സാമ്പത്തിക തലസ്ഥാനം എന്ന പദവി മുംബൈക്ക് നഷ്ടമാകുന്നു; മറികടക്കുന്നത് ഡെല്‍ഹി

സാമ്പത്തിക തലസ്ഥാനം എന്ന പദവി മുംബൈക്ക് നഷ്ടമാകുന്നു; മറികടക്കുന്നത് ഡെല്‍ഹി

 
ന്യൂഡെല്‍ഹി : മുംബൈയെ പിന്തള്ളി ഡെല്‍ഹിയും ദേശീയ തലസ്ഥാന മേഖലയും ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായി മാറുന്നതായി റിപ്പോര്‍ട്ട്. ഡെല്‍ഹി, ഗുരുഗ്രാമം, ഫരീദാബാദ്, നോയ്ഡ, ഗാസിയാബാദ് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഡെല്‍ഹി എക്‌സ്റ്റെന്‍ഡഡ് അര്‍ബന്‍ അഗ്ലോമെറേഷന്‍ (ഇയുഎ) 370 ബില്യണ്‍ ഡോളര്‍ ജിഡിപിയോടെ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായി മാറിയതായി ഓക്‌സ്‌ഫോഡ് ഇക്ക്‌ണോമിക്‌സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രണ്ട് ബില്യണ്‍ ഡോളര്‍ ജിഡിപിയുടെ മാത്രം വ്യത്യാസത്തിലാണ് മുംബൈയുടെ പദവിക്ക് ഇളക്കം തട്ടിയത്. അതേസമയം താരതമ്യേന ചെറിയ ജനസംഖ്യയുള്ള മുംബൈ പ്രതിശീര്‍ഷ വരുമാനത്തില്‍ ഇപ്പോഴും ഡെല്‍ഹിയുടെ മുമ്പിലാണ്. ഭൗതിക അടിസ്ഥാന സൗകര്യ വികസനത്തിലുള്ള കുതിച്ചുചാട്ടമാണ് ഡെല്‍ഹിയെ പുതിയ പദവിയിലേക്ക് കൈപിടിച്ചുനടത്തിച്ചത്. വിപുലവും കാര്യക്ഷമവുമായ മെട്രോ റെയ്ല്‍ ശൃംഖല, സബര്‍ബന്‍ ട്രെയ്ന്‍ ശൃംഖല, നയരൂപീകരണ സംവിധാനങ്ങളുടെ സാമീപ്യം, മുന്തിയ വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളുടെ കടന്നുവരവ് തുടങ്ങിയവയാണ് ഡെല്‍ഹിക്ക് നേട്ടമായത്.

മുംബൈയിലെ ഉയര്‍ന്ന ജീവിതച്ചെലവുകളാണ് ഡെല്‍ഹിയെ സഹായിച്ച മറ്റൊരു പ്രധാന ഘടകം. മുംബൈയിലെ ഭൂമിയുടെയും റിയല്‍റ്റിയുടെയും ഉയര്‍ന്ന വില, വിദഗ്ധ തൊഴിലാളികള്‍ക്കുള്ള ചെലവ് എന്നിവ ബിസിനസ് കാര്യങ്ങള്‍ക്ക് ഡെല്‍ഹി ഉള്‍പ്പെടെയുള്ള മറ്റു നഗരങ്ങള്‍ കൂടുതല്‍ ആകര്‍ഷകമായി മാറുന്നതിനിടയാക്കി. സമീപത്തെ സര്‍വീസ് മാനുഫാക്ചറിംഗ് ഹബ്ബുകളായ ഹരിയാനയിലെ ഗുരുഗ്രാമം, ഉത്തര്‍ പ്രദേശിലെ നോയ്ഡ എന്നിവയും ഈ നേട്ടത്തില്‍ ഡെല്‍ഹിയെ പിന്തുണച്ചു.

അതേസമയം മുമ്പില്ലാത്തവിധമുള്ള അന്തരീക്ഷ മലിനീകരണം ഡെല്‍ഹിയുടെ ഈ നേട്ടത്തെ പിറകോട്ടുവലിക്കുന്നതാണ്. ഡെല്‍ഹിയില്‍ മെച്ചപ്പെട്ട നഗരാസൂത്രണം വേണമെന്ന ആവശ്യം ശക്തിപ്പെടുകയാണ്.

Comments

comments

Categories: Slider, Top Stories