വീണ്ടും ആവര്‍ത്തിക്കുമോ അറബ് വസന്തം

വീണ്ടും ആവര്‍ത്തിക്കുമോ അറബ് വസന്തം

2010 ഡിസംബര്‍ അവസാന ആഴ്ചയില്‍ ഈജിപ്റ്റ് മന്ത്രിസഭ, ദേശീയ യൂത്ത് സര്‍വേയുടെ പഠനഫലം ചര്‍ച്ച ചെയ്യുകയുണ്ടായി. അതില്‍ ഞെട്ടിക്കുന്ന ചില വസ്തുതകളാണു മന്ത്രിസഭാംഗങ്ങള്‍ക്കു കണ്ടെത്താനായത്. 18-29 വയസ് പ്രായമുള്ളവരില്‍ വെറും 16 ശതമാനമായിരുന്നു പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. സന്നദ്ധ സേവനത്തിനു തയാറാകുന്നവരാകട്ടെ രണ്ട് ശതമാനവും. ഈ കണക്ക് കണ്ട് ഞെട്ടിയ മന്ത്രിമാര്‍ രാജ്യത്തെ യുവതലമുറയുടെ ഉദാസീനമായ സമീപനത്തെ കുറ്റപ്പെടുത്തുകയുണ്ടായി. ഈ ചര്‍ച്ച കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോള്‍, അതായത് 2011-ല്‍ ഈജിപ്റ്റ് അപ്രതീക്ഷിതമായൊരു ഭരണമാറ്റത്തിനാണു സാക്ഷ്യം വഹിച്ചത്. രാജ്യത്തെ യുവജനങ്ങള്‍ തെരുവിലേക്ക് ഇരമ്പിയാര്‍ത്ത് വരികയും പ്രസിഡന്റായിരുന്ന ഹോസ്‌നി മുബാറക്കിനെ അധികാരഭ്രഷ്ടനാക്കുകയും ചെയ്തു.

