ടീം ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ടീം ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

മൊഹാലി: ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ടീം ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. എട്ട് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിനെ ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 103 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ടീം ഇന്ത്യ 20.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മത്സരം പൂര്‍ത്തിയാക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ടീം ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.

വളരെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ടീം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ പാര്‍ത്ഥിവ് പട്ടേല്‍ പുറത്താകാതെ അര്‍ധ സെഞ്ച്വറി സ്വന്തമാക്കി. 54 പന്തുകളില്‍ നിന്നും ഒരു സിക്‌സും 11 ഫോറുകളും ഉള്‍പ്പെടെ 67 റണ്‍സാണ് പാര്‍ത്ഥിവ് പട്ടേല്‍ സ്‌കോര്‍ ചെയ്തത്. മുരളി വിജയ്, ചേതേശ്വര്‍ പൂജാര എന്നിവരുടെ വിക്കറ്റുകളാണ് ടീം ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്‌സില്‍ നഷ്ടമായത്.

ചേതേശ്വര്‍ പൂജാര 25 റണ്‍സ് നേടിയപ്പോള്‍ മുരളി വിജയ് പൂജ്യനായാണ് മടങ്ങിയത്. ടീം ഇന്ത്യ ലക്ഷ്യത്തിലെത്തുമ്പോള്‍ പാര്‍ത്ഥിവ് പട്ടേലിനൊപ്പം ആറ് റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് ക്രീസിലുണ്ടായിരുന്നത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് ബാറ്റിംഗ് 236 റണ്‍സില്‍ ഒതുങ്ങിയതോടെയാണ് ടീം ഇന്ത്യയ്ക്ക് ചെറിയ വിജയ ലക്ഷ്യം നിശ്ചയിക്കപ്പെട്ടത്.

മത്സരത്തിന്റെ നാലാം ദിനത്തില്‍ നാല് വിക്കറ്റിന് 78 റണ്‍സ് എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടര്‍ന്ന ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് അര്‍ധ സെഞ്ച്വറി നേടി. 179 പന്തുകളില്‍ ആറ് ബൗണ്ടറികളുടെ സഹായത്തോടെ 78 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. പുതുമുഖ താരം ഹസീബ് ഹമീദ് 59 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയും ചെയ്തു. ജോസ് ബട്‌ലര്‍ പതിനെട്ടും ക്രിസ് വോക്‌സ് 30 റണ്‍സും നേടി.

ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ക്യാപ്റ്റന്‍ അലൈസ്റ്റര്‍ കുക്ക് (12), ജോണി ബെയര്‍‌സ്റ്റോ (15), മൊയീന്‍ അലി (അഞ്ച്), ബെന്‍ സ്‌റ്റോക്‌സ് (അഞ്ച്) എന്നിവരായിരുന്നു ഇംഗ്ലണ്ട് നിരയില്‍ നിന്നും പുറത്തായത്. രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്ര അശ്വിന്റെയും രണ്ട് വിക്കറ്റുകള്‍ വീതം നേടിയ മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവരുടെയും ബൗളിംഗ് പ്രകടനമാണ് ടീം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.

മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ടീം ഇന്ത്യ 417 റണ്‍സായിരുന്നു നേടിയത്. മധ്യനിരയില്‍ ബാറ്റിംഗിനിറങ്ങിയ ആര്‍ അശ്വിന്‍ (72), രവീന്ദ്ര ജഡേജ (90), ജയന്ദ് യാദവ് (55) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ടീം ഇന്ത്യയുടെ സ്‌കോര്‍ 400ന് മുകളിലെത്തിച്ചത്. കരിയറിലെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു രവീന്ദ്ര ജഡേജയും ജയന്ദ് യാദവും മൊഹാലിയില്‍ പുറത്തെടുത്തത്.

ആദ്യ ഇന്നിംഗ്‌സില്‍ ടീം ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ വിരാട് കോഹ്‌ലിയും (62) ചേതേശ്വര്‍ പൂജാരയും അര്‍ധ സെഞ്ച്വറികള്‍ നേടി. പാര്‍ത്ഥിവ് പട്ടേല്‍ 41 റണ്‍സും നേടിയിരുന്നു. അതേസമയം, മലയാളി താരം കരുണ്‍ നായര്‍ക്കും (4), അജിങ്ക്യ രഹാനെയ്ക്കും തിളങ്ങാനായില്ല. ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനായി ആദില്‍ റാഷിദും മൂന്നും ബെന്‍ സ്റ്റോക്‌സ് രണ്ടും വിക്കറ്റുകള്‍ നേടി.

മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 283 റണ്‍സിനാണ് ഓള്‍ ഔട്ടായത്. കളിയുടെ രണ്ടാം ദിനത്തില്‍ എട്ട് വിക്കറ്റിന് 268 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന സന്ദര്‍ശകര്‍ക്ക് അന്നേ ദിവസം 15 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. ഇതിലൂടെ ഒന്നാം ഇന്നിംഗ്‌സില്‍ ടീം ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരെ 134 റണ്‍സിന്റെ ലീഡ് നേടാനും സാധിച്ചു.

ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് നിരയില്‍ ജോണി ബെയര്‍സ്‌റ്റോയ്ക്കും ജോസ് ബട്‌ലര്‍ക്കും മാത്രമാണ് തിളങ്ങാനായത്. ബെയര്‍സ്‌റ്റോ 89 റണ്‍സും ബട്‌ലര്‍ 43 റണ്‍സുമാണ് നേടിയത്. ആദ്യ ഇന്നിംഗ്‌സില്‍ ടീം ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും ഉമേഷ് യാദവ്, ജയന്ദ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

Comments

comments

Categories: Sports