ഒഹിയോ ആക്രമണത്തിനു മുന്‍പ് നവമാധ്യമത്തില്‍ യുഎസ് വിരുദ്ധ മുദ്രാവാക്യം കുറിച്ചു

ഒഹിയോ ആക്രമണത്തിനു മുന്‍പ് നവമാധ്യമത്തില്‍ യുഎസ് വിരുദ്ധ മുദ്രാവാക്യം കുറിച്ചു

വാഷിംഗ്ടണ്‍: ഒഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ആക്രമണം നടത്തുന്നതിനു മുന്‍പ് അക്രമി യുഎസ് വിരുദ്ധ മുദ്രാവാക്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പോസ്റ്റില്‍ അമേരിക്കന്‍ വംശജനായ അല്‍ഖ്വയ്ദ തീവ്രവാദിയും 2011ല്‍ കൊല്ലപ്പെടുകയും ചെയ്ത അല്‍ അവ്‌ലാക്കിയെ പ്രകീര്‍ത്തിക്കുന്ന പരാമര്‍ശങ്ങളുമുണ്ട്.
മറ്റ് രാജ്യങ്ങളില്‍, പ്രത്യേകിച്ച് മുസ്ലിം സമൂഹത്തില്‍ അമേരിക്ക ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് അക്രമി പോസ്റ്റിലൂടെ ആവശ്യപ്പെടുന്നുണ്ട്. ഞങ്ങള്‍ ദുര്‍ബലരല്ല. മുസ്ലിങ്ങള്‍ ഏകാംഗ രീതിയില്‍ ആക്രമണം നടത്തുന്നത് അവസാനിപ്പിക്കണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സമാധാനം സൃഷ്ടിക്കുക. മുസ്ലിങ്ങള്‍ക്കു സമാധാനം നല്‍കാന്‍ തയാറായില്ലെങ്കില്‍ നിങ്ങളെ ഉറങ്ങാന്‍ പോലും സമ്മതിക്കില്ലെന്നും വിദ്യാര്‍ഥികൂടിയായ അക്രമി അബ്ദുള്‍ റസാഖ് അലി അര്‍തന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
തിങ്കളാഴ്ചയാണ് അര്‍തന്‍ ക്യാംപസില്‍ കൂട്ടം കൂടിനിന്ന വിദ്യാര്‍ഥികളുടെ ഇടയിലേക്ക് കാര്‍ ഓടിച്ചു കയറ്റിയത്. തുടര്‍ന്നു കത്തി എടുത്ത് ആക്രമണം നടത്തുകയായിരുന്നു. 11 പേര്‍ക്ക് പരിക്കേറ്റു. അര്‍തന്‍ കൂടുതല്‍ ദുരന്തമുണ്ടാക്കുന്നതിനു മുന്‍പു പൊലീസ് ഇയാളെ വെടിവച്ചു കൊല്ലുകയായിരുന്നു. 2007ല്‍ സൊമാലിയയില്‍നിന്നും കുടുംബത്തോടൊപ്പം പലായനം ചെയ്തതാണ് അക്രമിയായ അര്‍തന്‍. ആദ്യം പാകിസ്ഥാനിലും പിന്നീട് 2014ല്‍ അമേരിക്കയിലേക്കും അര്‍തന്‍ കുടിയേറുകയായിരുന്നു.

Comments

comments

Categories: World