പേമെന്റ് ബാങ്കിന് നല്ല തുടക്കം

പേമെന്റ് ബാങ്കിന് നല്ല തുടക്കം

 

രാജസ്ഥാനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എയര്‍ടെല്‍ പേമെന്റ് ബാങ്ക് ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ 10,000ലധികം പേര്‍ എക്കൗണ്ട് തുറന്നത് ശുഭ സൂചനയാണ്. ബാങ്കിംഗ് സേവനങ്ങള്‍ എത്തിപ്പെടാത്ത ഗ്രാമങ്ങളില്‍ പേമെന്റ് ബാങ്കുകള്‍ക്ക് മികച്ച സാധ്യതയുണ്ടെന്നാണ് ഇത് കാണിക്കുന്നത്.
എക്കൗണ്ട് തുറന്നവരില്‍ കൂടുതല്‍ പേരും അര്‍ധനഗരപ്രദേശങ്ങളില്‍ നിന്നും ഗ്രാമപ്രദേശങ്ങളില്‍ നിന്നുമുള്ളവരാണെന്നതും ശ്രദ്ധേയമാണ്. രാജ്യത്ത് പ്രവര്‍ത്തനമാരംഭിക്കുന്ന ആദ്യ പേമെന്റ് ബാങ്കാണ് എയര്‍ടെലിന്റേത്. സേവിംഗ്‌സ് എക്കൗണ്ട് നിക്ഷേപത്തിന് രാജ്യത്തെ എറ്റവും ഉയര്‍ന്ന പലിശ നിരക്കാണ് ഇവര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതോടൊപ്പം ഒരു ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയും വാഗ്ദാനം ചെയ്തിരിക്കുന്നു.

രാജസ്ഥാനില്‍ 10,000 എയര്‍ടെല്‍ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ വഴിയാണ് പേമെന്റ് ബാങ്ക് സേവനമാരംഭിച്ചത്. ഓരോ ഔട്ട്‌ലെറ്റും ബാങ്കിംഗ് പോയ്ന്റ്‌സ് എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. രാജസ്ഥാനിലെ മൂന്നില്‍ രണ്ട് ഭാഗം ബാങ്കിംഗ് പോയ്ന്റുകളും സ്ഥിതിചെയ്യുന്നത് ഗ്രാമ പ്രദേശങ്ങളിലാണ്. ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്ത് 100,000 വ്യാപാരികളുടെ ശൃംഖല തീര്‍ക്കാനാണ് എയര്‍ടെല്‍ ബാങ്ക് പദ്ധതിയിടുന്നത്. എല്ലാ കടകളിലും എയര്‍ടെല്‍ ബാങ്ക് വഴിയുള്ള ഡിജിറ്റല്‍ പേമെന്റ് സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് വ്യാപാരികളില്‍ നിന്നും യാതൊരു വിധത്തിലുള്ള നിരക്കും ഈടാക്കില്ലെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നമായ കാഷ്‌ലെസ് സമ്പദ് വ്യവസ്ഥയ്ക്ക് പേമെന്റ് ബാങ്കുകള്‍ മികച്ച പിന്തുണയാകും നല്‍കുക. മുഴുവന്‍ ഇടപാടുകളും ഡിജിറ്റലാക്കി മാറ്റുകയെന്നത് ഇത്തരം ബാങ്കുകളിലൂടെ സാധാരണക്കാര്‍ക്ക് സാധ്യമായേക്കും. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഉള്‍പ്പെടെ നിരവധി കമ്പനികളുടെ പേമെന്റ് ബാങ്കുകള്‍ പ്രവര്‍ത്തനം തുടങ്ങാന്‍ തയാറെടുക്കുകയാണ്. ബാങ്കിംഗ് മേഖലയില്‍ വലിയ വിപ്ലവത്തിനായിരിക്കും ഇത് വഴിവെക്കുക.

Comments

comments

Categories: Editorial