സോളാര്‍ റൂഫ്‌ടോപ്പ് പദ്ധതികളില്‍ അധികവും സ്വന്തമാക്കി റിന്യൂ പവര്‍

സോളാര്‍  റൂഫ്‌ടോപ്പ് പദ്ധതികളില്‍  അധികവും സ്വന്തമാക്കി റിന്യൂ പവര്‍

ന്യൂഡെല്‍ഹി: സോളാര്‍ റൂഫ്‌ടോപ്പ് പദ്ധതിക്കായി സോളാര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്ഇസിഐ) നടത്തിയ ലേലത്തില്‍ 49 മെഗാവാട്ടിന്റെ നിര്‍വഹണ ചുമതല സ്വന്തമാക്കി റിന്യൂ പവര്‍ മുന്നിലെത്തി. വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വിവിധ മാതൃകയിലുള്ള 500 മെഗാവാട്ട് സോളാര്‍ പദ്ധതിക്കുവേണ്ടിയാണ് എസ്ഇസിഐ ടെന്‍ഡര്‍ ക്ഷണിച്ചത്. ജാക്‌സണ്‍ എന്‍ജിനീയേഴ്‌സ് (16 മെഗാവാട്ട്), ഹീറോ സോളാര്‍ എനര്‍ജി (13.2 മെഗാവാട്ട്), പുരുഷോത്തം പ്രൊഫല്‍സ് (12.5 മെഗാവാട്ട്), ബോഷ് ലിമിറ്റഡ് (10.4 മെഗാവാട്ട്) എന്നിങ്ങനെയും മറ്റു പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള അര്‍ഹത നേടിയെടുത്തു. നൂറു കണക്കിന് സൗരോര്‍ജ്ജ ഉല്‍പ്പാദകരാണ് ടെണ്ടറുകള്‍ സമര്‍പ്പിച്ചത്.

സോളാര്‍ റൂഫ്‌ടോപ്പ് പദ്ധതികള്‍ക്കുവേണ്ടി ഏപ്രില്‍ അവസാനമാണ് എസ്ഇസിഐ ടെണ്ടര്‍ വിളിച്ചത്. ഇപ്പോഴത്തെ 500 മെഗാവാട്ടില്‍, 400 മെഗാവാട്ട് 25-500 കിലോവാട്ട് റേഞ്ചിലുള്ള വലിയ പദ്ധതികള്‍ക്കായിട്ടാണ് അനുവദിച്ചിരുന്നത്. 100 മെഗാവാട്ട് 25 കെവിക്ക് താഴെയുള്ള ചെറിയ പദ്ധതികള്‍ക്കും. 25 കിലോ വാട്ടിനു കീഴിലെ ചെറിയ പ്ലാന്റുകളുടെ വിഭാഗത്തില്‍ 142.2 മെഗാവാട്ടു വരെ ലേലത്തില്‍ പോയി. ഈ വിഭാഗത്തില്‍ 100 മെഗാവാട്ടുവരെ മാത്രമേ എസ്ഇസിഐ പ്രതീക്ഷിച്ചിരുന്നുള്ളു. കാപെക്‌സ് മോഡലിനു കീഴിലെ 200 മെഗാവാട്ടില്‍ 193.6 മെഗാവാട്ടും ലേലത്തില്‍ പോയി. റെസ്‌കോ മോഡലിലെ 200 മെഗാവാട്ടിന്റെ പദ്ധതികളില്‍ 97.65 മെഗാവാട്ടിന് മാത്രമേ ആവശ്യക്കാരുണ്ടായുള്ളു. വലിയ സോളാര്‍ ഡെവലപ്പര്‍മാരില്‍ റിന്യൂ പവര്‍ മാത്രം റെസ്‌കോ മോഡലിനായി അതീവ താല്‍പര്യം കാട്ടി.
കാപെക്‌സ് മാതൃകയ്ക്ക് കീഴില്‍ റൂഫ്‌ടോപ്പിന്റെയും സോളാര്‍ പ്ലാന്റിന്റെയും ഉടമ ഒരാള്‍ തന്നെയായിരിക്കും. ഡെവലപ്പര്‍മാര്‍ തന്നെ പ്ലാന്റുകള്‍ നിര്‍മിച്ച് അവരുടെ ഉടമസ്ഥതയ്ക്ക് കീഴില്‍ നിലനിര്‍ത്തുകയും ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവിനനുസരിച്ച് പ്ലാന്റ് സ്ഥാപിക്കാന്‍ സ്ഥലം നല്‍കിയയാള്‍ക്ക് താരിഫ് കൊടുക്കുകയും ചെയ്യുന്ന രീതിയാണ് റെസ്‌കോ. 25 കെവി സബ് പ്രൊജക്റ്റുകളെല്ലാം കാപെക്‌സ് മാതൃകയ്ക്ക് കീഴിലുള്ളവയാണ്. കാപെക്‌സ് സോളാര്‍ പദ്ധതികള്‍ക്ക് മിക്ക സംസ്ഥാനങ്ങളിലും 30 ശതമാനം സബ്‌സിഡിക്ക് അര്‍ഹതയുണ്ട്. ഇത്തരം പദ്ധതികള്‍ക്ക് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ തുടങ്ങിയ ഇടങ്ങളില്‍ 70 ശതമാനം വരെയും സബ്‌സിഡി നല്‍കിവരുന്നു. എസ്ഇസിഐ അംഗീകരിച്ച ടെണ്ടറുകള്‍ പ്രകാരം
വലിയ കാപെക്‌സ് മോഡലിന് കീഴില്‍ വടക്കന്‍ സംസ്ഥാനങ്ങള്‍ 79.7 മെഗാവാട്ടിന്റെ പദ്ധതി നടപ്പാക്കും. അതേസമയം, പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ 44.5 മെഗാവാട്ടും തെക്കന്‍ സംസ്ഥാനങ്ങള്‍ 38.9 മെഗാവാട്ടും മാത്രമേ സ്ഥാപിക്കുകയുള്ളൂ. ചെറിയ കാപെക്‌സ് മോഡലിന് കീഴില്‍ വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 68.05 മെഗാവാട്ടും പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്ക് 29.39 മെഗാവാട്ടും തെക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 24.78 മെഗാവാട്ടും ലഭ്യമാകും. റെസ്‌കോ മോഡലിന് കീഴില്‍ വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 41.75 മെഗാവാട്ടും പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്ക് 26.4 മെഗാവാട്ടും തെക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 20.1 മെഗാവാട്ടും അനുവദിച്ചിട്ടുണ്ട്.

Comments

comments

Categories: Branding