ഈ വര്‍ഷം നവംബര്‍ 29ന് യുഎന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ അറബ് ഡെവലപ്‌മെന്റ് റിപ്പോര്‍ട്ടില്‍, രണ്ടാം അറബ് വസന്തത്തിനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നു സൂചിപ്പിക്കുന്നു.
നാല് അറബ് രാഷ്ട്രങ്ങളിലെ ഭരണാധികാരികളുടെ പതനത്തിനു കാരണമായ 2011ലെ അറബ് വസന്തം കഴിഞ്ഞ് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ രണ്ടാം അറബ് വസന്തത്തിനുള്ള എല്ലാ സാധ്യതയും തെളിഞ്ഞുവരുന്നുണ്ട്. രൂക്ഷമായ തൊഴിലില്ലായ്മയും വര്‍ധിച്ചുവരുന്ന അസമത്വങ്ങളുമാണ് അറബ് യുവജനങ്ങളെ നിരാശരാക്കുന്നത്.
ഭരണാധികാരികള്‍ ഇന്നും എതിരഭിപ്രായക്കാരോട് നിഷ്‌കരുണമായും ദയാരഹിതമായും പെരുമാറുന്നു. എതിരഭിപ്രായം ഉയര്‍ത്താനുള്ള കാരണം ഇതുവരെ അന്വേഷിക്കാനോ കേള്‍ക്കാനോ ഭരണാധികാരികള്‍ തയാറാകുന്നില്ല. ലോക ജനസംഖ്യയുടെ അഞ്ച് ശതമാനമാണ് അറബ് രാജ്യങ്ങളില്‍ വസിക്കുന്നതെങ്കിലും, 2014ലെ കണക്കുപ്രകാരം ആഗോളതലത്തില്‍ അരങ്ങേറിയ തീവ്രവാദത്തിനു നേതൃത്വം നല്‍കിയവരില്‍ 45 ശതമാനവും അറബ് രാജ്യങ്ങളില്‍നിന്നുള്ളവരാണെന്നു യുഎന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. യുദ്ധം, വിവിധ തലത്തില്‍ നടത്തിയ പോരാട്ടം തുടങ്ങിയവയില്‍പ്പെട്ടു മരിച്ചവരില്‍ 68 ശതമാനവും അറബ് വംശജരാണ്. സംഘര്‍ഷ സാധ്യതയില്‍പ്പെട്ട് 47 ശതമാനം പേര്‍ക്കു നാടും വീടും ഉപേക്ഷിക്കേണ്ടി വന്നു. അഭയാര്‍ഥികളില്‍ 58 ശതമാനവും അറബ് വംശജരാണെന്നത് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത.
15-29 വയസ് പ്രായമുള്ള അറബ് യുവാക്കളുടെ എണ്ണം ഇന്ന് 105 മില്യനാണ്. ഇതു ഓരോ ദിവസവും വര്‍ധിച്ചുവരുന്നുമുണ്ട്. എന്നാല്‍ അതോടൊപ്പം തൊഴിലില്ലായ്മ, പട്ടിണി, പ്രാന്തവത്കരണവും വര്‍ധിക്കുന്നുണ്ട്. യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 30 ശതമാനമാണ്. ഇത് ആഗോള തൊഴിലില്ലായ്മ നിരക്കായ 14 ശതമാനത്തിന്റെ ഇരട്ടിയാണെന്നു ഓര്‍ക്കേണ്ടതുണ്ട്. തൊഴിലിനായി ശ്രമിക്കുന്ന അറബ് യുവതികളില്‍ പകുതിയും പരാജയപ്പെടുകയും ചെയ്യുന്നുണ്ടെന്നു യുഎന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. അറബ് രാജ്യങ്ങളിലെ ഭരണനിര്‍വഹണത്തില്‍ പങ്കാളിയാകാന്‍ സാധാരണക്കാര്‍ക്ക് സാധിക്കുന്നില്ല. ഭരണം ഇപ്പോഴും വരേണ്യവിഭാഗത്തിന്റെ കൈവെള്ളയില്‍ ഒതുങ്ങുന്നു. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അറബ് ഭരണകൂട തലവന്മാര്‍ക്ക് കനത്ത ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമുണ്ട്. ഇതുകാരണം വികസനാവശ്യങ്ങള്‍ക്കായി ചെലവഴിക്കേണ്ട തുക ആയുധം സ്വരൂപിക്കാന്‍ മാറ്റിവയ്ക്കുകയാണ്.
അവിടെയുള്ള യുവജനങ്ങള്‍ ഇതില്‍ നിരാശരാണ്. അസമത്വം, വേര്‍തിരിവ്, അവഗണന തുടങ്ങിയവ അറബ് രാജ്യങ്ങളിലെ യുവാക്കള്‍ ഇന്നും അഭിമുഖീകരിക്കുന്നു. രാജ്യത്തിന്റെ പുരോഗതി കൈവരിക്കുമെന്നു ഭരണകൂടം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അവയെല്ലാം വെറും അധരവ്യായാമമായി അവശേഷിക്കുകയാണ്. ഇതു കാരണം ഭരണകൂടത്തോടും സ്ഥാപനങ്ങളോടും അവര്‍ക്കുള്ള പ്രതിബദ്ധതയും ഉത്തരവാദിത്വവും കുറഞ്ഞുവരുന്നതായും യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്.
അറബ് സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങളില്‍ അസ്വസ്ഥരാണു യുവജനങ്ങള്‍. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ഭരണകൂടത്തിനെതിരേ രോഷപ്രകടനം നടക്കാനുള്ള സാധ്യതയുണ്ടെന്നു യുഎന്‍ റിപ്പോര്‍ട്ട് പറയുന്നുണ്ട്. നോര്‍ത്ത് ആഫ്രിക്കയില്‍ ഇതു പോലെ അരങ്ങേറിയ കാര്യവും റിപ്പോര്‍ട്ട് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. അവിടെ 2001ലും 2006ലും 2011ലും ഭരണകൂടത്തിനെതിരേ പ്രക്ഷോഭം അരങ്ങേറുകയുണ്ടായി. ഓരോ തവണയും പ്രക്ഷോഭത്തിന്റെ തീവ്ര കൂടി വരികയുമുണ്ടായി. സമാനമാണ് അറബ് വസന്തത്തിന്റെ കാര്യവും. 2011ലാണ് അറബ് വസന്തം അരങ്ങേറിയത്. അന്നത്തെ സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അഞ്ച് വര്‍ഷം പിന്നിട്ടിട്ടും കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഭരണകൂടം ഇന്നും അപരിഷ്‌കൃതമായ രീതിയില്‍ തുടരുന്നു. തൊഴിലില്ലായ്മയും സാമൂഹിക സാമ്പത്തിക അസമത്വങ്ങള്‍ പഴയപോലെ നിലനില്‍ക്കുന്നു. ഇനിയൊരു അറബ് വസന്തം സംഭവിക്കുകയാണെങ്കില്‍ 2011നെക്കാളും തീവ്രതയുള്ളതായിരിക്കും അതെന്നു യുഎന്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ന് അറബ് മേഖല ഒട്ടേറെ മാറ്റങ്ങള്‍ക്കു വിധേയമാണ്. അവിടെ യുവാക്കള്‍ ഉന്നത വിദ്യാഭ്യാസമാര്‍ജ്ജിച്ചവരാണ്. ലോകത്ത് നടക്കുന്ന മാറ്റങ്ങള്‍ അവര്‍ മനസിലാക്കാന്‍ പ്രാപ്തി നേടി കഴിഞ്ഞു. സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റുമൊക്കെ വരുത്തിയ മാറ്റം അറബ് മേഖലയിലും പ്രകടമാണ്. എന്നാല്‍ ഭരണകൂടം ഇപ്പോഴും പഴഞ്ചന്‍ രീതിയാണ് പിന്തുടരുന്നത്. ഈയൊരു സാഹചര്യമാണ് രണ്ടാം അറബ് വസന്തത്തെ കുറിച്ച് ചിന്തിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതെന്നും യുഎന്‍ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

Comments

comments

Categories: World