ബിജെപി എംപിമാരും എംഎല്‍എമാരും ബാങ്കിടപാടുകള്‍ പാര്‍ട്ടിയെ അറിയിക്കണം: മോദി

ബിജെപി എംപിമാരും എംഎല്‍എമാരും ബാങ്കിടപാടുകള്‍ പാര്‍ട്ടിയെ അറിയിക്കണം: മോദി

 
ന്യൂഡെല്‍ഹി : നവംബര്‍ 8നും ഡിസംബര്‍ 31നും ഇടയ്ക്കുള്ള തങ്ങളുടെ ഇടപാടുകള്‍ സംബന്ധിച്ച ബാങ്ക് എക്കൗണ്ട് വിശദാംശങ്ങള്‍ ബിജെപി എംപിമാരും എംഎല്‍എമാരും പാര്‍ട്ടിക്ക് സമര്‍പ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു. 500രൂപ, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച നവംബര്‍ 8 മുതലുള്ള കണക്കാണ് ജനുവരി ഒന്നിന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് കൈമാറേണ്ടത്. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോദിയുടെ നിര്‍ദേശം വന്നത്. നോട്ടുകള്‍ അസാധുവാക്കുന്ന കാര്യം ചില ബിജെപി നേതാക്കള്‍ക്ക് മുന്‍കൂട്ടി അറിയാമായിരുന്നുവെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപണമുന്നയിച്ചിരുന്നു.

ആദായ നികുതി നിയമത്തില്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന ഭേദഗതി കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്നതല്ലെന്നും പാവങ്ങളില്‍നിന്ന് കൊള്ളയടിച്ച പണം അവരുടെ തന്നെ ക്ഷേമത്തിന് വേണ്ടി വിനിയോഗിക്കുന്നതിന് ഉപകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കള്ളപ്പണത്തിനെതിരായ സര്‍ക്കാരിന്റെ പോരാട്ടത്തിന്റെ ഭാഗമാണ് ആദായ നികുതി നിയമ ഭേദഗതി ബില്ലെന്ന് മോദിയെ ഉദ്ധരിച്ച് പാര്‍ലമെന്ററികാര്യ മന്ത്രി എച്ച്എന്‍ അനന്തകുമാറും പറഞ്ഞു. ഈ പദ്ധതിപ്രകാരം നിക്ഷേപിക്കുന്ന കള്ളപ്പണത്തില്‍നിന്നുള്ള നികുതിയുടെ ഒരു ഭാഗം മറ്റു ക്ഷേമ പരിപാടികള്‍ക്കൊപ്പം വൈദ്യുതി, പാതകള്‍, ശൗചാലയങ്ങള്‍, വിദ്യാഭ്യാസം എന്നിവയ്ക്കായി ചെലവഴിക്കുമെന്നും മന്ത്രി അറിയിച്ചു.

ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്കായി എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിച്ച മോദി കറന്‍സി രഹിത ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിന് ആഹ്വാനം ചെയ്തു. തങ്ങളുടെ മണ്ഡലത്തിലെ വ്യാപാരികളെ കറന്‍സി രഹിത ഇടപാടുകളിലേക്ക് മാറുന്നതിന് പ്രേരിപ്പിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ യോഗത്തില്‍ എംപിമാരോട് നിര്‍ദേശിച്ചു.

നോട്ട് അസാധുവാക്കിയതിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ സമ്മേളനത്തിന്റെ ആദ്യ ദിനം മുതല്‍ തയാറാണെന്നും പ്രതിപക്ഷം സഹകരിക്കാത്തതാണ് പ്രശ്‌നമെന്നും അനന്തകുമാര്‍ പറഞ്ഞു. ചട്ടം 56 പ്രകാരം വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

Comments

comments

Categories: Slider, Top Stories