പണ പ്രതിസന്ധി: ഹാന്‍ഡ്‌സെറ്റ് നിര്‍മാണം പകുതിയായി വെട്ടിക്കുറയ്ക്കുന്നു

പണ പ്രതിസന്ധി:  ഹാന്‍ഡ്‌സെറ്റ് നിര്‍മാണം പകുതിയായി വെട്ടിക്കുറയ്ക്കുന്നു

 

ന്യൂഡെല്‍ഹി: രാജ്യത്തെ മൊബീല്‍ഫോണ്‍ നിര്‍മാതാക്കള്‍ ഉല്‍പ്പാദനം പകുതിയായി കുറയ്ക്കാന്‍ പദ്ധതിയിടുന്നു. വലിയ മൂല്യമുള്ള കറന്‍സി നോട്ടുകള്‍ അസാധുവാക്കികൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു ശേഷം മൊബീല്‍ നിര്‍മാണ ഫാക്റ്ററികളിലുണ്ടായ ജീവനക്കാരുടെ കൊഴിഞ്ഞുപോക്കാണ് നിര്‍മാതാക്കളെ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. നോട്ട് പിന്‍വലിച്ചതോടെ മൊബീല്‍ ഫോണ്‍ വില്‍പ്പനയില്‍ ഇടിവുണ്ടായിട്ടുണ്ട്. ജനങ്ങള്‍ പണം ചെലവഴിക്കുന്നത് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമായി ചുരുക്കിയതാണ് ഇതിനു വഴിവെച്ചത്. ശമ്പളം നല്‍കുന്നതിനും പ്രതിസന്ധി നേരിടുന്നതോടെ നിരവധി ജീവനക്കാരുടെ കൂട്ടത്തോടെയുള്ള പിരിഞ്ഞുപോകലിനും പിരിച്ചുവിടലിനും ഈ മേഖല സാക്ഷ്യം വഹിക്കുകയാണ്.

പ്രാദേശിക ഉല്‍പ്പാദനം വര്‍ധിപ്പക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച മേക്ക് ഇന്‍ ഇന്ത്യ പ്രചാരണങ്ങള്‍ക്കേല്‍ക്കുന്ന വലിയ തിരിച്ചടി കൂടിയായിരിക്കും ഉല്‍പ്പാദനം പകുതിയായി കുറയ്ക്കാനുള്ള മൊബീല്‍ നിര്‍മാണ കമ്പനികളുടെ തീരുമാനം. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ ഉയര്‍ന്നുവന്ന നാല്‍പ്പത് പുതിയ ഹാന്‍ഡ്‌സെറ്റ് നിര്‍മാണ യൂണിറ്റുകളിലൂടെ രാജ്യത്ത് ഏകദേശം 1.2 ലക്ഷം തൊഴിലുകളാണ് നേരിട്ടും അല്ലാതെയുമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. നോട്ട് നിരോധനത്ത തുടര്‍ന്ന് ഇതില്‍ ഭൂരിഭാഗം വരുന്ന യൂണിറ്റുകളിലും തൊഴില്‍പ്രതിസന്ധി നേരിടുന്നതായാണ് വിവരം.
പാനാസോണിക്, മൈക്രോമാക്‌സ്, ഇന്റെക്‌സ്, ലാവ, കാര്‍ബണ്‍ തുടങ്ങിയ മൊബീല്‍ നിര്‍മാണ ബ്രാന്‍ഡുകളാണ് പ്രതിസന്ധി മറികടക്കുന്നതിനു വേണ്ടി ഉല്‍പ്പാദനം കുറയ്ക്കുന്ന കാര്യം പരിഗണിച്ചിട്ടുള്ളത്. മൊബീല്‍ നിര്‍മാണത്തിനാവശ്യമായ അനുബന്ധ ഡിവൈസുകളുടെ ഇറക്കുമതിയിലുണ്ടായ ഇടിവുകൂടി കണക്കിലെടുത്താണ് മൊബീല്‍ നിര്‍മാണ യൂണിറ്റുകളുടെ ഈ നീക്കം.

പാനാസോണിക്കിന്റെ നോയിഡ ഫാക്റ്ററിയിലെ ഉല്‍പ്പാദനം 25 ശതമാനം കുറയ്ക്കുമെന്നാണ് കമ്പനിയുടെ ഇന്ത്യ ബിസിനസ് മേധാവി പങ്കജ് റാണ അറിയിച്ചത്. പ്രാദേശിക വിതരണത്തിനും കയറ്റുമതിക്കുമായി ഏകദേശം 8,00,000 യൂണിറ്റ് ഡിവൈസുകളാണ് ഒരു മാസം കമ്പനി ഉല്‍പ്പാദിപ്പിച്ചിരുന്നത്. പ്രതിമാസം 2.5 മില്യണ്‍ യൂണിറ്റ് എന്ന കമ്പനിയുടെ ഉല്‍പ്പാദനശേഷി നേര്‍ പകുതിയായി കുറയ്ക്കുമെന്നാണ് മറ്റൊരു പ്രമുഖ ഇന്ത്യന്‍ മൊബീല്‍ ബ്രാന്‍ഡ് അറിയിച്ചത്. ഇതിനു പുറമെ കമ്പനിയുടെ 3,300 ഓളം വരുന്ന ഫാക്റ്ററി ജീവനക്കാരില്‍ നിന്നും 1,000 പേരെ താല്‍ക്കാലികമായി പിരിച്ചുവിടുന്നതിന് ആലോചിക്കുന്നതായും ബ്രാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഇതേ നിലയില്‍ മുന്നോട്ടു പോകുകയാണെങ്കില്‍ തൊഴിലാളികളുടെ ചെലവ് കമ്പനി്ക്ക് ബാധ്യതയായിരിക്കുമെന്ന ആശങ്കയും ഇവര്‍ പങ്കുവെച്ചു.

അടുത്ത കുറച്ച് ദിവസത്തിനുള്ളില്‍ ഡിവൈസുകളുടെ ഇറക്കുമതി വെട്ടിച്ചുരുക്കമെന്നാണ് ഇന്റെക്‌സും വ്യക്തമാക്കുന്നത്. വില്‍പ്പന 30-35 ശതമാനം വരെയായി കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നും ഇന്റെക്‌സ് വക്താവ് അറിയിച്ചു.

ഹാന്‍ഡ്‌സെറ്റ് നിര്‍മാണ കമ്പനികളുടെ ശരാശരി വരുമാനം നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു ശേഷം പകുതിയായി കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. രണ്ട് മൂന്ന് മാസത്തേക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങളെ സാമ്പത്തിക പരിഷ്‌കരണം കാര്യമായി ബാധിക്കുമെന്നും ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിനുള്ളില്‍ മൊബീല്‍ ഡിവൈസുകളുടെ ആവശ്യകത സാധരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്‍ഡസ്ട്രി അനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു.

Comments

comments

Categories: Business & Economy