നോട്ട് അസാധുവാക്കലും മാവോയിസ്റ്റുകളും

നോട്ട് അസാധുവാക്കലും  മാവോയിസ്റ്റുകളും

 

നോട്ടിന്റെ വിതരണത്തില്‍ കുറവുണ്ടായപ്പോള്‍ കശ്മീരിലെ വിഘടനവാദികളുടെ സംഘര്‍ഷത്തില്‍ അയവുവന്നെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിച്ചത്. കശ്മീരിലെ സംഘര്‍ഷങ്ങള്‍ പണം കൊടുത്തുണ്ടാക്കുന്നതാണെന്ന വാദം അത് ശക്തിപ്പെടുത്തുകയാണുണ്ടായത്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നോട്ട് അസാധുവാക്കല്‍ മാവോയിസ്റ്റ് മേഖലകളിലും കാര്യമായ ചലനമുണ്ടാക്കിയെന്നാണ്.
നോട്ട് അസാധുവാക്കലും സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും മാവോയിസ്റ്റ് മേഖലകളില്‍ മാറ്റമുണ്ടാക്കിയത് മികച്ച സൂചനയാണ്. കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ 564 മാവോയിസ്റ്റുകള്‍ കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഒരു മാസത്തിനിടെ ഇത്രയുമധികം മാവോയിസ്റ്റുകള്‍ കീഴടങ്ങുന്നത് ഇതാദ്യമായാണ്. ഒരു ദേശീയ ദിനപത്രത്തില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം നവംബര്‍ എട്ടിന് ശേഷം മാത്രം 469 മാവോയിസ്റ്റുകളാണ് കീഴടങ്ങിയിരിക്കുന്നത്. കീഴടങ്ങിയവരില്‍ 70 ശതമാനത്തിലധികവും ഒഡീഷയിലെ മാല്‍ക്കാന്‍ഗ്രി ജില്ലയിലാണ്. ഇവിടെയായിരുന്നു സുരക്ഷാ സേന കഴിഞ്ഞ മാസം 23 മാവോയിസ്റ്റുകളെ കൊന്നത്.

ആഭ്യന്തര വകുപ്പിന്റെ കണക്കു പ്രകാരം 2011നും 2016 നവംബറിനും ഇടയില്‍ ആയുധം ഉപേക്ഷിച്ചത് 3,766 മാവോയിസ്റ്റുകളാണ്. 2016ല്‍ മാത്രം 1,399 മാവോയിസ്റ്റുകള്‍ കീഴടങ്ങിയെന്നത് ശ്രദ്ധേയമാണ്. പണപ്രതിസന്ധി ഇവരെ ശരിക്കും ഉലച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അസാധുവാക്കിയ നോട്ടുകള്‍ മാറാന്‍ ഇവര്‍ക്ക് സാധിക്കില്ല. ആകെ പറ്റുന്നത് ഇവര്‍ വരുതിക്ക് നിര്‍ത്തുന്ന ബിസിനസുകാരിലൂടെയും ജനങ്ങളിലൂടെയും മറ്റും നോട്ടുകള്‍ മാറ്റിയെടുക്കുകയെന്നതാണ്. എന്നാല്‍ അതും ഒരു പരിധിക്കപ്പുറം നടക്കുന്നില്ലെന്നതിന്റെ തെളിവാണ് പുതിയ മാറ്റം. എന്തായാലും വിധ്വംസക പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവരെ നോട്ട് അസാധുവാക്കല്‍ ബാധിച്ചുതുടങ്ങിയെന്നത് വലിയ കാര്യമാണ്.

Comments

comments

Categories: Editorial