ന്യൂസിലാന്‍ഡിന് പരമ്പര

ന്യൂസിലാന്‍ഡിന് പരമ്പര

 

ഹാമില്‍ട്ടണ്‍: പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡിന് ജയം. 138 റണ്‍സിനായിരുന്നു ന്യൂസിലാന്‍ഡ് വിജയം നേടിയത്. സ്‌കോര്‍: ന്യൂസിലാന്‍ഡ്: 271-313/5, പാക്കിസ്ഥാന്‍: 216-230. മത്സര വിജയത്തോടെ രണ്ട് കളികളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലാന്‍ഡ് സമ്പൂര്‍ണ വിജയം സ്വന്തമാക്കി.

മത്സരത്തിന്റെ അവസാന ദിനത്തില്‍ 369 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന്‍ അപ്രതീക്ഷിതമായി 230 റണ്‍സിന് പുറത്താവുകയായിരുന്നു. ഒരു ഘട്ടത്തില്‍ മത്സരം സമനിലയിലാകുമെന്ന് തോന്നിപ്പിച്ചതിന് ശേഷമായിരുന്നു പാക്കിസ്ഥാന്റെ പതനം. 1985ന് ശേഷം പാക്കിസ്ഥാനെതിരെ ന്യൂസിലാന്‍ഡ് നേടുന്ന പരമ്പര വിജയം കൂടിയാണിത്.

അവസാന ദിനത്തില്‍, വിക്കറ്റ് നഷ്ടപ്പെടാതെ മൂന്ന് റണ്‍സ് എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ സന്ദര്‍ശകര്‍ക്ക് ഓപ്പണര്‍മാരായ സാമി അസ്‌ലവും ടീം ക്യാപ്റ്റന്‍ അസ്ഹര്‍ അലിയും മികച്ച തുടക്കമായിരുന്നു നല്‍കിയത്. ഒന്നാം വിക്കറ്റില്‍ അറുപത് ഓവര്‍ ബാറ്റ് ചെയ്ത ഇവര്‍ പാക്കിസ്ഥാന് വേണ്ടി കണ്ടെത്തിയത് 131 റണ്‍സായിരുന്നു.

അന്‍പത്തെട്ട് റണ്‍സെടുത്ത് നില്‍ക്കവെയായിരുന്നു അസ്ഹര്‍ അലിയെ സാന്റ്‌നര്‍ പറഞ്ഞയച്ചത്. താരങ്ങള്‍ ചായയ്ക്ക് പിരിയുമ്പോള്‍ പാക്കിസ്ഥാന്റെ സ്‌കോര്‍ ഒരു വിക്കറ്റിന് 158 റണ്‍സ് എന്ന നിലയിലായിരുന്നു. എന്നാല്‍, കളി പുനരാരംഭിച്ച് സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും പാക്കിസ്ഥാന് രണ്ടാം വിക്കറ്റ് നഷ്മായി.

സാന്റ്‌നറുടെ പന്തില്‍, പതിനാറ് റണ്‍സെടുത്ത ബാബര്‍ അസമാണ് പുറത്തായത്. തുടര്‍ന്ന് നിശ്ചിത ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി പാക്കിസ്ഥാന്‍ തകരുകയായിരുന്നു. 91 റണ്‍സെടുത്ത സാമി അസ്‌ലമാണ് പാക്കിസ്ഥാന്‍ നിരയിലെ ടോപ് സ്‌കോറര്‍. സാമി അസ്‌ലം, അസ്ഹര്‍ അലി എന്നിവരൊഴികെ മറ്റാര്‍ക്കും പാക്കിസ്ഥാന് വേണ്ടി ന്യൂസിലാന്‍ഡിന് മുന്നില്‍ ചെറുത്ത് നില്‍ക്കാന്‍ സാധിച്ചില്ല.

കളി അവസാനിക്കാന്‍ ഒന്‍പത് ഓവറുകള്‍ ബാക്കിനില്‍ക്കെ, ഏഴ് പന്തുകള്‍ക്കിടെ പാക്കിസ്ഥാന്റെ അവസാന മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ നീല്‍ വാഗ്‌നറാണ് ന്യൂസിലാന്‍ഡിന്റെ വിജയം അനായാസമാക്കിയത്. ടിം സൗത്തി, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ന്യൂസിലാന്‍ഡിന് വേണ്ടി രണ്ട് വിക്കറ്റുകള്‍ വീതവും നേടി. രണ്ട് ഇന്നിംഗ്‌സുകളിലുമായി എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയ ടിം സൗത്തിയാണ് കളിയിലെ താരം.

Comments

comments

Categories: Sports