കാസ്‌ട്രോയുടെ നിര്യാണം: ഉത്തര കൊറിയയില്‍ മൂന്ന് ദിവസത്തെ ദുഖാചരണം

കാസ്‌ട്രോയുടെ നിര്യാണം: ഉത്തര കൊറിയയില്‍ മൂന്ന് ദിവസത്തെ ദുഖാചരണം

സോള്‍: ക്യൂബയുടെ വിപ്ലവനക്ഷത്രം ഫിദല്‍ കാസ്‌ട്രോ വിടവാങ്ങിയതിന്റെ വേദനയിലാണു ലോകം. ഉത്തര കൊറിയ ബുധനാഴ്ച വരെ മൂന്ന് ദിവസത്തെ ദുഖാചരണത്തിനാണ് ആഹ്വാനം ചെയ്തത്.
ഫിദലിന്റെ വിയോഗത്തില്‍ അനുശോചനം അറിയിക്കാന്‍ ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ക്യൂബന്‍ എംബസി സന്ദര്‍ശിച്ചു. മഹാനായ സഖാവിന്റെ വിയോഗത്തിന്റെ ദുഖം ഞങ്ങള്‍ അറിയുന്നതായി ജോങ് ഉന്‍ അനുശോചന പുസ്തകത്തില്‍ കുറിച്ചു. കാസ്‌ട്രോയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഉത്തര കൊറിയയുടെ നയതന്ത്ര പ്രതിനിധികളെ ഹവാനയിലേക്ക് അയയ്ക്കാനും ജോങ് ഉന്‍ തീരുമാനിച്ചു. 2004ല്‍ യാസര്‍ അരാഫത്ത് മരിച്ചതിനു ശേഷം ആദ്യമായിട്ടാണ് ഉത്തര കൊറിയ, ഒരു ലോക നേതാവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതെന്നു ജപ്പാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയ്‌ക്കെതിരേയുള്ള യുദ്ധത്തില്‍ ക്യൂബയോടൊപ്പം അണിചേര്‍ന്ന രാജ്യമാണ് ഉത്തര കൊറിയ. രണ്ട് രാജ്യങ്ങളിലും പിന്തുടരുന്നത് ഏകാധിപത്യ ഭരണശൈലിയാണ്. ഇത്തരം സമാനതകളാണ് രണ്ട് രാജ്യങ്ങളെയും തമ്മില്‍ അടുപ്പിച്ചത്. 1986ല്‍ ഫിദല്‍ കാസ്‌ട്രോ ഉത്തര കൊറിയ സന്ദര്‍ശിച്ചിരുന്നു.

Comments

comments

Categories: World