ബ്രസീലിയന്‍ ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനം തകര്‍ന്നു

ബ്രസീലിയന്‍ ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനം തകര്‍ന്നു

 

 

ബൊഗോട്ടാ: ബ്രസീലിലെ ഒന്നാം ഡിവിഷന്‍ ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനം തകര്‍ന്നു വീണു. ഒന്നാം ഡിവിഷന്‍ ക്ലബായ ചാപ്‌കോയെന്‍സിന്റെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 81 യാത്രക്കാര്‍ ഉണ്ടായിരുന്നു. കൊളംബിയന്‍ നഗരമായ മെഡെല്ലിനിലെ എയര്‍പോര്‍ട്ടില്‍ ലാന്‍ഡിംഗിന് ശ്രമിക്കവെയാണ് വിമാനത്തിന് അപകടം സംഭവിച്ചത്.

കോപ സുഡോ അമേരിക്കന്‍ ടൂര്‍ണമെന്റില്‍ അത്‌ലറ്റിക്കോ നാസിലിനെതിരെയുള്ള ഫൈനല്‍ മത്സരത്തിനായി പോയതായിരുന്നു ചാപ്‌കോയെന്‍സ് ടീം. ബ്രസിലീയന്‍ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം പുറത്തെടുത്തതിനെ തുടര്‍ന്നാണ് ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ കോപ സുഡോയില്‍ പങ്കെടുക്കാന്‍ ചാപ്‌കോയെന്‍സിന് അവസരം ലഭിച്ചത്.

നിലവില്‍ ബ്രസീലിയന്‍ ദേശീയ ടീമില്‍ കളിക്കുന്ന താരങ്ങളാരും ഇല്ലായിരുന്നെങ്കിലും ബ്രസീലിന്റെ ജൂനിയര്‍ ടീമുകള്‍ക്കായി കളത്തിലിറങ്ങിയിട്ടുള്ളവര്‍ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് സൂചന. അതേസമയം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അപകടത്തില്‍ നിന്നും ആരും തന്നെ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നും മെഡെല്ലിന്‍ മേയര്‍ ഫെഡറിക്കോ ഗുറ്റിയേര്‍സ് അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന്, രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊളംബിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ധനം കുറഞ്ഞതാണ് അപകട കാരണമെന്നാണ് കരുതപ്പെടുന്നത്. ബൊളീവിയയില്‍ നിന്നും പുറപ്പെട്ട ലാമിയ എയര്‍ലൈന്‍സിന്റെ ആര്‍ജെ 85 എന്ന വിമാനം പ്രാദേശിക സമയം അര്‍ധ രാത്രിയോടടുത്തായിരുന്നു തകര്‍ന്നു വീണത്.

Comments

comments

Categories: World