്പണി
റോള്‍സ് റോയ്‌സിന്റെ എല്ലാ ഫാക്ടറികളിലുമായി ആകെയുള്ള നാല് റോബോട്ടുകള്‍ മാത്രമാണ്. ഇതിനര്‍ത്ഥം കാറിന്റെ ഒട്ടുമിക്ക ജോലികളും പൂര്‍ത്തിയാക്കുന്നത് കൈ കൊണ്ടാണ്. ഇത് റോയ്‌സിന് മാത്രം അവകാശപ്പെടാവുന്ന പ്രത്യേകതയാണ്. ഒട്ടുമിക്ക കമ്പനികളുടെയും കാറുകളിലുള്ള പിന്‍സ്ട്രിപ്പുകള്‍ സ്റ്റിക്കര്‍ പതിപ്പിച്ചാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുക. എന്നാല്‍ റോള്‍ റോയ്‌സ് അങ്ങനെയല്ല. അണ്ണാന്റെ രോമം ഉപയോഗിച്ച് നിര്‍മിച്ച ബ്രഷ് കൊണ്ടാണ് റോള്‍സ് റോയ്‌സില്‍ പിന്‍സ്ട്രിപ്പുകള്‍ പെയിന്റ് ചെയ്യുന്നത്. ഏകദേശം മൂന്ന് മണിക്കൂറാണ് ഒരു കാറിന്റെ പിന്‍സ്ട്രിപ്പ് വരയ്ക്കുന്നതിനെടുക്കുന്ന സമയം.

ഏറ്റവും മേന്മയുള്ള നിര്‍മാണ വസ്തുക്കള്‍
കാറിന്റെ ഇന്റീരിയര്‍ നിര്‍മാണത്തിനായി കാളയുടെ തുകലാണ് കമ്പനി ഉപയോഗിക്കുന്നത്. പ്രസവത്തിലൂടെയുണ്ടാകുന്ന സ്‌ട്രെച്ച് മാര്‍ക്കുകള്‍ ചൂണ്ടിക്കാട്ടി പശുവിന്റെ തോല്‍ ഒരിക്കലും റോള്‍സ് ഇതിന് ഉപയോഗിക്കില്ല. ഒരു കാറിന്റെ ഇന്റീരിയര്‍ തയാറാക്കുന്നതിനായി 17 ദിവസമാണ് എടുക്കുക. ഇതിനായി 11ഓളം കാളത്തോല്‍ ആവശ്യമായി വരുന്നു.

ഉപഭോക്താക്കളുടെ താല്‍പ്പര്യം
എല്ലാ റോള്‍സ് റോയ്‌സ് കാറുകളും പരസപര്യം വ്യത്യസ്തരായിരിക്കും. 44,000 ഓളം കളര്‍ ഷേഡുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുത്താല്‍ മൊത്തം കാര്‍ ഈ നിറത്തില്‍ കമ്പനി നിര്‍മിച്ച് നല്‍കും. പെയിന്റിംഗ് ജോലികളും റോള്‍സ് റോയ്‌സിനെ അപേക്ഷിച്ച് സങ്കീര്‍ണമാണ്. ഒരു റോള്‍സ് റോയ്‌സ് കാറിന്റെ പെയിന്റ് 45 കിലോഗ്രാമോളം തൂക്കമുണ്ടാകും. രണ്ട് ലെയറുകളിലായി നിറം ചാര്‍ത്തിയെത്തുന്ന റോള്‍സ് റോയ്‌സിന് ഇതുകൊണ്ടാണ് കണ്ണാടിത്തിളക്കം ലഭിക്കുന്നത്.

ഭൂതവും പ്രേതവും
റോള്‍സ് റോയ്‌സ് തങ്ങളുടെ കാറുകള്‍ക്ക് പേരിടുന്നത് ശ്രദ്ധിച്ചിട്ടില്ലേ. ഫാന്റം, ഗോസ്റ്റ്, ഡോണ്‍, റൈത്ത് എന്നിങ്ങനെ സ്പിരിറ്റുകളുടെ പേരാണ് ഇടുന്നത്. ഇവയെല്ലാം നിശബ്ദതയുടെ പ്രതീകങ്ങളായതിനാലാണത്രെ ഇവയ്ക്കും ആ പേര് കമ്പനിയിടുന്നത്.

logoമുറുകെ പിടിക്കുന്ന പൈതൃകം
റോള്‍സ് റോയ്‌സ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി ലോഗോയാണ് കമ്പനിയുടെ ഏറ്റവും വലിയ പൈതൃകം. നിര്‍മാണം തുടങ്ങിയ കാലം തൊട്ട് ഇത് കമ്പനി മുറുകെ പിടിക്കുന്നുണ്ട്. 1911 മുതല്‍ സ്പിരിറ്റ് ഓഫ് എക്സ്റ്റസി റോള്‍സ് റോയ്‌സിന്റെ ഭാഗ്യചിഹ്നമാണ്. ബിഎംഡബ്ല്യു കമ്പനിയെ വാങ്ങുന്ന സമയത്ത് ഈ ലോഗോ ഉപയോഗിക്കുന്നതിനായി മാത്രം 40 മില്ല്യന്‍ ഡോളര്‍ നല്‍കിയിട്ടുണ്ടെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. കാര്‍ ലോക്കാകുമ്പോള്‍ ഗ്രില്ലിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഈ ലോഗോ ഓട്ടോമാറ്റിക്കായി ഗ്രില്ലിന് അകത്തേക്ക് പോകും. റോള്‍സ് റോയ്‌സിന്റെ ആയതിനാല്‍ തന്നെ ഇത് മോഷണം പോകാതിരിക്കാന്‍ ഇതിലൂടെ സാധിക്കും.
സൂയിസൈഡ് ഡോറുകളും റോള്‍സ് റോയ്‌സില്‍ ഉപയോഗിക്കുന്നുണ്ട്. സാധാരണ ഡോറുകള്‍ തുറക്കുന്നതിന്റെ വിപരീതി ഭാഗത്ത് നിന്നും ഡോറുകള്‍ തുറക്കുന്നതാണ് ഇത്. വാഹനത്തില്‍ കയറുന്നതിനും ഇറങ്ങുന്നതിനും ഏറ്റവും സൗകര്യം ഈ രീതിയിലാണെന്നാണ് കമ്പനിയുടെ വാദം.

അതിരറ്റ ഓപ്ഷനുകള്‍
ഉപഭോക്താക്കളുടെ താല്‍പ്പര്യം അനുസരിച്ച് ചിന്തിക്കുന്നതിനേക്കാള്‍ ഓപ്ഷനുകള്‍ റോള്‍സ് റോയ്‌സിന് നല്‍കാന്‍ സാധിക്കും. സിഗരറ്റ് ഹ്യുമിഡിഫയര്‍, 24 കാരറ്റ് സ്വര്‍ണത്തില്‍ ലഭിക്കുന്ന സ്പിരിറ്റ് ഓഫ് എക്സ്റ്റസി, ഒപ്റ്റിക്കല്‍ ഫൈബര്‍ ലൈറ്റുകള്‍ ഉപയോഗിച്ചുള്ള സ്റ്റാര്‍ലൈറ്റ് അന്തരീക്ഷം, മിനി ബാര്‍, തുടങ്ങിയവയും റോള്‍സില്‍ ഒരുക്കിത്തരും.

Comments

comments

Categories: Auto, Trending
Tags: rolls royce